പത്തനംതിട്ട : ഹൃഹോപകരണ വില്‍പ്പന സ്ഥാപനങ്ങള്‍ പത്രത്തില്‍ നല്‍കുന്ന ഫുള്‍ പേജ് പരസ്യം വെറും തട്ടിപ്പാണെന്ന് തെളിയുന്നു. വന്‍ ഓഫര്‍ നല്‍കി വില്‍ക്കുന്ന ഗൃഹോപകരണങ്ങളില്‍ പലതിനും ഗുണനിലവാരം ഇല്ലെന്നും കമ്പിനി സെക്കന്റ്സ് ആണെന്ന് സംശയിക്കുന്നതായും പത്തനംതിട്ട മീഡിയ വാര്‍ത്ത ചെയ്തിരുന്നു. എന്നാല്‍ തികച്ചും വ്യത്യസ്തമായ മറ്റൊരു ആരോപണമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിക്കഴിഞ്ഞിരിക്കുന്നത്. രാജീവ് കൊടുമണ്‍ ഇന്നലെ ഫെയ്സ് ബുക്കില്‍ പോസ്റ്റ് ചെയ്ത തന്റെ അനുഭവം ജനങ്ങള്‍ ഏറ്റെടുത്തുകഴിഞ്ഞു. ആയിരത്തി ഒരുനൂറോളം പേര്‍ 23 മണിക്കൂര്‍ പോലും തികയാത്ത ഈ പോസ്റ്റ് ഷെയര്‍ ചെയ്തുകഴിഞ്ഞു. നൂറുകണക്കിന് ആളുകള്‍ ഈ പോസ്റ്റിന് കമന്റും എഴുതുന്നുണ്ട്. ഫെയ്സ് ബുക്കിലെ പ്രധാന പേജുകളൊക്കെ രാജീവ് കൊടുമണ്ണിന്റെ ഈ പോസ്റ്റ് തങ്ങളുടെ പേജില്‍ റീ പോസ്റ്റ് ചെയ്യുന്നുമുണ്ട്. ഹൃഹോപകരണ വില്‍പ്പന സ്ഥാപനങ്ങള്‍ പത്രത്തിന്റെ മുന്‍ പേജില്‍ ഉള്‍പ്പെടെ നല്‍കുന്ന ഫുള്‍ പേജ് പരസ്യം വെറും തട്ടിപ്പാണെന്നും ജനങ്ങളെ പറ്റിക്കുകയാണെന്നുമാണ് അനുഭവസ്ഥര്‍ പറയുന്നത്. ലക്ഷങ്ങള്‍ നല്‍കി പത്രത്തില്‍ ഫുള്‍ പേജ് പരസ്യം നല്‍കുന്ന മിക്കവരും ചെയ്യുന്നത് ഇത് തന്നെയാണ്. ഓണത്തിന്റെയും ക്രിസ്മസിന്റെയും പേരില്‍ ജനങ്ങളെ വഞ്ചിക്കുക. കേവലം ആറുമാസം പോലും ആയുസില്ലാത്ത നിലവാരം കുറഞ്ഞ ഉല്‍പ്പന്നങ്ങള്‍ ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കുകയാണ് ഇവര്‍ ചെയ്യുന്നത്.
