Saturday, July 5, 2025 11:01 am

ബിജെപിയുടെ കുതന്ത്രങ്ങള്‍ മനസ്സിലാക്കാന്‍ കഴിവുള്ളവരാണ് കേരളത്തിലെ ജനങ്ങള്‍ : എം.എ ബേബി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കേരളത്തിലെ സിപിഐഎമ്മിനും ഇടതുപക്ഷത്തിനും എതിരായി നടക്കുന്ന ആസൂത്രിതവും സംഘടിതവുമായ ആക്രമണമത്തെ ചെറുക്കുക എന്നത് ജനാധിപത്യ വാദികളുടെ സുപ്രധാന കടമയാണെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി.

ഹിറ്റ്ലറിന്റെ ജര്‍മ്മനിയില്‍നിന്ന് ആവേശമുള്‍ക്കൊള്ള ണമെന്നും അത് മാതൃകയാക്കണമെന്നും വാദിച്ച ആര്‍ എസ്സ് എസ്സ് രൂപംകൊടുത്ത രാഷ്ട്രീയപ്പാര്‍ടിയാണ് ബിജെപി. അതിന്റെ അതീവ ഗുരുതരമായ ആപത്ത് തിരിച്ചറിഞ്ഞ് അതിനെതിരേ ഇന്ത്യയില്‍ രൂപപ്പെട്ടു വരുന്ന പ്രതിപക്ഷ ഐക്യത്തിന് സിപിഐഎം അടക്കമുള്ള ഇടതുപക്ഷം നല്കുന്ന പരമപ്രാധാന്യം ആര്‍ എസ് എസിനെ അസ്വസ്ഥമാക്കുന്നു. ഇത് ഇന്നത്തെ ഇന്ത്യയിലെ മുഖ്യ രാഷ്ട്രീയ പ്രമേയങ്ങളിലൊന്നാണ്. ഇപ്പോള്‍ ബിഹാറില്‍ നടക്കുന്ന തെരഞ്ഞെടുപ്പു നോക്കൂ, സിപിഐഎം അവിടെ വെറും നാലു സീറ്റില്‍ മത്സരിക്കുന്ന കക്ഷിയാണ്.

പക്ഷേ, രാഷ്ട്രീയ ജനതാ ദളിനെയും കോണ്‍ഗ്രസിനെയും സിപിഐഎംഎല്‍ അടക്കമുള്ള ഇടതുപക്ഷ കക്ഷികളെയും ഒരു മുന്നണിയാക്കുന്നതില്‍ വഹിച്ച പങ്ക് വലുതാണ്. ഇടതുപക്ഷപാര്‍ടികള്‍ , അതിന്റെ ഫലമായി 29 സീറ്റുകളില്‍ മല്‍സരിക്കുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പുകളിലൊന്നും സിപിഐഎംഎല്‍ ആര്‍ജെഡിയോടൊപ്പം മുന്നണിയായി മത്സരിച്ചിട്ടില്ല എന്നതില്‍ മാറ്റം വരുന്നത് നിസ്സാരമല്ല. സംഘപരിവാര രാഷ്ട്രീയത്തിനെതിരെ നില്ക്കുന്നവരുടെ ഐക്യം ഈ ഘട്ടത്തില്‍ നിര്‍ണായകമാണെന്ന ബോധ്യം എല്ലാ ഇടതു കക്ഷികളിലുമുണ്ടാക്കുന്നതില്‍ സിപിഐഎം വലിയ പങ്കു വഹിച്ചു. ബിഹാര്‍ തെരഞ്ഞെടുപ്പില്‍ ഇതു നിര്‍ണായകമാവാന്‍ പോവുകയാണ്. ഇടതുപക്ഷവുമായി മുന്നണിയായി മത്സരിച്ചപ്പോഴൊക്കെ ബിജെപി -ഇതര സര്‍ക്കാര്‍ ഉണ്ടാക്കാന്‍ ആര്‍ജെഡിക്ക് കഴിഞ്ഞിട്ടുണ്ട്.

