തിരുവനന്തപുരം: ലോക പരിസ്ഥിതി ദിനത്തെ വരവേൽക്കാൻ ഒരുങ്ങി കേരളം. ഇത്തവണ വൃക്ഷവത്കരണത്തിനായി 65 ഇനം തൈകളാണ് വനംവകുപ്പിന്റെ നേതൃത്വത്തിൽ സജ്ജമാക്കിയിട്ടുള്ളത്. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് നടക്കുന്ന വനവഹോത്സവത്തിന്റെ ഭാഗമായി വൃക്ഷത്തൈകൾ വിതരണം ചെയ്യുന്നതാണ്. ജൂൺ 5 മുതൽ ജൂലൈ 7 വരെ ഒരു മാസക്കാലത്തോളമാണ് വനമഹോത്സവം ആചരിക്കുന്നത്. ഇക്കാലയളവിൽ വിതരണം ചെയ്യുന്നതിനായി 20,91,200 തൈകളാണ് തയ്യാറാക്കിയിരിക്കുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും, സർക്കാർ സ്ഥാപനങ്ങൾക്കും സൗജന്യമായാണ് വൃക്ഷത്തൈകൾ വിതരണം ചെയ്യുക.
റമ്പൂട്ടാൻ, കറിവേപ്പില, ഞാവൽ, ആര്യവേപ്പില, മാതളം, പ്ലാവ്, നെല്ലി, വാളൻപുളി, നാരകം, തേക്ക്, മാവ്, സപ്പോട്ട, ചെറുനാരകം, കണിക്കൊന്ന, കുടംപുളി, ചെമ്പകം, ഇലഞ്ഞി, മുരിങ്ങ, മുള, ഇലിപ്പ ടെക്കോമ, പൂവ തുടങ്ങിയ 65 ഓളം ഇനം വൃക്ഷത്തൈകളാണ് വികസിപ്പിച്ചെടുത്തിരിക്കുന്നത്. കാട്ട്-നാട്ടുമാവുകൾ സംരക്ഷിക്കുന്നതിനായി ‘നാട്ടുമാവും തണലും’ എന്ന പ്രത്യേക പദ്ധതി ആവിഷ്കരിച്ചിട്ടുണ്ട്. ഈ പദ്ധതിയുടെ ഭാഗമായി 14 സാമൂഹ്യ വനവൽക്കരണ ഡിവിഷനുകളിലും മാവിൻ തൈകൾ നടും. ഇതിനായി 17,070 മാവിൻ തൈകൾ വികസിപ്പിച്ചെടുത്തിട്ടുണ്ട്. കണ്ടൽ വന സംരക്ഷണ പദ്ധതിക്കായി 10 തീരദേശ ജില്ലകളിൽ 16,350 തൈകൾ നടുന്നതാണ്.