രാജീവ് കൊടുമണ്ണിന്റെ ഫെയ്സ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം > > > രാവിലെ ഒരു സുഹൃത്ത് വിളിച്ചിട്ട് നല്ല ഓഫർ ഉണ്ട് ഒരു ടീവി വാങ്ങാൻ പോകാം എന്നു പറഞ്ഞു ഈ പരസ്യം കാണിച്ചു, ഇത് കണ്ടപ്പോൾ തന്നെ ഞാൻ പറഞ്ഞു ഇത് കിട്ടില്ല സംശയമുണ്ടെങ്കിൽ പോയി നോക്കാമെന്ന്, അങ്ങനെ അവിടെ ചെന്ന് ചോദിച്ചപ്പോൾ സ്റ്റോക്ക് തീർന്നു പോലും. ചിട്ടി പിടിച്ചും കടം വാങ്ങിയും ഓണത്തിന് ടീവി വാങ്ങാൻ ചെല്ലുന്നവരാണ് ഇതുപോലുള്ള പരസ്യങ്ങൾ കണ്ടു തല വെക്കുന്നത്, അകത്തു കയറിക്കിട്ടിയാൽ ഏതെങ്കിലും ഒരെണ്ണം അടിച്ചേല്പിക്കാൻ അവർക്കും അറിയാം, പുള്ളിയെയും ഒരു 32 impex ടീവി ഏല്പിച്ചു, ഈ പരസ്യത്തിൽ കാണുന്ന ടീവി കിട്ടിയ ആരെങ്കിലും ഉണ്ടെങ്കിൽ ഒന്ന് പറയണം, സ്റ്റോക്ക് തീരണമെങ്കിൽ ആരെങ്കിലുമൊക്കെ വാങ്ങിക്കാണുമല്ലോ.< < <
പരസ്യത്തില്‍ വമ്പന്‍ ഓഫര്‍ എഴുതിയിരിക്കും. അതായത് മറ്റെങ്ങും ആ വിലക്ക് ആ ഉപകരണം ലഭിക്കില്ല. ഈ പരസ്യത്തില്‍ മയങ്ങി ഷോറൂമില്‍ ചെന്നാല്‍ അവിടെ ആ മോഡലിന്റെ സ്റ്റോക്ക് തീര്‍ന്നെന്നു പറയും. കൂടിയ വിലക്കുള്ള മറ്റേതെങ്കിലും ഉല്‍പ്പന്നം അടിച്ചേല്‍പ്പിക്കുകയും ചെയ്യും. കുട്ടികളും കുടുംബവും ഒക്കെയായി വരുന്നവര്‍ കൂടുതല്‍ തര്‍ക്കിക്കാനോ സാധനം വേണ്ടെന്നു പറഞ്ഞ് മടങ്ങാനോ തയ്യാറാകില്ല. ഏറെ ആഗ്രഹത്തോടെയായിരിക്കും കുട്ടികളും എത്തുന്നത്. അതുകൊണ്ടുതന്നെ ഷോറൂമിലെ ജീവനക്കാര്‍ പറയുന്ന ഉപകരണം ഇവര്‍ വാങ്ങും. ഫലത്തില്‍ അനിയത്തിയെ കാണിച്ച് ചേട്ടത്തിയെ കെട്ടിയേല്‍പ്പിക്കുന്ന പരിപാടി. ഏതാനും വര്‍ഷം മുമ്പ് നന്ദിലത്ത് ജി മാര്‍ട്ടിന്റെ പരസ്യം ഇതുപോലെ വന്നപ്പോള്‍ വിലക്കുറവ് കണ്ട് അവിടുന്ന് സാധനം വാങ്ങാന്‍ തീരുമാനിച്ചു. സ്റ്റോക്ക് തീരുമെന്ന് ഭയന്ന് പരസ്യം വന്ന ദിവസം രാവിലെ തന്നെ ഷോറൂമിന്റെ മുമ്പില്‍ എത്തി. ചെന്നപ്പോള്‍ ഷട്ടര്‍ തുറക്കുന്നതേ ഉണ്ടായിരുന്നുള്ളൂ. ആദ്യത്തെ കസ്റ്റമറായി വലതുകാല്‍ വെച്ച് കയറി. പരസ്യത്തില്‍ വിലക്കുറവ് പ്രഖ്യാപിച്ച മോഡല്‍ ആവശ്യപ്പെട്ടപ്പോള്‍ സ്റ്റോക്ക് തീര്‍ന്നെന്ന മറുപടി. പിന്നെ തര്‍ക്കിക്കാന്‍ നിന്നില്ല സാധനം വാങ്ങാന്‍ ചെന്നയാള്‍ ഇടതുകാല്‍ വെച്ച് തിരിച്ചിറങ്ങി പോന്നു. കുമ്പഴയിലെ ഒരു വ്യാപാരിയുടെ അനുഭവമായിരുന്നു ഇത്. > > > തുടരും .