മെൽബൺ : എറണാകുളം ഇന്ദിരാഗാന്ധി കോ-ഓപ്പറേറ്റീവ് ആശുപത്രിയിലെ യൂറോളജിസ്റ്റ് ആലുവ ചെളിക്കുഴിയിൽ ഡോ.ഐ.സി. ബഞ്ചമിന്റെ മകൻ അമിത് ബഞ്ചമിൻ (അപ്പു 27) മെൽബണിലെ വസതിയിൽ മരിച്ച നിലയിൽ കാണപ്പെട്ടു. തിങ്കളാഴ്ച രാവിലെ പിതാവുമായി സംസാരിച്ചിരുന്നു.
എല്ലാ ദിവസവും മുടങ്ങാതെ വിളിച്ചിരുന്ന മകൻ ചൊവ്വയും ബുധനും വിളിക്കാതിരിക്കുകയും അങ്ങോട്ട് വിളിച്ചപ്പോൾ ഫോൺ എടുക്കാതിരിക്കുകയും ചെയ്തതിനെ തുടർന്ന് ഡോ.ബഞ്ചമിൻ മെൽബണിലുള്ള ബന്ധു മുഖേന പോലീസിൽ അറിയിക്കുകയായിരുന്നു.
പോലീസ് എത്തി വീട് തുറന്ന് പരിശോധിച്ചപ്പോൾ കിടക്കയിൽ മരിച്ചു കിടക്കുന്ന നിലയിലാണ് കാണപ്പെട്ടത്. മൃതദേഹം പോലീസ് നടപടികൾക്ക് ശേഷം മെൽബണിൽ സംസ്കരിക്കാനാണ് തീരുമാനം. മാതാവ് ഡോ.അനില ഏതാനും വർഷം മുമ്പാണ് മരിച്ചത്. ഏക മകനാണ് അമിത്. അവിവാഹിതനാണ്. മൾട്ടി മീഡിയ കോഴ്സ് പൂർത്തിയാക്കിയ അമിത് മെൽബണിൽ ജോലി ചെയ്യുകയായിരുന്നു.