പത്തനംതിട്ട: കേരള പുലയർ മഹാസഭ പത്തനംതിട്ട ജില്ലാ സമ്മേളനം മഹാസഭ രക്ഷാധികാരി കെ വിദ്യാധരൻ ഉദ്ഘാടനം ചെയ്തു. കരാർ നിയമനങ്ങൾ അവസാനിപ്പിച്ച് സ്ഥിരം നിയമനങ്ങൾ നടത്തുക, സ്വജനപക്ഷക്കാരെ നിയമിച്ച് ദളിത് സംവരണം അട്ടിമറിക്കുന്നതിൽ നിന്ന് കേന്ദ്ര – സംസ്ഥാന സർക്കാരുകൾ പിന്മാറുക, സ്ഥിരം നിയമനം ഉറപ്പുവരുത്തുക തുടങ്ങിയ ആകാശ്യങ്ങള്‍ സമ്മേളനം ഉന്നയിച്ചു. സർക്കാർ എയ്‌ഡഡ് സ്ഥാപനങ്ങളിൽ പഠിക്കുന്ന ദളിത് വിദ്യാർഥികളുടെ ഹോസ്റ്റൽഫീസും ലംപ്സം ഗ്രാൻഡും മാസങ്ങളായി മുടങ്ങിക്കിടക്കുകയാണ്. ഇതുമൂലം വിദ്യാർത്ഥികളുടെ കൊഴിഞ്ഞുപോക്ക് കൂടിവരികയാണ്. ലംപ്സം ഗ്രാൻഡും ഹോസ്റ്റൽഫീസും 3500 രൂപയിൽ നിന്നും 6500 വർദ്ധിപ്പിച്ച് ഓരോ മാസവും കൃത്യമായി കൊടുക്കാൻ സർക്കാർ ഇച്ഛാശക്തി കാണിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
പട്ടികജാതി പട്ടികവർഗ്ഗ പദ്ധതി വിഹിതത്തിൽ നിന്ന് യഥാക്രമം 500 കോടി രൂപയും 112 രൂപയും വെട്ടിക്കുറച്ച സർക്കാർ നടപടിയിൽ സമ്മേളനം പ്രതിഷേധം രേഖപ്പെടുത്തി. സമ്മേളനത്തില്‍ ജില്ലാ പ്രസിഡണ്ട് മന്ദിരം രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. കോഴഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സാലി ഫിലിപ്പ് എസ്എസ്എൽസി, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ കുട്ടികൾകളെ ചടങ്ങിൽ ആദരിക്കുകയും അവാർഡ് വിതരണം നടത്തുകയും ചെയ്തു. സി ഡബ്ല്യു സി ചെയർമാൻ സൂസമ്മ മാത്യു മോട്ടിവേഷൻ ക്ലാസും ലഹരിവിരുദ്ധ ക്ലാസും എടുത്തു. പഞ്ചായത്ത് മെമ്പർ ഗീതാ മുരളി, സെക്രട്ടറി സുരേഷ് ബാബു, അനിൽ കുമ്പനാട്, ജില്ലാ സെക്രട്ടറി സുരേന്ദ്രൻ ആറന്മുള, രഘുനാഥ് കടമ്മനിട്ട, സുരേഷ് മെഴുവേലി, രാജു ഉള്ളന്നൂർ, കെ ടി രാഘവൻ, ഇലന്തൂർ രാമചന്ദ്രൻ എന്നവർ സംസാരിച്ചു.