തിരുവനന്തപുരം: തിരുവനന്തപുരം കഴക്കൂട്ടം കഠിനംകുളം പുത്തന്‍തോപ്പില്‍ പൊള്ളലേറ്റ് യുവതിയും മകനും മരണപ്പെട്ട സംഭവത്തില്‍ കേരള വനിതാ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു. കഠിനംകുളം പോലീസ് സ്റ്റേഷന്‍ പരിധിയില്‍പ്പെട്ട സംഭവത്തെക്കുറിച്ച് തിരുവനന്തപുരം റൂറല്‍ എസ്പിയോട് റിപ്പോര്‍ട്ടും തേടിയിട്ടുണ്ട്. യുവതിയും കുഞ്ഞും മരിച്ച സംഭവം കൊലപാതകമെന്നാണ് കുടുംബത്തിന്റെ ആരോപണം. നിരവധി തവണ ഭര്‍ത്താവ് യുവതിയെ മര്‍ദ്ദിച്ചിരുന്നുവെന്ന് പിതാവ് പ്രമോദ് പറയുന്നു.
പുത്തന്‍തോപ്പ് സ്വദേശി രാജു ജോസഫ് ടിന്‍സിലിയുടെ ഭാര്യ അഞ്ജുവും മകന്‍ ഡേവിഡും ആണ് കുളിമുറിയില്‍ പൊള്ളലേറ്റ് മരണപ്പെട്ടത്. അഞ്ജുവിനെ കുളിമുറിയില്‍ പൊള്ളലേറ്റു മരിച്ച നിലയില്‍ കഴിഞ്ഞ ദിവസമാണ് കണ്ടെത്തിയത്. കുഞ്ഞിനെ പൊള്ളലേറ്റ് അവശനിലയിലും കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ വെന്റിലേറ്ററില്‍ ചികിത്സയിലായിരുന്നു കുഞ്ഞ്. എന്നാല്‍ കഴിഞ്ഞ ദിവസം രാവിലെ കുഞ്ഞും മരണപ്പെടുകയായിരുന്നു. ചൊവ്വാഴ്ച വൈകീട്ട് 6.45 ഓടെയായിരുന്നു അമ്മയും കുഞ്ഞും കുളിമുറിയില്‍ കത്തിക്കരിഞ്ഞ നിലയില്‍ കാണപ്പെട്ടത്.