കൊച്ചി : സംവിധായകരായ ഖാലിദ് റഹ്‌മാനും അഷ്‌റഫ് ഹംസയും കൊച്ചിയില്‍ ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായത് ഉപയോഗിക്കാനുള്ള തയ്യാറെടുപ്പിനിടെയെന്ന് എക്സൈസ് ഉദ്യോഗസ്ഥർ. പ്രമുഖ സംവിധായകരടക്കം മൂന്ന് പേരാണ് എക്‌സൈസിന്റെ ഞായറാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെയുള്ള മിന്നല്‍ പരിശോധനയില്‍ പിടിയിലായത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു എക്‌സൈസിന്റെ പരിശോധന. ഫ്ലാറ്റിലെത്തിയപ്പോൾ സംവിധായകരായ ഖാലിദ് റഹ്മാൻ, അഷ്റഫ് ഹംസ എന്നിവരും ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ഷാലിഫ് മുഹമ്മദും കഞ്ചാവ് ഉപയോഗിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നുവെന്ന് എക്സൈസ് പറഞ്ഞു.
ഫ്‌ളാറ്റില്‍ കഞ്ചാവും മറ്റു ലഹരി വസ്തുക്കളും ഉപയോഗിക്കുന്നതിനായി സ്ഥിരം ആളുകള്‍ ഒത്തുകൂടാറുണ്ടെന്ന് വിവരം ലഭിച്ചിരുന്നുവെന്നും രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് ഫ്ലാറ്റിൽ പരിശോധനക്ക് എത്തിയതെന്നും എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. സംവിധായകർക്ക് ലഹരിമരുന്ന് എത്തിച്ച് നൽകിയവരെപ്പറ്റി സൂചന ലഭിച്ചിട്ടുണ്ട്. വിശദമായ അന്വേഷണം നടക്കുമെന്നും സിനിമ മേഖലയിൽ മറ്റ് പലരും ലഹരി ഉപയോഗിക്കുന്നുണ്ടെന്നാണ് വിവരം, അതിനെപ്പറ്റി കൂടുതൽ അന്വേഷണം നടത്തുമെന്നും എക്സൈസ് വ്യക്തമാക്കി.