തിരുവനന്തപുരം : കിഫ്ബി റോഡ് പദ്ധതികള്‍ക്ക് ഭൂമി ഏറ്റെടുക്കലിനെ വിമര്‍ശിച്ച് എം.എല്‍.എ ഗണേഷ് കുമാര്‍. പദ്ധതികളില്‍ കാലതാമസം ഉണ്ടാകുന്നതിനെതിരെ നിയമസഭയില്‍ വൈകാരികമായാണ് പ്രതികരിച്ചത്. 2017 ല്‍ പത്തനാപുരം മണ്ഡലത്തില്‍ പ്രഖ്യാപിച്ച കിഫ്ബി റോഡുകളുടെ പണി പൂര്‍ത്തിയായിട്ടില്ലെന്നത് വ്യക്തമാകുന്നതിനിടെയാണ് തന്റെ വ്യക്തിജീവിതത്തിലുണ്ടായ അനുഭവം ഗണേഷ്‌കുമാര്‍ പങ്കുവെച്ചത്.
അമ്മയ്ക്ക് ഹൃദയാഘാതമുണ്ടായ വിവരമറിഞ്ഞ് കൊട്ടാരക്കരയിലേക്ക് പുറപ്പെട്ടപ്പോള്‍ 20 മിനിറ്റ് വെഞ്ഞാറമൂട്ടില്‍ ഗതാഗതക്കുരുക്കില്‍ കുടുങ്ങിയെന്നും അവസാനമായി അമ്മയെ ജീവനോടെ കാണാനായില്ലെന്നും ഗണേഷ് പറഞ്ഞു. വെഞ്ഞാറമുട് മേല്‍പ്പാലം വേണമെന്ന ആവശ്യത്തിനും കിഫ്ബി ഉദ്യോഗസ്ഥര്‍ തടസം നില്‍ക്കുകയാണെന്നും അദ്ദേഹം വിമര്‍ശിച്ചു.
കിഫ്ബിയില്‍ കണ്‍സള്‍ട്ടന്‍സി ഒഴിവാക്കി മികച്ച ഉദ്യോഗസ്ഥരെ ഉപയോഗിക്കണമെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. കോടിക്കണക്കിന് രൂപ ശമ്പളം കൊടുക്കുന്ന എന്‍ജിനീയര്‍മാര്‍ പൊതുമരാമത്ത് വകുപ്പില്‍ ഉള്ളപ്പോള്‍ എന്തിന് പുറത്തു നിന്ന് കണ്‍സള്‍ട്ടന്റുമാരെ കൊണ്ടുവരുന്നുവെന്നും ഗണേഷ് കുമാര്‍ ചോദിച്ചു. വലിയൊരു ശതമാനം തുക കണ്‍സള്‍ട്ടന്റുമാര്‍ കൊണ്ടുപോകുകയാണെന്നും അദ്ദേഹം ആരോപിച്ചു. ഗണേഷ് കുമാറിനെ പിന്തുണച്ച് എ.എന്‍ ഷംസീര്‍ എം.എല്‍.എയും രംഗത്തെത്തി.