തിരുവനന്തപുരം : കേരള സവാരി പ്രവര്‍ത്തനം വൈകും. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഓണ്‍ലൈന്‍ ടാക്സി സര്‍വീസ് വൈകും. കേരള സവാരി ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാകാനുള്ള താമസമാണ് ഈ പ്രതിസന്ധിക്ക് കാരണം. ഇന്ന് ഉച്ചയോടെ ഗൂഗിള്‍ പ്ലേസ്റ്റോറില്‍ കേരള സവാരി ആപ്പ് ലഭ്യമാകും എന്നായിരുന്നു നേരത്തെ സര്‍ക്കാര്‍ പറഞ്ഞിരുന്നത്. പദ്ധതിയുടെ ആദ്യഘട്ടം തിരുവനന്തപുരത്താണ് നടപ്പാക്കുന്നത്. അത് വിലയിരുത്തിയ ശേഷം കൊല്ലം, എറണാകുളം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ എന്നീ നഗരസഭ പരിധികളിലും പദ്ധതി നടപ്പാക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചിരുന്നു.
കേരള സവാരിയിൽ സർക്കാർ നിശ്ചയിച്ചിട്ടുള്ള ഓട്ടോ ടാക്സി നിരക്കിനൊപ്പം എട്ട് ശതമാനം സർവീസ് ചാർജ്ജ് മാത്രമാണ് ഈടാക്കുക. മറ്റ് ഓൺലൈൻ ടാക്സി സർവീസുകളിൽ അത് 25 ശതമാനത്തിലും മുകളിലാണ്. സർവീസ് ചാർജായി ഈടാക്കുന്ന എട്ടുശതമാനം തുക പദ്ധതി നടത്തിപ്പിനും യാത്രക്കാർക്കും ഡ്രൈവർമാർക്കും പ്രമോഷണൽ ഇൻസെന്‍റിവ്‌സ് നൽകുന്നതിനും മറ്റുമായി ഉപയോഗപ്പെടുത്തും. നിലവിലെ ഓൺലൈൻ ടാക്‌സി സംവിധാനങ്ങളിലെല്ലാം മോട്ടോർ തൊഴിലാളികൾക്ക് ലഭിക്കുന്ന നിരക്കും യാത്രക്കാരിൽ നിന്നും ഈടാക്കുന്ന നിരക്കും തമ്മിൽ 20 മുതൽ 30 ശതമാനം വരെ വ്യത്യാസമുണ്ട്.
തിരക്കുള്ള സമയങ്ങളിൽ കമ്പനികൾ സർവീസുകൾക്ക് ഒന്നര ഇരട്ടിവരെ ചാർജ്ജ് വർധിപ്പിക്കുന്ന സാഹചര്യവും നിലനിൽക്കുന്നു. കേരളസവാരിയിൽ അത്തരം നിരക്ക് വർധനവ് ഉണ്ടാവുകയില്ലെന്നും തൊഴിലാളികൾക്ക് ലഭിക്കേണ്ടുന്ന ന്യായമായ കൂലി അവർക്ക് ഉറപ്പാക്കുമെന്നും തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി നേരത്തെ വ്യക്തമാക്കിയിരുന്നു. കൃത്യമായ കാരണങ്ങളോടെ യാത്രക്കാരനും ഡ്രൈവർക്കും ബുക്കിംഗ് ക്യാൻസൽ ചെയ്യാം. അകാരണമായുള്ള ക്യാൻസലേഷന് ചെറിയ തുക ഫൈൻ നൽകേണ്ടിവരും.