തിരുവനന്തപുരം : കേശവദാസപുരത്ത് വയോധികയെ കൊലപ്പെടുത്തിയ കേസിലെ പ്രതി ആദം അലിയെ ഇന്ന് സംഭവ സ്ഥലത്തെത്തിച്ചു തെളിവെടുപ്പ് നടത്തും. ഇന്നലെ ചെന്നൈയിൽ വെച്ചാണ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
കൊലപാതകത്തിനു ശേഷം രക്ഷപ്പെട്ട പ്രതിയെ ചെന്നൈയിൽ നിന്ന് ആർപിഎഫ് ആണ് പിടികൂടിയത്. തമ്പാനൂർ റെയിൽവേ സ്റ്റേഷനിലെത്തിയതായി കണ്ടെത്തിയതിനെ തുടർന്ന് ഇതരസംസ്ഥാനങ്ങളിലെ പോലീസിനും സുരക്ഷാ സേനകൾക്കും വിവരം കൈമാറി. ഇതിന്റെ അടിസ്ഥാനത്തിലാണ് ചെന്നൈ ആർപിഎഫ് ഇയാളെ പിടികൂടിയത്.
കൊലപാതകത്തിനു ആരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്നും കരുതിക്കൂട്ടിയുള്ള കൊലപാതകമാണോ എന്നുമാണ് ഇനി വ്യക്ത വരുത്തേണ്ടത്. വിശദമായ ചോദ്യം ചെയ്യലിൽ ഇക്കാര്യം ഉറപ്പിക്കാൻ കഴിയുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ. കൊല്ലപ്പെട്ട മനോരമയുടെ ദേഹത്ത് ഉണ്ടായിരുന്ന സ്വർണാഭരണങ്ങൾ പ്രതിയിൽ നിന്ന് കണ്ടെടുത്തുവെന്നും സൂചനകളുണ്ട്.
കഴിഞ്ഞ ദിവസമാണ് മനോരമയെ(68) സമീപത്തെ വീട്ടിലെ കിണറ്റിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഭർത്താവ് ദിനരാജ് മകളുടെ വീട്ടിൽ പോയപ്പോഴായിരുന്നു കൊലപാതകം. അഞ്ച് ഇതരസംസ്ഥാന തൊഴിലാളികളാണ് മനോരമയുടെ വീട്ടിനടുത്ത് താമസിച്ചിരുന്നത്. ബംഗാൾ സ്വദേശിയായ ആദം അലി പണത്തിനു വേണ്ടിയാണ് കൊലപാതകം നടത്തിയതെന്നാണ് പോലീസ് സംശയിക്കുന്നത്.