തിരുവനന്തപുരം: കേരള സര്‍വകലാശാല കലോത്സവത്തിന്റെ സമാപന സമ്മേളനം റദ്ദാക്കി. കലോത്സവത്തിനിടെ ഇരുവിഭാഗം വിദ്യാര്‍ത്ഥികള്‍ തമ്മില്‍ ഏറ്റുമുട്ടിയതിനെ തുടര്‍ന്ന് സംഘര്‍ഷാവസ്ഥ അയവില്ലാതെ തുടരുന്ന പശ്ചാത്തലത്തിലാണ് സമാപന സമ്മേളനം റദ്ദാക്കിയത്.
കാര്യവട്ടം ഗവണ്‍മെന്റ് കോളജില്‍ നടന്നുവരുന്ന കലോത്സവത്തിനിടെ യൂണിവേഴ്‌സിറ്റി കോളജ് വിദ്യാര്‍ത്ഥികളുമായി കാര്യവട്ടം കോളജിലെ വിദ്യാര്‍ത്ഥികള്‍ ഏറ്റുമുട്ടിയിരുന്നു. സംഘര്‍ഷത്തില്‍ കാര്യവട്ടം പോലീസ് കേസെടുത്തു. കലോത്സവത്തിനിടെ പരിപാടികളില്‍ പങ്കെടുക്കാനെത്തിയ എഐഎസ്‌എഫ് നേതാക്കളെ എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ മര്‍ദിച്ചുവെന്നാരോപിച്ച് എഐഎസ്‌എഫ് കഴക്കൂട്ടം പോലീസിന് പരാതി നല്‍കി.
കലോത്സവത്തില്‍ പങ്കെടുക്കാനെത്തിയ എഐഎസ്‌എഫ് ജില്ലാ സെക്രട്ടറിയേറ്റ് അംഗം ലീദ അശോകന്‍, കൊല്ലം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ശ്രീജിത്ത് സുദര്‍ശന്‍, ലോ അക്കാദമി യൂണിറ്റ് പ്രസിഡന്റ് ഫറൂക്ക് നിസാര്‍ എന്നിവര്‍ക്ക് നേരെ എസ്‌എഫ്‌ഐ അക്രമം നടത്തി എന്നാരോപിച്ചാണ് പരാതി. കലോത്സവത്തില്‍ മോണോ ആക്‌ട് മത്സരത്തില്‍ പങ്കെടുക്കാന്‍ ഇന്നലെ വൈകിട്ട് എത്തിച്ചേര്‍ന്ന അക്കാദമി വിദ്യാര്‍ത്ഥികളായ ഇവരെ എസ്‌എഫ്‌ഐ നെയ്യാറ്റിന്‍കര ഏര്യാ സെക്രട്ടറിയുടെ നേതൃത്വത്തില്‍ ആണ് അക്രമിച്ചതെന്ന് എഐഎസ്‌എഫ് ആരോപിച്ചു.