തിരുവനന്തപുരം : മനപ്പൂര്‍വ്വം കിരണിനെ കുടുക്കുവാന്‍ വേണ്ടി സാഹചര്യം സ്യഷ്ടിച്ചത്‌പോലെ തോന്നിയെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു. സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെത്തേടി ആഴിമലയില്‍ എത്തി ദുരൂഹ സാഹചര്യത്തില്‍ കാണാതായ കിരണിനെ, പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ മര്‍ദിച്ചെന്ന് കൂടെയുണ്ടായിരുന്ന സുഹൃത്ത് മെല്‍വിന്‍. പെണ്‍കുട്ടിയുടെ സഹോദരന്‍ ഹരിയും സഹോദരീ ഭര്‍ത്താവ് രാജേഷും ഉള്‍പ്പെടെ മൂന്നു പേര്‍ ചേര്‍ന്നാണ് മര്‍ദിച്ചത്. പോലീസിനോട് സംസാരിക്കാമെന്ന് പറഞ്ഞാണ് കിരണിനെ ബൈക്കില്‍ കയറ്റിക്കൊണ്ടുപോയത്. കിരണിനെ തിരഞ്ഞ് കടലിന്റെ ഭാഗത്തേക്ക് പോകാന്‍ ശ്രമിച്ച തങ്ങളെ ഭീഷണിപ്പെടുത്തി തിരിച്ചോടിച്ചെന്നും മെല്‍വിന്‍ പറഞ്ഞു.
നേരത്തെ, കിരണി (25) ന്റേതെന്നു സംശയിക്കുന്ന മൃതദേഹം തമിഴ്‌നാട് കൊല്ലങ്കോടിനു സമീപം ഇരയിമ്മന്‍തുറ തീരത്തു കണ്ടെത്തിയിരുന്നു. ബന്ധുക്കള്‍ തിരിച്ചറിഞ്ഞെങ്കിലും ജീര്‍ണിച്ച നിലയിലായതിനാല്‍ ഡിഎന്‍എ പരിശോധനയ്ക്കു ശേഷമേ സ്ഥിരീകരിക്കാനാകൂവെന്നു പോലീസ് അറിയിച്ചു. കിരണിന്റെ തിരോധാനത്തിന് ഉത്തരമാകുമെങ്കിലും അപകടമാണോ അപായപ്പെടുത്തിയതാണോ എന്നു കണ്ടെത്തേണ്ടതുണ്ട്. കിരണിനെ തട്ടിക്കൊണ്ടു പോയി മര്‍ദിച്ചതായി പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ക്കെതിരെ കേസ് എടുത്തിരുന്നു. ഇവര്‍ ഇപ്പോഴും ഒളിവിലാണ്.
പള്ളിച്ചല്‍ മൊട്ടമൂട് വള്ളോട്ടുകോണം മേക്കുംകര പുത്തന്‍ വീട്ടില്‍ മധു-മിനി ദമ്ബതിമാരുടെ മൂത്ത മകന്‍ കിരണിനെ കഴിഞ്ഞ 9 ന് ഉച്ചകഴിഞ്ഞാണു കാണാതായത്. ബന്ധുക്കളായ രണ്ടു സുഹൃത്തുക്കള്‍ക്കൊപ്പം ആഴിമല സ്വദേശിനിയെ കാണാനാണു കിരണ്‍ എത്തിയത്. പെണ്‍കുട്ടിയെ വീടിനു സമീപം കണ്ട ശേഷം മടങ്ങുമ്ബോള്‍ അവരുടെ ബന്ധുക്കള്‍ മര്‍ദിക്കുകയും തട്ടിക്കൊണ്ടു പോവുകയും ചെയ്‌തെന്നാണു സുഹൃത്തുക്കള്‍ പൊലീസിനെ അറിയിച്ചത്. ആഴിമല കടല്‍ത്തീരത്തു നിന്നു പിന്നീടു കിരണിന്റെ ചെരിപ്പ് കിട്ടി. തീരത്തേക്കു പോകുന്ന റോഡിലൂടെ കിരണ്‍ പരിഭ്രാന്തനായി ഓടുന്നതിന്റെ സിസിടിവി ദൃശ്യവും ലഭിച്ചു.
കടലില്‍ ഉള്‍പ്പെടെ 4 ദിവസമായി തിരച്ചില്‍ നടക്കുകയാണ്. ഇന്നലെ പുലര്‍ച്ചെയോടെയാണ് 25 – 30 വയസ്സ് പ്രായമുള്ളയാളുടെ മൃതദേഹം കരയ്ക്കടിഞ്ഞത്. വസ്ത്രങ്ങള്‍ ഇല്ലായിരുന്നു. വലതു കയ്യിലെ വെളുത്ത ചരടും കാല്‍ വിരലുകളുടെ പ്രത്യേകതയും കണ്ടാണു ബന്ധുക്കള്‍ മൃതദേഹം കിരണിന്റേതാണെന്ന് ഉറപ്പിച്ചതെന്നു പോലീസ് പറഞ്ഞു.