കോയമ്പത്തൂര്‍ : അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയ അഞ്ച് മാസം പ്രായമുള്ള കുഞ്ഞിനെ കണ്ടെത്തി. ആനമലയില്‍ നിന്നാണ് നാടോടി സ്ത്രീയുടെ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയത്. ആനമല സ്റ്റേഷന്‍ പരിധിയിലുള്ള വീട്ടില്‍ നിന്ന് തന്നെയാണ് കുഞ്ഞിനെ പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയത്.
സംഭവത്തില്‍ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. രാമര്‍ (52), മുരുകേശ് (47) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. അതേസമയം ആശ്രമത്തില്‍ നിന്ന് കിട്ടിയതെന്ന് പറഞ്ഞാണ് യുവാക്കള്‍ കുഞ്ഞിനെ ഏല്‍പ്പിച്ചതെന്ന് കുട്ടിയെ കണ്ടെത്തിയ വീട്ടിലെ വീട്ടുകാര്‍ പറഞ്ഞു.
സെപ്റ്റംബര്‍ 29 ന് പൊള്ളാച്ചിക്കടുത്ത് ആനൈമലയിലാണ് നാടോടി സ്ത്രീയുടെ അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടുപോയത്. മൈസൂരു സ്വദേശികളായ മണികണ്ഠന്റെയും സംഗീതയുടെയും ഇളയ കുട്ടിയെയാണ് തട്ടിക്കൊണ്ടുപോയത്. കുഞ്ഞിനെ തട്ടിയെടുത്തതു ഭിക്ഷാടന മാഫിയയ്ക്ക് വില്‍ക്കാനാണെന്ന സംശയമുള്ളതിനാല്‍ പിടിയിലായവരെ വിശദമായി ചോദ്യം ചെയ്യുമെന്ന് പോലീസ് അറിയിച്ചു.
ഉപയോഗിച്ച വസ്ത്രങ്ങള്‍ ശേഖരിക്കുന്ന ജോലിയാണ് മണികണ്ഠനും സംഗീതയും ചെയ്തിരുന്നത്. മണികണ്ഠന്‍ ജോലിക്ക് പോയ സമയത്താണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്. മൂന്ന് മക്കളുമായി ആനൈമലയിലെത്തിയ മണികണ്ഠന്‍ – സംഗീത ദമ്പതികള്‍ റോഡിന് വശത്തുള്ള പുറമ്പോക്ക് സ്ഥലത്ത് ചെറിയ ഷെഡ് സ്ഥാപിച്ചാണ് താമസിച്ചിരുന്നത്. സെപ്റ്റംബര്‍ 29 -ന് മണികണ്ഠന്‍ ജോലിക്ക് പോയതിന് ശേഷം, അജ്ഞാതരായ ദമ്പതികള്‍ സംഗീതയും കുട്ടികളും കഴിഞ്ഞിരുന്ന ഷെഡില്‍ എത്തി.
വന്നവര്‍ കുട്ടികള്‍ക്ക് ചില്ലി ചിക്കന്‍ വാങ്ങാന്‍ സംഗീതയ്ക്ക് കുറച്ച് പണം നല്‍കി. ഇളയ കുട്ടികളെ നോക്കാന്‍ മൂന്നു വയസുള്ള മകളോട് ആവശ്യപ്പെട്ട ശേഷം സംഗീത ഭക്ഷണം വാങ്ങാനായി പോയി. ഈ സമയം അഞ്ചുമാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ ദമ്പതികള്‍ തട്ടിയെടുക്കുകയും ബൈക്കില്‍ കയറി രക്ഷപെടുകയുമായിരുന്നു. മൂത്ത കുട്ടിയുടെ നിലവിളി കേട്ട് ഓടിയെത്തിയ സംഗീത ബൈക്കിന് പിന്നാലെ ഓടിയെങ്കിലും ദമ്പതികള്‍ കുട്ടിയുമായി കടന്നുകളയുകയായിരുന്നു.