കേരളത്തിന്റെ പ്രകൃതിസൗന്ദര്യം ആസ്വദിക്കാൻ ഒക്ടോബർ മുതൽ മാർച്ച് വരെയുള്ള സമയമാണ് ബെസ്റ്റ്. ആ സമയമാണ് ഇപ്പോൾ. മൂന്നാറിലെ തേയിലത്തോട്ടങ്ങളും ആലപ്പുഴയിലെ കായൽ സൗന്ദര്യവും പച്ചപ്പും ഹരിതാഭയും നിറഞ്ഞ വനങ്ങളും കുന്നുകളും മലകളും നിറഞ്ഞ കേരളം കാണാൻ നവംബറിനേക്കാൾ മികച്ച സമയം വേറെയില്ല. നവംബർ എന്ന് കേൾക്കുമ്പോൾ തന്നെ മനസിലേക്ക് ഒരു തണുത്ത കാറ്റും കമ്പിളിപുതപ്പും കയറി വരും. കാരണം നവംബറിന് അത്ര ഭംഗിയാണ്. കേരളത്തിൽ യാത്ര ചെയ്യാൻ നവംബറിനോളം മനോഹരമായ മറ്റൊരു മാസമില്ല. ദൈവത്തിന്റെ സ്വന്തം നാട്ടിലെ തീരദേശങ്ങളും കുന്നും മലകളും തെങ്ങിൻതോപ്പുകളും ആസ്വദിക്കാം. നവംബറിൽ കേരളത്തിൽ കണ്ടിരിക്കേണ്ട ചില സ്ഥലങ്ങൾ ഇതാ.
കേരളത്തിൽ എത്തുന്ന സഞ്ചാരികൾക്ക് വളരെ ഇഷ്ടമുള്ള ഒരിടമാണ് കോവളം. തിരുവനന്തപുരം നഗരത്തിൽ നിന്ന് 14 കിലോമീറ്റർ ദൂരെയുള്ള കോവളത്തിലേക്ക് ബസിലും സഞ്ചാരികൾക്ക് എത്താം. നവംബർ മുതൽ മാർച്ച് വരെയുള്ള സമയമാണ് കോവളം സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം. ഈ കാലയളവിൽ നിരവധി ആഭ്യന്തര – രാജ്യാന്തര യാത്രികർ കോവളത്തേക്ക് എത്താറുണ്ട്. ബീച്ചിലെ ലൈറ്റ് ഹൗസും ഹവ്വാ ബീച്ചും പ്രധാന ആകർഷണങ്ങളാണ്. കോവളത്തിന് ചുറ്റുമുള്ള ബീച്ചുകളാണ് സഞ്ചാരികളെ ഇവിടേക്ക് ആകർഷിക്കുന്നത്. വിവിധ തരത്തിലുള്ള ഭക്ഷണങ്ങൾ കിട്ടുന്ന ഹോട്ടലുകളും താമസസൗകര്യങ്ങളും ഇവിടെ ലഭ്യമാണ്.
കായലും കടലും വയലും ഒരുപോലെ മാടിവിളിക്കുന്ന ആലപ്പുഴ
ആലപ്പുഴ എന്ന പേര് കേൾക്കുമ്പോൾ തന്നെ ഹൗസ് ബോട്ടുകളാണ് മനസിലേക്ക് ഓടിയെത്തുന്നത്. കിഴക്കിന്റെ വെനീസ് എന്നാണ് ആലപ്പുഴ അറിയപ്പെടുന്നത്. വെനീസിലെ പോലെ തലങ്ങും വിലങ്ങും ജലാശയങ്ങളും തോടുകളും കനാലുകളുമാണ് ആലപ്പുഴയിൽ. ജലാശയ ടൂറിസത്തിന് പ്രശസ്തിയാർജിച്ച ആലപ്പുഴയിൽ വിനോദസഞ്ചാരികൾ ഭൂരിഭാഗവും എത്തുന്നത് ഹൗസ് ബോട്ടുകളിൽ കയറാനാണ്. 2016ൽ ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നഗരമായി ആലപ്പുഴ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. കായലുകൾ മാത്രമല്ല കുട്ടനാട്ടിലെ നെൽവയലുകളും ആലപ്പുഴയുടെ പ്രത്യേകതയാണ്. കാടും മലയും വെള്ളച്ചാട്ടങ്ങളും നിറഞ്ഞ വയനാട് തിരക്കു നിറഞ്ഞ നഗരജീവിതത്തിൽ നിന്ന് മാറി പ്രകൃതിയുടെ മടിത്തട്ടിൽ അൽപനേരം ശാന്തമായി ഇരിക്കാൻ കൊതിക്കുന്നവർക്ക് പറ്റിയ ഇടമാണ് വയനാട്. നവംബറിലാണെങ്കിൽ നല്ല തണുപ്പും ഒപ്പം കോടമഞ്ഞും കൂടിയുണ്ടെങ്കിൽ സഞ്ചാരികൾക്ക് വയനാട്ടിൽ എത്തിയാൽ കിട്ടുന്നത് സ്വർഗം കിട്ടിയ സന്തോഷമായിരിക്കും.