ആര്‍ എസ് എസ് രാഷ്ട്രീയത്തിനെതിരെ ഇന്ത്യയില്‍ വിദ്യാര്‍ത്ഥികളും തൊഴിലാളികളും സ്ത്രീകളും ബുദ്ധിജീവികളും നടത്തിയ ചെറുത്തു നില്പുകള്‍ക്കെല്ലാം പിന്നില്‍ ഇടതുപക്ഷത്തിന്‍റെ പങ്ക് വലുതായിരുന്നു. നവംബര്‍ 26ന് തൊഴിലാളി -കര്‍ഷക സംഘടനകളുടെ നേതൃത്വത്തില്‍ നടക്കാന്‍ പോകുന്ന ദേശീയ സമരത്തോടെ ഈ പ്രക്ഷോഭത്തിനു പുതിയൊരു മാനം കൈവരികയും ചെയ്യും. അടുത്തു വരുന്ന കേരളം, പശ്ചിമ ബംഗാള്‍, തമിഴ്നാട്, അസം, പോണ്ടിച്ചേരി തെരഞ്ഞെടുപ്പുകളില്‍ ആര്‍ എസ് എസിന്‍റെ രാഷ്ട്രീയ പദ്ധതിക്കനുസരിച്ചുള്ള സര്‍ക്കാരുകള്‍ ഉണ്ടാകാതിരിക്കാനുള്ള മുന്‍കൈ എടുക്കുന്നതും സിപിഐഎം ആണ്. ബംഗാള്‍ കൈപ്പിടിയിലൊതുക്കുക എന്നതാണ് ആര്‍ എസ് എസിന്‍റെ ഉടനടിയുള്ള ലക്ഷ്യം. അതിനെതിരെ എന്തു വില കൊടുത്തും സിപിഐഎം പോരാടും. അതിനായി പാര്‍ലമെന്‍ററി രംഗത്ത് വലിയ വിട്ടുവീഴ്ചകള്‍ ചെയ്യാനും പാര്‍ടി ഒരുങ്ങുന്നു.

ഇത് ആര്‍ എസ് എസിനുണ്ടാക്കുന്ന അസ്വസ്ഥത ചെറുതല്ല. അവരുടെ ആസൂത്രണപ്രകാരം ബംഗാള്‍ അവരുടെ കയ്യിലൊതുങ്ങില്ല എന്ന് അവര്‍ക്ക് ദിനംപ്രതി വ്യക്തമാവുന്നു. തമിഴ്നാട്ടിലും അസമിലും പോണ്ടിച്ചേരിയിലും ഇടതുപക്ഷം അടങ്ങുന്ന ആര്‍ എസ് എസ് വിരുദ്ധ ചേരി ആണ് അധികാരത്തിലെത്തുക എന്നത് ഏറെക്കുറെ വ്യക്തമാണ്. കേരളം ഇപ്പോഴും അവരുടെ കൈയകലത്തിലല്ല. ഇന്ത്യയുടെ രാഷ്ട്രീയ രംഗത്ത് പരമാധികാരം നേടുക എന്ന ആര്‍ എസ് എസ് സ്വപ്നമാണ് ഇവിടെ പൊലിയുന്നത്. ഈ സാഹചര്യത്തിലാണ് കേന്ദ്ര സര്‍ക്കാരിന്‍റെ അന്വേഷണ ഏജന്‍സികളുടെ ഒരു തുടര്‍താണ്ഡവം ആര്‍ എസ് എസ് കേരളത്തില്‍ നടത്തിക്കുന്നത്. ഈ രാഷ്ട്രീയപ്രേരിത അന്വേഷണങ്ങളുടെ നിജസ്ഥിതി മനസ്സിലാക്കാന്‍ തക്ക വിവേകം ഉള്ളവരാണ് കേരളത്തിലെ ജനങ്ങള്‍.

ഒരു സ്വര്‍ണ കള്ളക്കടത്ത് സംബന്ധിച്ച അന്വേഷണമാണ് ഇവിടെ ആരംഭിച്ചത്. സ്വര്‍ണ്ണക്കടത്തുകേസ്സ് ഏതുകേന്ദ്ര ഏജന്‍സിയും അന്വേഷിക്കട്ടെയെന്ന് പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രി കത്തെഴുതിയത് പ്രസക്തമാണ് .എന്‍ ഐ എ അന്വേഷണത്തിന് ചുമതലപ്പെടുത്തപ്പെട്ടപ്പോള്‍കേരളത്തിലെ സര്‍ക്കാരും സിപിഐഎമ്മും സര്‍വാത്മനാ സ്വാഗതം ചെയ്തു. പക്ഷേ, കള്ളക്കടത്തു തടയുന്നതില്‍ പരാജയപ്പെട്ട കേന്ദ്ര സര്‍ക്കാരും അതിന്‍റെ അന്വേഷണ ഏജന്‍സികളും ദേശവിരുദ്ധമായ സാമ്പത്തികക്കുറ്റങ്ങള്‍ അന്വേഷിച്ചു കുറ്റക്കാരെ ശിക്ഷിക്കാനല്ല, ആര്‍ എസ് എസിന് രാഷ്ട്രീയ നേട്ടം ഉണ്ടാക്കാനായി ഈ അന്വേഷണങ്ങളെ എങ്ങനെ എങ്കിലും കേരള മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധിപ്പിക്കാമോ എന്നതു മാത്രമാണ് നോക്കിയത്. രാജ്യതാല്പര്യത്തിനെതിരെ സ്വാര്‍ത്ഥതാല്പര്യങ്ങള്‍ക്കായി നില്ക്കുന്ന ദേശവിരുദ്ധ ശക്തിയാണ് ആര്‍ എസ് എസ് എന്ന് ഇവിടെയും വ്യക്തമാവുന്നു. കേന്ദ്ര അന്വേഷണഏജന്‍സികളുടെ ദുഷ്ടലക്ഷ്യങ്ങള്‍ വെളിപ്പെട്ടു കഴിഞ്ഞു. അധമരാഷ്ട്രീയലക്ഷ്യങ്ങള്‍ ആണ് ഈ അന്വേഷണങ്ങള്‍ക്കു പിന്നില്‍, രാജ്യതാല്പര്യമല്ല.

