തിരുവനന്തപുരം : കേരള സര്‍വകലാശാലയില്‍ വീണ്ടും വന്‍ മാര്‍ക്ക് തട്ടിപ്പ്. സര്‍വകലാശാല പ്രൊ വൈസ് ചാന്‍സിലറുടെ അന്വേഷണത്തിലാണ് കണ്ടെത്തല്‍. കേരള സര്‍വകലാശാലയുടെ ബി എസ് സി പരീക്ഷയില്‍ 380 വിദ്യാര്‍ത്ഥികള്‍ക്ക് മാര്‍ക്ക് കൂട്ടി നല്‍കുകയും തോറ്റ 23 പേര്‍ക്ക് ബിരുദ സര്‍ട്ടിഫിക്കറ്റ് നല്‍കുകയും ചെയ്തതിനു പിന്നാലെ ബിഎസ് സി കമ്പ്യുട്ടര്‍ സയന്‍സ് ഡിഗ്രി പരീക്ഷയില്‍ വ്യാപകമായ തിരിമറി നടന്നതായാണ് കണ്ടെത്തല്‍.
ഒരു വിദ്യാര്‍ത്ഥിക്ക് മാര്‍ക്ക് കൂട്ടി നല്‍കിയതായി കണ്ടെത്തിയതിനെത്തുടര്‍ന്ന് പരീക്ഷ വിഭാഗത്തിലെ ഒരു സെക്ഷന്‍ ഓഫീസറെ കഴിഞ്ഞയാഴ്ച സസ്പെന്‍ഡ് ചെയ്തിരുന്നു. വിശദമായ അന്വേഷണത്തിന് പ്രൊ വൈസ് ചാന്‍സലറെ ചുമതലപ്പെടുത്തിയിരിക്കുകയാണ്. സസ്പെന്‍ഡിലായ ഉദ്യോഗസ്ഥന്‍ മറ്റു നൂറോളം വിദ്യാര്‍ത്ഥികളുടെ മാര്‍ക്ക് തിരുത്തിയതായി ആക്ഷേപങ്ങള്‍ നിലനില്‍ക്കെ യൂണിവേഴ്സിറ്റി അധികൃതര്‍ തിരിമറി രഹസ്യമായി സൂക്ഷിച്ചിരിക്കുകയാണ്. മാര്‍ക്ക് കൂട്ടി നല്‍കുന്നതിന് വിദ്യാര്‍ഥികളില്‍ നിന്ന് ചില ജീവനക്കാര്‍ വലിയ തുക പ്രതിഫലമായി കൈപ്പറ്റുന്നതായും ആക്ഷേപമുണ്ട്.
സര്‍വകലാശാല പരീക്ഷവിഭാഗത്തിലെ മറ്റു സെക്ഷനുകളിലും ഇതേ രീതിയില്‍ കമ്പ്യുട്ടര്‍ പാസ്‌വേഡ് ഉപയോഗിച്ച് വ്യാപകമായ രീതിയില്‍ മാര്‍ക്ക് തട്ടിപ്പ് നടക്കുന്നതായി ആക്ഷേപമുണ്ട്.