ഏത് പ്രായത്തിലായാലും നന്നായി സമ്പാദിക്കാൻ തുടങ്ങിയിട്ടുണ്ടെങ്കിൽ ആദ്യം തീരുമാനിക്കേണ്ട കാര്യങ്ങളിലൊന്ന് സ്വന്തമായി വീട് വാങ്ങുക എന്നതാണ്. എന്നാൽ സ്വന്തമായി ഒരു വീട് വാങ്ങാൻ തയ്യാറെടുക്കുമ്പോൾ നിരവധി കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. സ്വന്തമായി ഒരു വീട് വാങ്ങുന്നതിന് മുമ്പ് ഓർക്കേണ്ട പ്രധാന കാര്യങ്ങൾ ഇതാ.
ബജറ്റ് തീരുമാനിക്കുക : ഒരു വീട് വാങ്ങുന്നതിന് മുമ്പ് സാമ്പത്തിക നില സ്വയം വിലയിരുത്തേണ്ടത് നിർണായകമാണ്. അതിനാൽ ഒരു ബജറ്റ് സജ്ജീകരിക്കണം. വരുമാനം, സമ്പാദ്യം, സാമ്പത്തിക ലക്ഷ്യങ്ങൾ എന്നിവ കണക്കിലെടുത്ത് വേണം മികച്ച തീരുമാനങ്ങൾ എടുക്കാൻ.
വിപണി ഗവേഷണം നടത്തുക : വസ്തുവിന്‍റെ വില, വളർച്ചാ സാധ്യതകൾ, മേഖലയിൽ വരാനിരിക്കുന്ന കാര്യങ്ങളെക്കുറിച്ച് വിപുലമായ ഗവേഷണം നടത്തേണ്ടതുണ്ട്. ദീർഘകാലാടിസ്ഥാനത്തിൽ വസ്തുവിന്‍റെ വിലയെ സ്വാധീനിക്കുന്ന മാർക്കറ്റ് ട്രെൻഡുകൾ, സർക്കാർ നയങ്ങൾ, സാമ്പത്തിക സൂചകങ്ങൾ എന്നിവ നിരന്തരം അപ്ഡേറ്റ് ചെയ്യുക.
സ്ഥലത്തിന്‍റെ ലൊക്കേഷൻ പ്രധാനമാണ് : ഒരു വ്യക്തിയുടെ ജീവിതശൈലി, യാത്രാ ആവശ്യങ്ങൾ എന്നിവയ്‌ക്ക് അനുയോജ്യമായ ഒരു ലൊക്കേഷൻ തിരഞ്ഞെടുക്കുക. കൂടാതെ സ്‌കൂളുകൾ, ആശുപത്രികൾ, മാർക്കറ്റ് തുടങ്ങി ആവശ്യമായ സൗകര്യങ്ങൾ ഉറപ്പാക്കേണ്ടതുണ്ട്. ഇത്തരത്തിൽ മികച്ച ലൊക്കേഷൻ തിരഞ്ഞെടുക്കുമ്പോൾ ഉയർന്ന വില നൽകേണ്ടി വരും.
നിർമ്മിക്കുന്ന കമ്പനിയെ കുറിച്ച് അറിഞ്ഞിരിക്കാം : ഒരു വീട് വാങ്ങാൻ തീരുമാനിക്കുന്നതിന് മുമ്പ് ബിൽഡറുടെ പ്രശസ്തി, വിശ്വാസ്യത, മുൻകാല ട്രാക്ക് റെക്കോർഡ് എന്നിവ പരിശോധിക്കേണ്ടത് പ്രധാനമാണ്. കൂടാതെ വില അവലോകനം ചെയ്യുകയും ഡോക്യുമെന്റുകൾ വിലയിരുത്തുകയും ചെയ്യേണ്ടത് പ്രധാനമാണ്. പറ്റുമെങ്കിൽ, നിർമ്മാണം പൂർത്തിയാക്കിയ പ്രൊജക്റ്റുകൾ സന്ദർശിച്ച് ഗുണനിലവാരം പരിശോധിക്കാവുന്നതാണ്.
