ഹരിപ്പാട് : ചെമ്പിന് സ്വർണത്തിന്റെ പൊലിമ നൽകി നിർമിച്ച ആഭരണങ്ങൾ ഫിനാൻസ് സ്ഥാപനങ്ങളിൽ പണയം വെച്ച് ലക്ഷങ്ങൾ തട്ടിയെടുത്ത സംഘത്തിലെ മുഖ്യകണ്ണികളെ വീയപുരം പോലീസ് അറസ്റ്റ് ചെയ്തു. കണ്ണൂർ സ്വദേശി സിദ്ദിഖ്, ആഭരണം നിർമിച്ച് നൽകിയ പെരുമ്പാവൂർ സ്വദേശി ബിജു എന്നിവരാണ് പിടിയിലായത്. ആയാപറമ്പ് കുറ്റിമുക്കിലെ ഫിനാൻസ് സ്ഥാപനത്തിൽ നിന്ന് തട്ടിപ്പ് നടത്തിയ കേസിൽ രണ്ട് മാസം മുമ്പ് ദിലീഷ് എന്ന കൊച്ചുമോനും മറ്റൊരാളും അറസ്റ്റിലായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സമാനമായ തട്ടിപ്പ് നടത്തുന്ന സിദ്ദിഖിന്റെയും ബിജുവിന്റെയും പങ്ക് വ്യക്തമായത്.
ചെമ്പുകൊണ്ട് ഒരു പവൻ തൂക്കം വരുന്ന വ്യാജ സ്വർണാഭരണം നിർമിക്കാൻ 12,000 രൂപ ചെലവ് വരും. ഇത് ഫിനാൻസ് സ്ഥാപനങ്ങളിൽ 40,000 രൂപയ്ക്ക് മുതൽ 55,000 രൂപയ്ക്ക് വരെ പണയം വെക്കും. സിദ്ദിഖ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇത്തരം തട്ടിപ്പുകളിൽ ഉൾപ്പെട്ട് നിരവധി കേസുകളിൽ പ്രതിയാണെന്ന് പോലീസ് കണ്ടെത്തി. വീയപുരം പോലീസ് ഇൻസ്പെക്ടർ എ. ഷെഫീക്കിന്റെ നേതൃത്വത്തിൽ എ.എസ്.ഐ. ബാലകൃഷ്ണൻ, സീനിയർ സി.പി.ഒ. പ്രതാപ് മേനോൻ, സി.പി.ഒ. രഞ്ജിത്ത് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പെരുമ്പാവൂരിൽ നിന്ന് കസ്റ്റഡിയിലെടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.