ന്യൂഡൽഹി: പിഎം ശ്രീ പദ്ധതിയിൽ കേരളം ഒപ്പുവെക്കാതെ കേന്ദ്രവിഹിതമായി സംസ്ഥാനത്തിന് കിട്ടേണ്ട 1500.27 കോടി നൽകില്ലെന്ന് കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ. വെള്ളിയാഴ്ച സംസ്ഥാന വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് മന്ത്രി ധർമേന്ദ്രപ്രധാൻ ഇക്കാര്യം വ്യക്തമാക്കിയത്. കൂടിക്കാഴ്ച സൗഹാർദപരമായിരുന്നെങ്കിലും കാര്യങ്ങളൊന്നും നടന്നില്ലെന്ന് മന്ത്രി ശിവൻകുട്ടി മാധ്യമങ്ങളോട് പറഞ്ഞു. പദ്ധതിയിൽ രാവിലെ ഒപ്പുവെച്ചാൽ വൈകിട്ട് ഫണ്ട് തരാമെന്ന നിലപാടാണ് മന്ത്രി സ്വീകരിച്ചതെന്നും ഇത് ഫെഡറൽ ജനാധിപത്യസംവിധാനത്തിന് നിരക്കാത്തതാണെന്നും ശിവൻകുട്ടി പറഞ്ഞു. ഫണ്ട് നിഷേധിക്കുന്നത് 2009-ലെ വിദ്യാഭ്യാസ അവകാശനിയമത്തിലെ ഏഴാംവകുപ്പിന്റെ ലംഘനമാണെന്നാണ് കേരളത്തിന്റെ നിലപാട്.
ഇക്കാര്യം ചൂണ്ടിക്കാട്ടി കോടതിയെ സമീപിക്കുന്നതുൾപ്പെടെ കേരളം ആലോചിക്കും. കേന്ദ്രമന്ത്രി നിലപാടറിയിച്ച സാഹചര്യത്തിൽ മുഖ്യമന്ത്രിയുമായി ചർച്ചചെയ്ത് തുടർനടപടികളെടുക്കുമെന്ന് മന്ത്രി ശിവൻകുട്ടി അറിയിച്ചു. കേരളത്തിന് പുറമേ തമിഴ്‌നാടും ബംഗാളുമാണ് പദ്ധതിയിൽ ഒപ്പുവെക്കാത്തത്. തുടർനടപടിക്കാര്യത്തിൽ തമിഴ്‌നാടുമായും കൂടിയാലോചിക്കും. 023-24ന്റെ രണ്ടാം പകുതിമുതൽ സമഗ്രശിക്ഷയ്ക്കുള്ള ഫണ്ട് കേരളത്തിന് ലഭിച്ചിട്ടില്ല. ദേശീയ വിദ്യാഭ്യാസനയം നടപ്പാക്കുന്നതിന് മുൻപ് ആഴത്തിലുള്ള ചർച്ചകൾ വേണം. കേരളത്തിന്റെ ഭരണഘടനാപരവും ഭാഷാപരവും സാമൂഹിക-സാംസ്‌കാരിക പശ്ചാത്തലവും കണക്കിലെടുക്കുമ്പോൾ ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ സമയമാവശ്യമാണ്. ഇതിന്റെ പേരിൽ കേന്ദ്രവിഹിതം തടയരുതെന്ന് കേന്ദ്രത്തോടാവശ്യപ്പെട്ടു.
സ്കൂളുകളിൽ പിഎം ശ്രീ എന്നെഴുതിയ ബോർഡ് പ്രദർശിപ്പിക്കുന്നതൊഴികെ പദ്ധതിയിലുൾപ്പെട്ട ഭൂരിഭാഗം നിർദേശങ്ങളും നടപ്പാക്കിയിട്ടുണ്ട്. പദ്ധതിയിലൊപ്പുവച്ചാൽ പ്രശ്നം തീരില്ലേയെന്ന ചോദ്യത്തിന്, ഒപ്പുവെക്കുന്നത് നയപരമായ പ്രശ്നമാണെന്നായിരുന്നു മന്ത്രിയുടെ മറുപടി. മുഖ്യമന്ത്രിയാണ് തീരുമാനമെടുക്കേണ്ടത്. ഉച്ചഭക്ഷണപദ്ധതിയിൽ കുക്ക് കം ഹെൽപ്പറുടെ ഓണറേറിയം 5000 രൂപയായി വർധിപ്പിക്കണമെന്നതടക്കം വിവിധ ആവശ്യങ്ങളടങ്ങിയ നിവേദനവും കേന്ദ്രമന്ത്രിക്ക് നൽകി. പിഎം ശ്രീ ഫണ്ട് ലഭിച്ചില്ലെങ്കിൽ സൗജന്യ യൂണിഫോം, പാഠപുസ്തകം, കോംപോ സ്കൂൾ ലൈബ്രറി ഗ്രാന്റ്, സ്പോർട്‌സ് ഗ്രാന്റ്, ഭിന്നശേഷി കുട്ടികൾക്കുള്ള ഗ്രാന്റുകൾ, പെൺകുട്ടികൾക്കുള്ള സ്റ്റൈപ്പെൻഡ്, ഭിന്നശേഷികുട്ടികൾക്കുള്ള മെഡിക്കൽ സഹായ ഉപകരണങ്ങളും തെറാപ്പി സേവനങ്ങളും, സമഗ്ര ഗുണമേന്മാ വിദ്യാഭ്യാസം, അധ്യാപക പരിശീലനം, ജീവനക്കാരുടെ ശമ്പളം തുടങ്ങി ഒട്ടേറെ പദ്ധതികളെ ബാധിക്കും.