തിരുവനന്തപുരം : കേന്ദ്ര സഹകരണ റജിസ്ട്രാറുടെ നിയന്ത്രണത്തിലുള്ള മൾട്ടി സ്റ്റേറ്റ് കോഓപ്പറേറ്റീവ് സൊസൈറ്റികളുടെ സാമ്പത്തികത്തട്ടിപ്പ് കേരളത്തിൽ തുടരെ ഉണ്ടായിട്ടും സംസ്ഥാന സർക്കാരിന് ഇടപെടാൻ കഴിയുന്നില്ല. 250 കോടി രൂപയുടെ നിക്ഷേപത്തട്ടിപ്പു നടന്നതായി ആരോപണം നേരിടുന്ന സതേൺ ഗ്രീൻ ഫാമിങ് ആൻഡ് മാർക്കറ്റിങ് മൾട്ടി സ്റ്റേറ്റ് കോഓപ്പറേറ്റീവ് സൊസൈറ്റി (ഫാം ഫെഡ്) ആണ് ഒടുവിലത്തെ ഉദാഹരണം. കണ്ണൂരിലെ മൾട്ടി സ്റ്റേറ്റ് സഹകരണ സംഘമായ ഇന്ത്യൻ കോഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റിയിലും നേരത്തേ ക്രമക്കേടുകൾ കണ്ടെത്തിയിരുന്നു. കേന്ദ്രനിയമത്തിനു കീഴിലുള്ള സംഘങ്ങളായതിനാൽ സംസ്ഥാന സഹകരണവകുപ്പിനു നിയന്ത്രിക്കാനാകാത്ത സ്ഥിതിയാണെന്നും ഇക്കാര്യത്തിൽ സുപ്രീംകോടതിയിൽ കേരളം നൽകിയ ഹർജിയിൽ അടിയന്തിരമായി വാദം കേൾക്കണമെന്ന് ആവശ്യപ്പെട്ടു റിട്ട് ഹർജി ഉടൻ നൽകുമെന്നും മന്ത്രി വി.എൻ.വാസവൻ പറഞ്ഞു.
സഹകരണം സംസ്ഥാന വിഷയമാണെന്നു കാട്ടി കേന്ദ്രത്തിനെതിരെ കേരളം നൽകിയ ഹർജിയിൽ ഇത്തരം സംഘങ്ങൾ സൃഷ്ടിക്കുന്ന പ്രശ്നങ്ങൾ വ്യക്തമാക്കിട്ടുണ്ട്. കേരളത്തിൽ സഹകരണസംഘങ്ങൾ റജിസ്റ്റർ ചെയ്യണമെങ്കിൽ സംസ്ഥാന സർക്കാരിന്റെ എൻഒസി വേണമെന്നതായിരുന്നു ആദ്യ വ്യവസ്ഥ. എന്നാൽ കേന്ദ്രത്തിന്റെ സഹകരണ നിയമം വന്നപ്പോൾ ഈ വ്യവസ്ഥ മാറ്റി. സംസ്ഥാനങ്ങൾ അവർക്കു താൽപര്യമില്ലാത്ത രാഷ്ട്രീയപാർട്ടികളുടെ സംഘങ്ങൾ റജിസ്റ്റർ ചെയ്യാൻ അനുവദിക്കുന്നില്ല എന്നതായിരുന്നു വ്യവസ്ഥ മാറ്റാൻ കാരണം. ഇതോടെയാണ് കേന്ദ്ര സഹകരണ റജിസ്ട്രാറുടെ അനുമതിയുമായി മൾട്ടി സ്റ്റേറ്റ് സൊസൈറ്റികളെത്തിയത്. ഇത്തരത്തിൽ 105 സംഘങ്ങൾ കേരളത്തിൽ തുടങ്ങി. ബാങ്കിങ് മേഖലയിലേക്കു നേരിട്ടു വരാനാകില്ല എന്നതു മാത്രമാണ് സംസ്ഥാനത്തിന് അനുകൂലമായ വ്യവസ്ഥ.