തിരുവനന്തപുരം: നീതി ആയോഗിന്റെ ആരോഗ്യ ക്ഷേമ സൂചികയിൽ കേരളം നാലാം സ്ഥാനത്ത്. കഴിഞ്ഞ കാലങ്ങളിലായി സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യുന്ന അശാസ്ത്രീയ പ്രവണതകളാണ് കേരളത്തിന് തിരിച്ചടിയായത്. നീതി ആയോഗ് റേറ്റിങിനായി കണക്കാക്കുന്ന 11 സൂചകങ്ങളിൽ അഞ്ചെണ്ണത്തിനും കേരളം ഒന്നാമത് എത്തിയെങ്കിലും രോഗ പ്രതിരോധം, വീടുകളിലെ പ്രസവം, ആശാസ്ത്രീയമായ ചികിത്സാ രീതികളുടെ വർധന എന്നിവയാണ് തിരിച്ചടിയായത്. സംസ്ഥാനത്തിന്റെ ആരോഗ്യ മേഖലയുടെ വളർച്ചയെ കുറിച്ച് വലിയ ചർച്ചകൾ പുരോഗമിക്കുന്നിതിനിടെ പുതിയ കണക്കുകൾ പുറത്തുവരുന്നത്. നീതി ആയോഗ് ആരോഗ്യ ക്ഷേമ സൂചിക (2023 -24) ൽ ദേശീയ ശരാശരിയെ മറികടന്ന് കേരളത്തിന്റെ സൂചിക 80 പിന്നിടുമ്പോഴും നാലാം സ്ഥാനമാണ് ലഭിച്ചത്. ഗുജറാത്താണ് ഒന്നാം (90) സ്ഥാനത്ത്. മഹാരാഷ്ട്ര, ഉത്തരാഖണ്ഡ് (84), ഹിമാചൽ പ്രദേശ് (83) സംസ്ഥാനങ്ങൾ കേരളത്തിന് മുന്നിലെത്തി.
കേരളത്തിനൊപ്പം കർണാടക നാലാം സ്ഥാനത്തുണ്ട്. ചത്തീസ്ഗഢും മധ്യപ്രദേശുമാണ് അവസാന സ്ഥാനങ്ങളിൽ (56 പോയിന്റ്). കേന്ദ്രഭരണ പ്രദേശങ്ങളിൽ 93 പോയിന്റുമായി ഡൽഹി ഒന്നാം സ്ഥാനത്തും, 89 പോയിന്റുമായി ചണ്ഡീഗഢ് രണ്ടാം സ്ഥാനത്തും എത്തി. 2018 മുതലാണ് കേരളത്തിൽ ആരോഗ്യ ക്ഷേമ സൂചിക തയ്യാറാക്കിത്തുടങ്ങിയത്. 2019-20 ൽ കേരളം പട്ടികയിൽ ഒന്നാമതെത്തി. 2020-21 ൽ (മൂന്നാം പതിപ്പ്), ആത്മഹത്യാ നിരക്ക്, അപകട മരണ നിരക്ക്, തനത് വിഹിതം ചെലവഴിക്കൽ തുടങ്ങിയ സൂചകങ്ങൾ ഉൾപ്പെടുക്കിയപ്പോൾ കേരളം 12-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടുകയും ചെയ്തിരുന്നു. മാതൃമരണ അനുപാതം, 5 വയസ്സിന് താഴെയുള്ളവരുടെ മരണനിരക്ക്, എച്ച്‌ഐവി അണുബാധ, ആയുർദൈർഘ്യം, ആരോഗ്യ പ്രവർത്തകരുടെ സാന്ദ്രത എന്നീ അഞ്ച് വിഭാഗങ്ങളിൽ കേരളം ഒന്നാം സ്ഥാനം നിലനിർത്തി.