കോട്ടയം : തിരുവനന്തപുരത്തും കോട്ടയത്തുമുള്ള കിംസ് ആശുപത്രിയില്‍ എന്‍ഫോഴ്സ് മെന്റ് ഡയറക്ടറേറ്റ് പരിശോധന നടക്കുന്നു. വന്‍ സുരക്ഷയിലാണ് പരിശോധന നടക്കുന്നത്. ഇന്ന് രാവിലെ 10 മണിയോടെയാണ് പരിശോധന തുടങ്ങിയത്. ഇപ്പോഴും പരിശോധന തുടരുകയാണ്.
കോട്ടയം കുടമാളൂരില്‍ ആണ് കിംസ് ആശുപത്രി പ്രവര്‍ത്തിക്കുന്നത്. വിദേശ മലയാളിയായ കോട്ടയം സ്വദേശി ജൂബി ദേവസ്യ 2010 ല്‍ നാട്ടിലെത്തി രൂപീകരിച്ച കമ്പിനിയാണ് ബെല്‍ റോസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് പ്രൈവറ്റ് ലിമിറ്റഡ്. ഇദ്ദേഹവും ഭാര്യയും ആയിരുന്നു ഡയറക്ടര്‍മാര്‍. 2012 ല്‍ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയാണ് ഈ ആശുപത്രി ഉദ്ഘാടനം ചെയ്തത്. വളരെ നല്ലരീതിയിലായിരുന്നു ആശുപത്രി പ്രവര്‍ത്തിച്ചുകൊണ്ടിരുന്നത്.
2013 ഏപ്രില്‍ 20 ന് ബെല്‍ റോസ് കമ്പിനിയുടെ 55 ശതമാനം ഓഹരി തിരുവനന്തപുരം കേന്ദ്രമാക്കി പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന കിംസ് ഹെല്‍ത്ത് കെയര്‍ മാനെജ്മെന്റ് പ്രൈവറ്റ് ലിമിറ്റഡ് (കെ.എച്ച്.എം.എല്‍) എന്ന കമ്പിനിക്ക് കൈമാറി. എം.ഐ സഹറുള്ളയുടെ ഉടമസ്ഥതയിലുള്ളതാണ് ഈ കമ്പിനി. ആശുപത്രിയുടെ സ്ഥാപക കമ്പിനിയായ ബെല്‍ റോസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് പ്രൈവറ്റ് ലിമിറ്റഡിന് 45 ശതമാനം ഓഹരിയായിരുന്നു പിന്നീട് കൈവശം ഉണ്ടായിരുന്നത്. രണ്ടര ഏക്കര്‍ സ്ഥലവും അരലക്ഷം ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള ആശുപത്രി കെട്ടിടങ്ങളുമായിരുന്നു ആദ്യ കമ്പിനിയുടെ ആസ്തി.
55 ശതമാനം ഓഹരി കൈവശമായത്തോടെ ബെല്‍ റോസ് കമ്പിനിയുടെ തലപ്പത്തും അഴിച്ചുപണി ഉണ്ടായി. കിംസ് ഗ്രൂപ്പിന്റെ പുതിയ നേത്രുത്വം 45 കോടി 18 ലക്ഷം രൂപ സൗത്ത് ഇന്ത്യന്‍ ബാങ്ക് തിരുവനന്തപുരം ശാഖയില്‍ നിന്നും 2014 മുതല്‍ വായ്പ എടുത്തു. എന്നാല്‍ ഇത് തന്റെ അറിവോ സമ്മതമോ ഇല്ലാതെയാണെന്നും വായ്പയായി ലഭിച്ച തുക കിംസ് ഗ്രൂപ്പ് അവരുടെ മറ്റ് സംരംഭങ്ങളില്‍ മുടക്കുകയായിരുന്നെന്നും ബെല്‍ റോസ് കമ്പിനിയുടെ സ്ഥാപക ഉടമകള്‍ പറയുന്നു. ആശുപത്രിയും സ്വത്തുക്കളും ഇപ്പോഴും തന്റെ ഉടമസ്ഥതയിലാനെന്നും ജൂബി ദേവസ്യ വ്യക്തമാക്കി.
ഇതിനിടെ 120 കോടി രൂപ ബെല്‍ റോസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള കോട്ടയം കിംസ് ആശുപത്രിയില്‍ മുടക്കിയതായി കമ്പിനി രേഖകളില്‍ വ്യക്തമാകുന്നുവെന്ന് കമ്പിനിയുടെ ആദ്യ ചെയര്‍മാന്‍ ജൂബി ദേവസ്യ പറയുന്നു. ഈ പണത്തിന്റെ സ്രോതസ് ആണ് എന്‍ഫോഴ്സ് മെന്റ് ഡയറക്ടറേറ്റ് പരിശോധിക്കുന്നത്. കൂടാതെ കേരളാ ഹൈക്കോടതിയിലും സുപ്രീംകോടതിയിലും കേസുകള്‍ നടക്കുന്നുണ്ടെന്നും ജൂബി ദേവസ്യ പറയുന്നു. പ്രവാസിയായ തന്റെ സമ്പാദ്യം മുഴുവന്‍ നഷ്ടപ്പെട്ടെന്നും ഇപ്പോള്‍ വാടക വീട്ടിലാണ് താമസമെന്നും തന്റെ ജീവന്‍ ഏതു നിമിഷത്തിലും അപകടത്തില്‍ പെടാമെന്നും ഈ പ്രവാസി സംരംഭകന്‍ വേദനയോടെ പറയുന്നു. കിംസ് ഗ്രൂപ്പ് തന്നെ ചതിക്കുകയായിരുന്നെന്നും തന്നെ കള്ളക്കേസില്‍ കുടുക്കി ജയിലില്‍ അടക്കുവാനുള്ള ശ്രമം നടക്കുന്നുണ്ടെന്നും ജൂബി ദേവസ്യ വ്യക്തമാക്കി.