കേരളത്തിലെ ചില ബൂര്‍ഷ്വാ മാധ്യമങ്ങള്‍ കമ്യൂണിസ്റ്റ് വിരുദ്ധജ്വരം കാരണം സിപിഐഎം വിരുദ്ധ നുണയുദ്ധത്തിന്‍റെ നടത്തിപ്പുകാരാകുന്നതാണ് കഴിഞ്ഞ കുറേ ദിവസമായി കാണുന്നത്. കേസിലെ പ്രതികള്‍ പറഞ്ഞതായി അന്വേഷണ ഏജന്‍സികള്‍ രഹസ്യമായി വെളിപ്പെടുത്തി എന്നു പറയപ്പെടുന്ന കഥകള്‍ വച്ചാണ് കഴിഞ്ഞ മൂന്നു മാസമായി സിപിഐഎം വിരുദ്ധ മസ്തിഷ്കപ്രക്ഷാളനത്തിനു ഇടതുപക്ഷ വിരുദ്ധ തിരക്കഥാകൃത്തുകള്‍ ശ്രമിക്കുന്നത്. ഏതെങ്കിലും ഉദ്യോഗസ്ഥരോ പാര്‍ടിക്കു പുറത്തുള്ള വ്യക്തികളോ തെറ്റായ കൂട്ടുകെട്ടില്‍ പെട്ടിട്ടുണ്ടെങ്കില്‍ അവരതിന്‍റെ ഭവിഷ്യത്ത് നേരിടുകതന്നെവേണം. ഇത് മുഖ്യമന്ത്രിയുടെ ഓഫീസില്‍ പ്രവര്‍ത്തിച്ചവര്‍ക്കും പാര്‍ട്ടി നേതൃത്വത്തിലുള്ളവരുടെ ഉറ്റബന്ധുക്കള്‍ക്കും ബാധകമാണ്.

പക്ഷേ, അതിന്‍റെ പേരില്‍ സിപിഐഎമ്മിനെ തകര്‍ത്തുകളയാം എന്ന് ആരും വ്യാമോഹിക്കണ്ട. അതിദീര്‍ഘമായ ജനാധിപത്യബന്ധമാണ് കേരളത്തിലെ ജനങ്ങളുമായി സിപിഐഎമ്മിനുള്ളത്. ഈ ബന്ധം ജനാധിത്യ-പുരോഗമന രാഷ്ട്രീയത്തിന്റെ ചട്ടങ്ങള്‍ക്കുള്ളിലായതിനാല്‍ തന്നെ അത് തകര്‍ത്തുകളയാന്‍ ആര്‍ എസ് എസിനാവില്ല. കേന്ദ്ര ഏജന്‍സികള്‍ രാഷ്ട്രീയലക്ഷ്യങ്ങള്‍ക്കായി ഉപയോഗിക്കപ്പെടുന്നതിനെ ഇന്ത്യയിലെ കോണ്‍ഗ്രസ് നേതൃത്വം ശക്തമായി എതിര്‍ത്തിട്ടുണ്ട്. കേന്ദ്ര കോണ്‍ഗ്രസ് നേതൃത്വവും കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ വേട്ടയാടലിന്‍റെ ഇരയാണ്. പക്ഷേ, സങ്കുചിത രാഷ്ട്രീയനേട്ടങ്ങള്‍ക്കായി കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം ആര്‍ എസ് എസുമായി പതിവുപോലെ ഒത്തുകളിയിലാണ്. ഈ അധമരാഷ്ട്രീയം കോണ്‍ഗ്രസിനെ രാഷ്ട്രീയ പ്രസക്തി ഇല്ലായ്മയിലെത്തിക്കും. കേരളത്തിലെന്തിനാണ് രണ്ടു ബിജെപി എന്ന ചോദ്യം കോണ്‍ഗ്രസുകാരില്‍ ഉയരും. അവരില്‍ മതേതരവാദികളായവര്‍ ഇടതുപക്ഷത്തേക്കും ഹിന്ദുത്വവാദികളായവര്‍ ബിജെപിയിലേക്കും പോകും.

