തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷം ശക്തി പ്രാപിച്ച മഴ മുന്നറിയിപ്പില്‍ മാറ്റം. വിവിധ ഇടങ്ങളില്‍ ഇന്ന് വ്യാപക മഴയ്ക്ക് സാധ്യതയുണ്ട്. ഇന്നും നാളെയും ഏഴ് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വിഭാഗം യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട മുതല്‍ തൃശ്ശൂര്‍ വരെയും മലപ്പുറത്തുമാണ് യെല്ലോ അലര്‍ട്ട്. ബാക്കി ജില്ലകളില്‍ ഗ്രീന്‍ അലര്‍ട്ട് ആണ്. ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴ കിട്ടിയേക്കും.
അതേസമയം കേരള – കര്‍ണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 18-06-2023 മുതല്‍ 22-06-2023 വരെ: കേരള – കര്‍ണാടക തീരങ്ങളിലും ലക്ഷദ്വീപ് പ്രദേശത്തും മണിക്കൂറില്‍ 40 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യത. മേല്‍പ്പറഞ്ഞ തീയതിയിലും പ്രദേശത്തും മത്സ്യബന്ധനത്തിന് പോകുവാന്‍ പാടുള്ളതല്ല.