തിരുവനന്തപുരം: വന്യജീവി ശല്യം നിയന്ത്രിക്കുന്നതിനുള്ള ഹൈപവര്‍ കമ്മിറ്റിയുടെ അധ്യക്ഷനായ സംസ്ഥാന ചീഫ് സെക്രട്ടറി ഡോ. വേണുവിനെ സന്ദര്‍ശിച്ച് നിര്‍ദേശങ്ങള്‍ കൈമാറി കര്‍ഷകസംഘടനയായ കിഫ. 8 നിര്‍ദേശങ്ങളാണ് ഇന്നലെ ചീഫ് സെക്രട്ടറിക്ക് കൈമാറിയത്. വന്യമൃഗശല്യം മൂലം കേരളത്തിലെ കര്‍ഷകരുടെ വിളനാശവുമായി ബന്ധപ്പെട്ട പരാതികള്‍ കര്‍ഷകരുടെ ജീവനോപാധി നഷ്ടപ്പെടുന്നതായി മാത്രം കണക്കാക്കാതെ ജനങ്ങളുടെയും രാജ്യത്തിന്റെയും ഭക്ഷ്യസുരക്ഷയുമായി (nations food security) ബന്ധപ്പെട്ടതായും കണക്കാക്കേണ്ടതുണ്ടെന്ന് കിഫ ചെയര്‍മാന്‍ അലക്‌സ് ഒഴുകയില്‍ പറഞ്ഞു. നിലവില്‍ കേരളത്തില്‍ ഭക്ഷ്യവസ്തുക്കള്‍ക്ക് ഉണ്ടായിട്ടുള്ള ലഭ്യതക്കുറവും അനിയന്ത്രിത വിലക്കയറ്റവും ഓര്‍ക്കേണ്ടതാണെന്നും അദ്ദേഹം വ്യക്തമാക്കി.
കിഫയുടെ 8 നിര്‍ദേശങ്ങള്‍
1. കിഫ കേരള ഹൈക്കോടതിയില്‍ കൊടുത്ത WPC No 12496 OF 2021 (J) കേസില്‍ 2021 ജൂലൈ 23നു കേരള ഹൈക്കോടതിയുടെ ഉത്തരവു പ്രകാരം കൃഷിക്കും ജീവനും ഭീഷണിയാകുന്ന കാട്ടുപന്നികളെ ഉപാധികളില്ലാതെ വേട്ടയാടാനുള്ള അവകാശം 6 കര്‍ഷകര്‍ക്ക് ലഭിച്ചിട്ടുണ്ട്. അതിനു ശേഷം വ്യകതിപരമായി കോടതിയില്‍ പോയ മറ്റു ചില കര്‍ഷകര്‍ക്കും പ്രസ്തുതത ഉത്തരവ് ലഭിച്ചിട്ടുണ്ട്. ഈ അവകാശം കേരളത്തിലെ മുഴുവന്‍ കര്‍ഷകര്‍ക്കും നല്‍കിക്കൊണ്ട് കേരള സര്‍ക്കാര്‍ ഉത്തരവ് ഇറക്കുക. 2. നിലവിലെ വന്യജീവി സംരക്ഷണ നിയമ പ്രകാരം വനത്തിനകത്തും പുറത്തും (ജനവാസ കേന്ദ്രങ്ങളിലും കൃഷിയിടങ്ങളിലുമടക്കം) വന്യജീവികള്‍ക്ക് സംരക്ഷണം ലഭിക്കുന്നതുകൊണ്ട് വനത്തിനു വെളിയിലുള്ള കൃഷിയിടങ്ങളില്‍ അതിക്രമിച്ചു കയറുന്ന വന്യമൃഗങ്ങളെ പ്രതിരോധിക്കാന്‍ മനുഷ്യര്‍ക്ക് സാധിക്കാതെ വരുന്നു. ഈ നിയമം അടിസ്ഥാനപരമായി ഭരണഘടന ഉറപ്പു നല്‍കുന്ന ജീവനും ജീവനോപാധിക്കുമുള്ള അവകാശത്തിന്റെ ലംഘനമായതുകൊണ്ട് ഇതില്‍ മാറ്റം വരണം. വനേതര ഭൂമിയില്‍വച്ച് വന്യജീവികളെ സ്വയ രക്ഷയ്ക്കായി ഏതു മാര്‍ഗ്മുപയോഗിച്ചും നേരിടാനുള്ള അവകാശം ജനങ്ങള്‍ക്ക് നല്‍കുക.