2005 മുതല്‍ പശ്ചിമബംഗാളിലെ പാര്‍ടി ഇത്തരത്തിലുള്ള ആക്രമണം നേരിട്ടു. കോണ്‍ഗ്രസും ബിജെപിയും മാവോയിസ്റ്റുകളും ജമാ അത്തെ ഇസ്ലാമിയും ചിലഉപരിപ്ളവ ബുദ്ധിജീവികളും ചില വിദേശ ഏജന്‍സികളും മറ്റും ചേര്‍ന്ന് പാര്‍ടിക്കെതിരെ ഒരുമിച്ചു നിന്നു. ഈ വിശാല അണിനിരക്കലും പാര്‍ടിക്കുണ്ടായ ചിലവീഴ്ചകളും കൂടിച്ചേര്‍ന്ന് ബംഗാളിലെ പാര്‍ടിയെ ദുര്‍ബലപ്പെടുത്തി. പക്ഷേ, ബംഗാളിലെ പാര്‍ടി അശക്തമായി എന്നതായിരുന്നില്ല ഈ രാഷ്ട്രീയ നീക്കത്തിന്‍റെ ഫലം. ഇന്ത്യയില്‍ 2014ല്‍ നരേന്ദ്ര മോദി പ്രധാനമന്ത്രിയാകുന്നതു തടയാന്‍ പ്രതിപക്ഷത്തെ ഐക്യപ്പെടുത്താന്‍ ഇടതുപക്ഷം ശക്തമല്ലാതായി എന്നതാണ് ഉണ്ടായത്. കേരളത്തിലും അത്തരത്തില്‍ സംഭവിച്ച്‌ ഇന്ത്യയിലെ ആര്‍ എസ് എസ് വാഴ്ചക്ക് ബദല്‍ ശബ്ദം ഇല്ലാത്ത അവസ്ഥ ഉണ്ടാകാതിരിക്കാന്‍ എല്ലാ ജനാധിപത്യവാദികളും ഉണര്‍ന്നിരിക്കണം. സിപിഐഎമ്മിന് എന്തെങ്കിലുംവീഴ്ചകള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ അത്ചര്‍ച്ചചെയ്ത് സമുചിതമായി തിരുത്തും എന്നതില്‍സംശയമില്ല . പക്ഷേ, ഇന്ത്യയെ കീഴടക്കാനുള്ള ആര്‍ എസ് എസ് പദ്ധതിക്ക് ചൂട്ടു പിടിക്കുന്നതാവരുത് രാഷ്ട്രീയ നിലപാടുകള്‍. അതു കോണ്‍ഗ്രസിന്‍റേതായാലും മറ്റു മതേതര – ന്യൂനപക്ഷ കക്ഷികളുടേതായാലും സാമൂഹ്യ സംഘടനകളുടേതായാലും സ്വതന്ത്രചിന്തകരുടേതായാലും മാധ്യമങ്ങളുടേതായാലും – എം എ ബേബി പറഞ്ഞു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പടയപ്പ വീണ്ടും ജനവാസ മേഖലയിൽ ഇറങ്ങി

0
മൂന്നാ‌ർ: പടയപ്പ വീണ്ടും ജനവാസ മേഖലയിൽ ഇറങ്ങി. മൂന്നാർ മാട്ടുപ്പെട്ടിയിൽ ആണ്...

സിദ്ധനർ സർവീസ് സൊസൈറ്റി കോന്നി താലൂക്ക് യൂണിയൻ ഉദ്ഘാടനം ചെയ്തു

0
പത്തനംതിട്ട : സിദ്ധനർ സർവീസ് സൊസൈറ്റി കോന്നി താലൂക്ക് യൂണിയൻ ജനറൽ...

കുറ്റ്യാടിയിൽ രാസലഹരി നല്‍കി വിദ്യാര്‍ഥികളെ പീഡിപ്പിച്ച സംഭവത്തില്‍ ഒരാള്‍ കൂടി പിടിയില്‍

0
കോഴിക്കോട് : കുറ്റ്യാടിയിൽ രാസലഹരി നല്‍കി വിദ്യാര്‍ഥികളെ പീഡിപ്പിച്ച സംഭവത്തില്‍ ഒരാള്‍...

ചെങ്ങന്നൂരിൽ വീടിനു മുന്നിൽ നിർത്തിയിട്ട കാറിന് തീയിട്ടയാളെ പോലീസ് പിടികൂടി

0
ചെങ്ങന്നൂർ: വീടിന് മുന്നിൽ നിർത്തിയിട്ടിരുന്ന കാർ രാത്രിയിൽ കത്തിച്ചയാളെ പോലീസ് പിടികൂടി....