തിരുവനന്തപുരം : വഞ്ചിയൂർ സബ് ട്രഷറി തട്ടിപ്പ് കേസിൽ പ്രതി ബിജുലാലിനെ പിടികൂടാനായില്ല. തമിഴ്നാട്ടിലേക്കു കടന്നെന്ന സൂചനയിൽ അന്വേഷണം ഊർജിതമാക്കിയതായി പ്രത്യേക സംഘം അറിയിച്ചു. കേസെടുത്ത് നാലു ദിവസമായിട്ടും ബിജുലാലിനെ പിടിക്കാൻ കഴിഞ്ഞിട്ടില്ല. ജില്ലാ ക്രൈംബ്രാഞ്ചിന്റെ പ്രത്യേക പോലീസ് സംഘത്തിനാണ് അന്വേഷണ ചുമതല. കേരള തമിഴ്നാട് അതിർത്തിയിലെ ബന്ധു വീട്ടിലേക്ക് ബിജുലാൽ കടന്നതായുള്ള സൂചന പോലീസിനു ലഭിച്ചു.
ഷാഡോ സംഘവും തിരച്ചിൽ നടത്തുകയാണ്. സബ്ട്രഷറിയിൽനിന്നു ശേഖരിച്ച ഹാർഡ് ഡിസ്ക്കുകൾ പരിശോധനക്കായി അയച്ചു. പരമാവധി തെളിവുകൾ ലഭിച്ചതായി പോലീസ് സംഘം അറിയിച്ചു. പോലീസ് നിരീക്ഷണത്തിലുള്ള രണ്ടാം പ്രതി സിമിയെ ഉടൻ അറസ്റ്റ് ചെയ്യില്ലെന്നും പോലീസ് അറിയിച്ചു.
ബിജുലാലിന്റെ ചോദ്യം ചെയ്യൽ പൂർത്തിയായതിനു ശേഷമേ സിമിയെ കേന്ദ്രീകരിച്ച് അന്വേഷണമുണ്ടാകൂ. അതേസമയം ബിജുലാലിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ കോടതി വിശദീകരണം തേടി. അന്വേഷണ സംഘം പത്ത് ദിവസത്തിനകം റിപ്പോർട്ട് നൽകണമെന്ന് തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി നിർദേശിച്ചു. ജാമ്യാപേക്ഷ ഈ മാസം 13ന് പരിഗണിക്കും.