കോട്ടയം: റബർ വില പതുക്കെ പതുക്കെ ഉയരുന്നത് റബ്ബര്‍ കര്‍ഷകര്‍ക്ക് ആശ്വാസമാകുന്നു. ആർഎസ്എസ് നാല് ഗ്രേഡിന് 163 രൂപയും ആർഎസ്എസ് അഞ്ച് ഗ്രേഡിന് 155 രൂപയുമാണ് നിരക്ക്. വിദേശവില ഉയർന്നുവരുന്ന സാഹചര്യത്തിൽ ഇന്നലെ 164 രൂപയ്ക്കു വരെ വ്യാപാരം നടന്നു.
വർഷങ്ങൾക്കുശേഷം വില 160 രൂപ കടന്നതോടെ പ്രമുഖ ടയർ കമ്പനികള്‍ കഴിഞ്ഞ ദിവസം മാർക്കറ്റിൽനിന്നു വിട്ടുനിന്നത് വ്യാപാരികൾക്ക് ആശങ്കയുളവാക്കി. വിദേശത്ത് ഇന്നലെ 183.43 രൂപയായി വില കയറിയിട്ടുണ്ട്. ഇന്നും നാളെയും കനത്ത മഴയുണ്ടാകുമെന്ന സൂചനയിൽ ഉത്പാദനം മെച്ചപ്പെടാനിടയില്ല. വിദേശത്തും റബർ ഉത്പാദനത്തിൽ മാന്ദ്യം തുടരുകയാണ്. കോവിഡ് ആശങ്ക മാറാത്തതിനാൽ തായ് ലാൻഡ്, വിയറ്റ്നാം, ഇന്തോനേഷ്യ എന്നിവിടങ്ങളിലെ വൻകിട തോട്ടങ്ങൾ ഇക്കൊല്ലം തുറന്നിട്ടില്ല. നിലവിലെ സാഹചര്യത്തിൽ ഈ തോട്ടങ്ങളിൽ അടുത്തവർഷം ജൂണിനു ശേഷമേ ടാപ്പിംഗ് പുനരാരംഭിക്കാനിടയുള്ളു. ഒരു മാസത്തെ മാന്ദ്യത്തിനുശേഷം ചൈന നന്നായി ചരക്ക് വാങ്ങിത്തുടങ്ങിയതായി വ്യാപാരവൃത്തങ്ങൾ പറഞ്ഞു