കൊല്ലം: കൊല്ലം കൊട്ടിയത്ത് സൈനികനെ കേരള പോലീസ് അറസ്റ്റ് ചെയ്യുന്നതിന്റെ വീഡിയോ ട്വിറ്ററിലൂടെ പങ്കുവച്ച് നടിയും ബിജെപി നേതാവും ദേശീയ വനിതാ കമ്മീഷന്‍ അംഗവുമായ ഖുഷ്ബു സുന്ദര്‍. ഒരു പ്രാദേശിക വിഷയത്തിന്റെ പേരില്‍ ഒരു സൈനികനെ ബലപ്രയോഗത്തിലൂടെ അറസ്റ്റ് ചെയ്യുന്ന കേരള പോലീസ്. മദ്രാസ് റെജിമെന്റിലെ നായിക് കിരണ്‍ കുമാറിനെ ഇത്തരത്തില്‍ ക്രൂരമായ രീതിയിലാണ് കേരള പോലീസ് കസ്റ്റഡിയില്‍ എടുത്തത്. എന്തുകൊണ്ട് ഈ ക്രൂരത, പിണറായി വിജയന്‍ സര്‍?, മുഖ്യമന്ത്രി പിണറായി വിജയനെ ടാഗ് ചെയ്തുകൊണ്ട് ഖുഷ്ബു ട്വീറ്റ് ചെയ്തു.
കൊട്ടിയം ചെന്താപ്പൂരിലെ എന്‍എസ്എസ് കരയോഗം തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തകര്‍ക്കമാണ് സംഭവങ്ങളുടെ തുടക്കം. സൈനികനായ കിരണ്‍കുമാറിന്റെ അച്ഛന്‍ തുളസീധരന്‍ പിള്ള കരയോഗം ഓഫീസ് ആക്രമിച്ചു എന്ന് കാണിച്ച് ഭാരവാഹികള്‍ പോലീസില്‍ പരാതി നല്‍കി. തനിക്ക് മര്‍ദ്ദനമേറ്റെന്ന് കാട്ടി തുളസീധരന്‍ പിള്ളയും പോലീസിനെ സമീപിച്ചു. വൈകിട്ടോടെ കരയോഗം പ്രസിഡന്റ് സുരേഷിന്റെ വീട്ടിലെത്തി സ്ത്രീകളെ കിരണ്‍കുമാര്‍ അസഭ്യം പറഞ്ഞു. ഇക്കാര്യം അന്വേഷിക്കാന്‍ എത്തിയ കൊട്ടിയം ഇന്‍സ്പെക്ടര്‍ പി വിനോദ്, എസ് ഐ സുജിത് വി നായര്‍ എന്നിവരെ കിരണ്‍കുമാര്‍ അക്രമിക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. എന്നാല്‍ ഉറങ്ങിക്കിടക്കുകയായിരുന്ന സൈനികനെ പോലീസ് വിളിച്ചുണര്‍ത്തി മര്‍ദ്ദിക്കുകയായിരുന്നുവെന്നാണ് സൈനികന്റെ കുടുംബത്തിന്റെ ആരോപണം.