ദക്ഷിണ കൊറിയൻ വാഹന നിർമ്മാതാക്കളായ കിയ വളരെ കുറഞ്ഞ കാലയളവിൽ മികച്ച കാറുകൾ അവതരിപ്പിച്ചുകൊണ്ട് ഇന്ത്യൻ വിപണിയിൽ ജനപ്രീതി നേടിയ ബ്രാന്റാണ്. കിയയുടെ സെൽറ്റോസ് (Kia Seltos) ഇന്ത്യയിലെ എസ്‌യുവി വിപണിയിൽ തരംഗമായി മാറിയിട്ടുമുണ്ട്. ഇപ്പോഴിതാ കമ്പനി ഈ വാഹനത്തിന്റെ പുതുക്കിയ പതിപ്പ് പുറത്തിറക്കാൻ ഒരുങ്ങുകയാണ്. കിയ സെൽറ്റോസിന്റെ ഫേസ്ലിഫ്റ്റ് പതിപ്പ് ജൂലൈ 4ന് ഇന്ത്യൻ വിപണിയിൽ ലോഞ്ച് ചെയ്യും. ഇതിനകം തന്നെ ഈ പുതിയ സെൽറ്റോസ് ഓസ്ട്രേലിയയിൽ ഉൾപ്പെടെ പുറത്തിറക്കിയിട്ടുണ്ട്. കോംപാക്റ്റ് എസ്‌യുവിയായ കിയ സെൽറ്റോസ് കിയ കാരെൻസ് എംപിവിയിൽ ഉപയോഗിച്ച പുതിയ എഞ്ചിൻ ഓപ്ഷനുമായിട്ടായിരിക്കും പുറത്തിറങ്ങുന്നത്. എഞ്ചിനിൽ മാത്രമല്ല, ഈ വാഹനത്തിന്റെ പുറമേയും അകമേയും വലിയ മാറ്റങ്ങൾ ഉണ്ടാകുമെന്ന് ആഗോള വിപണിയിൽ അവതരിപ്പിച്ച മോഡൽ നിന്ന് തന്നെ വ്യക്തമാണ്. കിയ സെൽറ്റോസിന്റെ ഫേസ്ലിഫ്റ്റ് പതിപ്പിൽ എക്സ്റ്റീരിയറിൽ തന്നെ ഒറ്റ നോട്ടത്തിൽ തിരിച്ചറിയുന്ന വിധത്തിലുള്ള മാറ്റങ്ങൾ കമ്പനി കൊണ്ടുവരും. വളരെ വലിയൊരു ഗ്രിൽ ആണ് സെൽറ്റോസ് ഫേസ്ലിഫ്റ്റിൽ ഉള്ളത്.
പുതിയ എൽഇഡി ഡിആർഎൽ ലൈറ്റുകളുമായിട്ടായിരിക്കും കിയ സെൽറ്റോസിന്റെ ഫേസ്ലിഫ്റ്റ് പതിപ്പ് പുറത്തിറങ്ങുന്നത്. പരിഷ്കരിച്ച ഹെഡ്‌ലൈറ്റുകളും ഗ്രില്ലിന് താഴെയായി പുതിയ എയർ ഡാമും ഉണ്ടായിരക്കും. പുതിയ ADAS ഫീച്ചറുകൾക്കായുള്ള റഡാർ യൂണിറ്റും ഈ വാഹനത്തിന്റെ മുൻവശത്ത് ഉണ്ടായിരിക്കും. പുതിയ ഡിസൈനിലുള്ള 17 ഇഞ്ച് അലോയ് വീലുകളുടെ ഡിസൈനാണ് ഈ വാഹനത്തിലെ ശ്രദ്ധേയമായ മറ്റൊരു പുതുമ.
ഫേസ്ലിഫ്റ്റഡ് കിയ സെൽറ്റോസന്റെ ഇന്റീരിയറിലും നിരവധി മാറ്റങ്ങളാണുള്ളത്. ഇൻഫോടെയ്ൻമെന്റിനും ഇൻസ്ട്രുമെന്റേഷനുമായി പുതിയ കണക്റ്റഡ് ഡ്യുവൽ സ്‌ക്രീൻ സെറ്റപ്പാണ് കമ്പനി നൽകുന്നത്. പുതിയ സെൽറ്റോസിൽ HVAC സിസ്റ്റത്തിനായുള്ള അപ്‌ഡേറ്റ് ചെയ്ത കൺസോളും ഉണ്ടായിരിക്കും. ഈ വാഹനം പനോരമിക് സൺറൂഫുമായിട്ടായിരിക്കും വരുന്നത്. ആറ് എയർബാഗുകൾ, ഹിൽ അസിസ്റ്റ് കൺട്രോൾ, വെഹിക്കിൾ സ്റ്റെബിലിറ്റി കൺട്രോൾ, ADAS ഫീച്ചറുകൾ എന്നീ സുരക്ഷാ ഓപ്ഷനുകളും കിയ സെൽറ്റോസിന്റെ പുതിയ പതിപ്പിൽ ഉണ്ടായിരിക്കും.
കിയ കാരൻസ്, ഹ്യുണ്ടായ് വെർണ സെഡാൻ, പുതുക്കിയ ഹ്യുണ്ടായ് അൽകാസർ എയ്സുവി എന്നിവയിലുള്ള അതേ 1.5 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിൻ തന്നെയാണ് കിയ സെൽറ്റോസിലും ഉണ്ടാവുക. ഈ എഞ്ചിൻ 158 ബിഎച്ച്‌പി പവറും 253 എൻഎം പീക്ക് ടോർക്കും ഉത്പാദിപ്പിക്കും. എഞ്ചിൻ ഓപ്ഷൻ മാനുവൽ, ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഓപ്ഷനുകളിൽ ലഭ്യമാകും. നിലവിൽ കിയ സെൽറ്റോസിലുള്ള 1.5 ലിറ്റർ എൻഎ പെട്രോൾ, 1.5 ലിറ്റർ ഡീസൽ എഞ്ചിൻ ഓപ്ഷനുകളിൽ വാഹനം തുടർന്നും ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നു.