തിരുവനന്തപുരം: കേരളത്തില്‍ മഴ മുന്നറിയിപ്പില്‍ മാറ്റം. വടക്കന്‍ കേരളത്തില്‍ ശക്തമായ മഴ തുടരാന്‍ സാധ്യത. ഉച്ചയ്ക്ക് കാലാവസ്ഥാ വിഭാഗം പുറത്തിറക്കിയ പുതുക്കിയ വിവരമനുസരിച്ച് കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്. ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടുണ്ട്. കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് മഴയുടെ ശക്തി കുറയുമെങ്കിലും, ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയെ കരുതിയിരിക്കണം. കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായ മഴ പെയ്ത മലയോരമേഖലകളില്‍ അതീവജാഗ്രത തുടരണം.
തീരപ്രദേശങ്ങളിലും പ്രത്യേക ശ്രദ്ധ വേണം. മത്സ്യബന്ധനത്തിനുള്ള വിലക്ക് തുടരുകയാണ്. നാളെയും കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടുണ്ട്. അതേസമയം കണ്ണൂരില്‍ ഒറ്റപ്പെട്ട ശക്തമായ മഴ തുടരുകയാണ്. താഴ്ന്ന പ്രദേശങ്ങളില്‍ വെളളമിറങ്ങിയിട്ടില്ല. ഇരുനൂറോളം പേരാണ് ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നത്. പാനൂരില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ പതിനെട്ടുകാരനായി തെരച്ചില്‍ തുടരുകയാണ്.