നിയമസാധുതകൾ മനസ്സിലാക്കുക ഡോക്യുമെന്റേഷൻ, പ്രോപ്പർട്ടി രജിസ്ട്രേഷൻ, സ്റ്റാമ്പ് ഡ്യൂട്ടി ചാർജുകൾ എന്നിവ ഉൾപ്പെടെയുള്ള വസ്തു വാങ്ങലിന്‍റെ നിയമപരമായ വശങ്ങൾ സ്വയം മനസ്സിലാക്കുക. എല്ലാ നിയമപരമായ കാര്യങ്ങളും ശ്രദ്ധിക്കുന്നുണ്ടെന്നും ഭാവിയിൽ തർക്കങ്ങളൊന്നും ഉണ്ടാകില്ലെന്നും ഉറപ്പാക്കാൻ ആവശ്യമെങ്കിൽ ഒരു നിയമവിദഗ്ധനെ സമീപിക്കുക.
പുനർവിൽപ്പന നടത്തുമ്പോഴുള്ള മൂല്യം : ഒരു വസ്തു വാങ്ങുന്ന സമയത്ത് അതിന്‍റെ പുനർവിൽപ്പനയുടെ സാധ്യതകൾ പരിഗണിക്കേണ്ടത് പ്രധാനമാണ്. പുനർവിൽപ്പനയുടെ സാധ്യതകൾ നിർണ്ണയിക്കുന്നതിന് അടിസ്ഥാന സൗകര്യങ്ങൾ, സമീപത്ത് വരാനിരിക്കുന്ന പ്രോജക്ടുകൾ, പ്രദേശത്തെ വസ്തുവകകളുടെ ആവശ്യം തുടങ്ങിയ ഘടകങ്ങൾ പരിഗണിക്കാവുന്നതാണ്.
അധിക ചെലവുകൾ കണക്കാക്കാം : വസ്തുവിന്‍റെ വില കൂടാതെ മെയിന്റനൻസ് ഫീസ്, പ്രോപ്പർട്ടി ടാക്‌സ്, രജിസ്ട്രേഷൻ ചാർജുകൾ, പ്രതിമാസ യൂട്ടിലിറ്റി ബില്ലുകൾ എന്നിവ പോലുള്ള അധിക ചെലവുകൾ ശ്രദ്ധിക്കേണ്ടതുണ്ട്. ഇഎംഐ ബാധ്യത കണക്കാക്കുമ്പോൾ ഈ ചെലവുകൾ അറിഞ്ഞിരിക്കേണ്ടതുണ്ട്.
വായ്പയെടുക്കുമ്പോൾ ശ്രദ്ധിക്കാം : ഒരു ഭവന വായ്പയിലൂടെ വീട് വാങ്ങുമ്പോൾ ആഗ്രഹിക്കുന്നുവെങ്കിൽ വിവിധ ബാങ്കുകൾ വാഗ്ദാനം ചെയ്യുന്ന പലിശ നിരക്കുകൾ, വായ്പ കാലാവധി, പ്രോസസ്സിംഗ് ഫീസ് എന്നിവ താരതമ്യം ചെയ്യുക. വായ്പ യോഗ്യത വിലയിരുത്തി സാമ്പത്തിക ലക്ഷ്യങ്ങൾക്ക് ഏറ്റവും അനുയോജ്യമായ ഒരു വായ്പാ ഓപ്ഷൻ തിരഞ്ഞെടുക്കുക.
റിയൽ എസ്റ്റേറ്റ് ഏജന്റിനെ സമീപിക്കാം : ഒരു പ്രൊഫഷണൽ റിയൽ എസ്റ്റേറ്റ് ഏജന്റുമായി ചേർന്ന് ശരിയായ വസ്തു കണ്ടെത്തുന്നതിലൂടെ സമയവും പരിശ്രമവും ലാഭിക്കാവുന്നതാണ്. അവർക്ക് വിപണിയെക്കുറിച്ച് വ്യക്തമായ അറിവുണ്ട്. കൂടാതെ ഈ പ്രക്രിയയിലൂടെ മികച്ച ഓഫറുകൾക്കായി ചർച്ച നടത്താനും കഴിയും.