3. വന്യജീവി സംരക്ഷണ നിയമം ലംഘിക്കുന്നതിനെതിരെയുള്ള കുറ്റവും ശിക്ഷയും വൈല്‍ഡ് പ്രൊട്ടക്ഷന്‍ ആക്ട്, 1972ലെ 9, 51 എന്നീ വകുപ്പുകളില്‍ മാത്രം ഉള്‍ക്കൊള്ളിച്ച് നിര്‍ത്തുന്നത് മാറ്റി ഏതു ഷെഡ്യൂളില്‍പ്പെട്ട മൃഗങ്ങളാണ് എന്നതിനെ അടിസ്ഥാനമാക്കി കുറ്റങ്ങള്‍ക്കും അതനുസരിച്ചുള്ള ശിക്ഷകള്‍ക്കും പുതിയ വകുപ്പുകള്‍ എഴുതി ചേര്‍ക്കണം. അവയെ ജാമ്യം ലഭിക്കുന്നതും ജാമ്യം ലഭിക്കാത്തതും എന്നു കൃത്യമായി വേര്‍തിരിക്കണം. നിലവില്‍ ഏതു ഷെഡ്യൂളില്‍ ഉള്‍പ്പെട്ട ജീവിയാണ് എന്നത് പരിഗണിക്കാതെ എല്ലാ കുറ്റങ്ങളും ജാമ്യം ലഭിക്കാത്ത കുറ്റങ്ങളാണ്. ഇതു മാറണം. ഉദാഹരണത്തിന് ആയുധമുപയോഗിച്ചു ഒരു വ്യക്തിയെ പരിക്കേല്‍പിച്ചാല്‍, ആ പരുക്ക് ചെറിയ പരിക്ക് ആണെങ്കില്‍ ജാമ്യം കിട്ടുകയും (IPC 324) പരിക്ക് ഗുരുതരമാണെങ്കില്‍ ജാമ്യം കിട്ടാതിരിക്കുകയും ചെയ്യും (IPC 326). 4. ഷെഡ്യൂള്‍ 2ല്‍പ്പെട്ട ജീവികളെ സാഹചര്യത്തിനനുസരിച്ചു ക്ഷുദ്രജീവികളായി പ്രഖ്യാപിക്കാനുള്ള അവകാശം സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നല്‍കുക
5. വന്യജീവികളെ പുനരുല്‍പ്പാദിപ്പിക്കാവുന്ന വിഭവങ്ങള്‍ (renewable resources) ആയി കണക്കാക്കി അവയുടെ നിയന്ത്രണത്തിനും, വംശ വര്‍ധനയ്ക്കും ശാസ്ത്രീയമായ വാഹകശേഷി (carrying capacity) പഠനങ്ങളുടെ അടിസ്ഥാനത്തില്‍, നിയന്ത്രണങ്ങള്‍ കൊണ്ടുവരുക. ഇതിനായി നിലവിലുള്ള നിയമത്തിന്റെ 12-ാം വകുപ്പില്‍ ശാസ്ത്രീയമായുള്ള കൊന്നൊടുക്കലിനായി (scientific culling) പ്രത്യേകം ഉപവകുപ്പ് ഉള്‍പ്പെടുത്തുക. അമേരിക്കയിലെ അരിസോണ സംസ്ഥാനത്ത് Grand Canyon മേഖലയില്‍ കാട്ടുപോത്തുകളെ കൊന്ന് എണ്ണം കുറയ്ക്കുന്നതിനുവേണ്ടി പ്രത്യേക വോളന്റിയര്‍മാരെ ഭരണകൂടം തിരഞ്ഞെടുത്തിരുന്നു. 6. വന്യമൃഗ ആക്രമണത്തില്‍ കൊല്ലപ്പെടുന്നവര്‍ക്കും പരിക്കേല്‍ക്കുന്നവര്‍ക്കും ഇപ്പോള്‍ നല്‍കുന്ന തുച്ഛമായ ആശ്വാസധനത്തിനു പകരം മോട്ടോര്‍ ആക്‌സിഡന്റ് നിയമത്തില്‍ നിഷ്‌കര്‍ഷിച്ചിരിക്കുന്നതു പോലെ ന്യായമായ നഷ്ടപരിഹാരം ഉറപ്പു വരുത്തുക. 7. വന്യജീവി ശല്യം നേരിടാന്‍ ആവശ്യമായ തോക്ക് ലൈസന്‍സുകള്‍ ഉടനടി അനുവദിക്കുകയും തോക്ക് ലൈസന്‍സിന് അപേക്ഷിക്കുമ്പോള്‍ നിസാര കാര്യങ്ങള്‍ പറഞ്ഞു ലൈസന്‍സ് നിഷേധിക്കുന്ന സാഹചര്യം ഒഴിവാക്കുകയും വേണം. 8. വനഭൂമിയും റെവന്യൂ ഭൂമിയും തമ്മിലുള്ള അതിര്‍ത്തി തര്‍ക്കങ്ങള്‍ ശാശ്വതമായി പരിഹരിക്കുന്നതിനുവേണ്ടി സമയ ബന്ധിതമായി കേരളത്തിലെ മുഴുവന്‍ റെവന്യു അതിര്‍ത്തി ജോയിന്റ് സര്‍വേയുടെ അടിസ്ഥാനത്തില്‍ അളന്നു തിരിച്ചു ഗസറ്റ് വിജ്ഞാപനം ഇറക്കുക.