ബംഗളൂരു : കാസര്‍കോടുനിന്നും കേരളത്തിലെ മറ്റു ജില്ലകളില്‍നിന്നും എത്തുന്ന രോഗികളെ മംഗളൂരുവിലെ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ അഡ്മിറ്റ് ചെയ്യരുതെന്നും ചികിത്സ നല്‍കരുതെന്ന് വ്യക്തമാക്കി സര്‍ക്കാര്‍ സര്‍ക്കുലര്‍ പുറത്തിറക്കി. ദക്ഷിണ കന്നട ജില്ല ഹെല്‍ത്ത് ഓഫീസറാണ് ഇതുസംബന്ധിച്ച് ഉത്തരവിറക്കിയത്. കോവിഡ് 19 മുന്‍കരുതലിന്റെ ഭാഗമായാണ് ഇത്തരമൊരു ഉത്തരവിറക്കിയതെന്നാണ് സര്‍ക്കുലറില്‍ വിശദമാക്കുന്നത്. കേരളത്തില്‍നിന്നുള്ള രോഗികളെ ചികിത്സിക്കാന്‍ തയ്യാറാണെന്ന് കഴിഞ്ഞദിവസം മംഗളൂരുവിലെ ആശുപത്രി അധികൃതര്‍ അറിയിച്ചിരുന്നു. ഇതിനെ തടയിടുന്നതിനായാണ് മനുഷ്യത്വരഹിതമായ ഉത്തരവ് കര്‍ണാടക പുറത്തിറക്കിയതെന്നാണ് ആരോപണം.
കാസര്‍കോട് ഉള്‍പ്പെടെയുള്ള കേരളത്തിലെ ജില്ലകളില്‍ കോവിഡ് 19 വ്യാപനം കൂടുതലായതിനാല്‍ അവിടെനിന്നുള്ള രോഗികളെ മംഗളൂരുവിലെ ആശുപത്രികളില്‍ പ്രവേശിപ്പിക്കുന്നത് വെല്ലുവിളിയാണെന്നും അതിനാല്‍ തത്കാലത്തേക്ക് അഡ്മിറ്റ് ചെയ്യരുതെന്നുമാണ് ഉത്തരവില്‍ വിശദീകരിക്കുന്നത്.
അതേസമയം അതിര്‍ത്തി തുറക്കണമെന്ന കേരള ഹൈക്കോടതിയുടെ ഉത്തരവിനെതിരെ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കാനാണ് കര്‍ണാടകയുടെ നീക്കം. ഇതിനിടെ അതിര്‍ത്തി തുറക്കുന്ന പ്രശ്നമില്ലെന്നും അങ്ങനെയുണ്ടായാല്‍ വലിയ വിലനല്‍കേണ്ടിവരുമെന്നും ദക്ഷിണ കന്നട എം.പിയും ബി.ജെ.പി കര്‍ണാടക പ്രസിഡന്‍റുമായ നളിന്‍ കുമാര്‍ കട്ടീല്‍ ട്വീറ്റ് ചെയ്തു.
കാസര്‍കോടും മംഗളൂരുവും തമ്മില്‍ വളരെ കാലങ്ങളായുള്ള ബന്ധമുണ്ട്. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ അതിര്‍ത്തി തുറക്കാനാകില്ല. കാസര്‍കോട് ആരോഗ്യമേഖലയിലും സര്‍ക്കാര്‍ സൗകര്യമൊരുക്കിയിട്ടില്ല. ഇപ്പോഴത്തെ സാഹചര്യത്തില്‍ അവിടെയുള്ളവരുടെ ചികിത്സക്ക് കേരളമാണ് പരിഹാരം കാണേണ്ടത്. തങ്ങളെ ഇതിലേക്ക് വലിച്ചിഴക്കരുതെന്നും അദ്ദേഹം പറഞ്ഞു.