സമുദ്രനിരപ്പിൽ നിന്ന് 1100 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന വാഗമണിൽ മൊട്ടക്കുന്നുകളും പൈൻമരക്കാടുകളും മാത്രമല്ല പാരാഗ്ലൈഡിങ്ങും വാഗമണിലേക്ക് സഞ്ചാരികളെ ആകർഷിക്കുന്ന പ്രധാന ഘടകമാണ്. കഴിഞ്ഞയിടെ ആരംഭിച്ച വാഗമണിലെ ഗ്ലാസ് ബ്രിഡ്ജും സഞ്ചാരികൾക്ക് കൗതുകം നൽകുന്ന കാഴ്ചയാണ്. വാഗമണിൽ നിന്ന് ഏകദേശം മൂന്നര മണിക്കൂർ യാത്ര ചെയ്താൽ മൂന്നാറിൽ എത്താം. വിദേശികളും സ്വദേശികളുമായ സഞ്ചാരികൾ എത്തുന്ന ഇടം. ഈ യാത്രയ്ക്കിടയിൽ കാണാൻ മാട്ടുപ്പെട്ടി ഡാമും വാഴച്ചാൽ വെള്ളച്ചാട്ടവും ഇടുക്കി ഡാമും രാമക്കൽമേടും അങ്ങനെ ഒത്തിരി ഒത്തിരി സ്ഥലങ്ങളുണ്ട്. മൂന്നാറിലെ തേയിലത്തോട്ടങ്ങൾ കാണുമ്പോൾ തന്നെ ഓരോ സഞ്ചാരിയുടെയും മനസ് നിറയും.
വർക്കലയിൽ ബീച്ച് മാത്രമല്ല ഒരു പിടി ചരിത്രങ്ങളുമുണ്ട്. വർക്കല എന്ന പേര് കേൾക്കുമ്പോൾ ബീച്ചും വർക്കല ക്ലിഫും ഒക്കെയായിരിക്കും മിക്കവരുടെയും മനസിലേക്ക് ഓടിയെത്തുക. എന്നാൽ ചിലരുടെ എങ്കിലും മനസിൽ വർക്കല എന്ന് കേൾക്കുമ്പോൾ ശിവഗിരിയും ശ്രീനാരായണ ഗുരുവും എത്തും. ശിവഗിരി തീർത്ഥാന കേന്ദ്രം വർക്കലയിലെ പ്രധാന ആകർഷണ കേന്ദ്രങ്ങളിൽ ഒന്നാണ്. ശ്രീനാരായണ ഗുരുവിന്റെ സമാധി സ്ഥലം കൂടിയാണ് വർക്കല. സ്വദേശികളും വിദേശികളുമായ നിരവധി സഞ്ചാരികളാണ് വർക്കലയിലേക്ക് എത്തുന്നത്. അതുകൊണ്ടു തന്നെ മികച്ച റിസോർട്ടുകളും സുഖചികിത്സാ കേന്ദ്രങ്ങളും ഇവിടെ ലഭ്യമാണ്.