തിരുവനന്തപുരം : ആഴിമലയില്‍ നിന്ന് ദുരൂഹ സാഹചര്യത്തില്‍ കാണാതായ കിരണിന്റേതെന്ന് സംശയിക്കുന്ന മൃതദേഹം തിരിച്ചറിയാനായി ഡിഎന്‍എ പരിശോധനക്കുള്ള നടപടികള്‍ പോലീസ് ആരംഭിച്ചു. മൃതദേഹത്തില്‍ നിന്ന് തമിഴ്നാട് അധികൃതര്‍ ശേഖരിച്ച സാമ്പിള്‍ ഇന്നലെ വിഴിഞ്ഞം പോലീസിന് കൈമാറി. കിരണിന്റെ മാതാപിതാക്കളെ വിളിച്ച് വരുത്തിയ അധികൃതര്‍ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ എത്തിച്ച് രക്തസാമ്പിളും ശേഖരിച്ചു.
നെയ്യാറ്റിന്‍കര ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് ഏഴാം കോടതിയുടെ അനുമതിയോടെ സാമ്പിളുകള്‍ ഇന്ന് തന്നെ തിരുവനന്തപുരം ഫോറന്‍സിക് ലാബിലേക്ക് പരിശോധനക്ക് അയക്കുമെന്ന് അന്വേഷണ ചുമതലയുള്ള വിഴിഞ്ഞം സിഐ പ്രജീഷ് ശശി അറിയിച്ചു. ഫലം കിട്ടുന്ന മുറക്ക് ആശാരിപ്പള്ളം മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കുന്നതിന് തീരുമാനമുണ്ടാകും. പെണ്‍ സുഹൃത്തിനെത്തേടി ഇക്കഴിഞ്ഞ ഒന്‍പത് ശനിയാഴ്ച ഉച്ചയോടെ ആഴിമലയില്‍ എത്തി ദുരൂഹ സാഹചര്യത്തില്‍ കാണാതായ കിരണിന്റേതെന്ന് കരുതുന്ന മൃതദേഹമാണ് പതിമൂന്നിന് രാവിലെ കുളച്ചല്‍ നിദ്രവിള തീരത്തടിഞ്ഞത്.
പിതാവും ബന്ധുക്കളും തിരിച്ചറിഞ്ഞ മൃതദേഹം കിരണിന്റേതാണെന്ന് ഉറപ്പുവരുത്താനാണ് മൃതദേഹം ഡിഎന്‍എ പരിശോധന നടത്താന്‍ പോലീസ് തീരുമാനിച്ചത്. ഇതിനിടയില്‍ യുവാക്കളെ മര്‍ദ്ദിച്ചെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ ഒളിവില്‍ പോയ പ്രതികള്‍ മുന്‍കൂര്‍ ജാമ്യത്തിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചെങ്കിലും ഇന്നലെ വൈകുന്നേരം വരെയും ജാമ്യം ലഭിച്ചില്ലെന്നാണറിവ്. ഇവരെ കണ്ടെത്തുന്നതിനുള്ള ശ്രമങ്ങളും പോലീസ് തുടരുകയാണ്.
രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പമാണ് മൊട്ടമൂട് സ്വദേശിയ കിരണ്‍ ആഴിമലയിലെ ഫേസ്ബുക്ക് സുഹൃത്തിനെ കാണാനെത്തിയത്. വീടിന് മുന്നിലെത്തി മടങ്ങുന്നതിനിടെ കിരണിനെയും സുഹൃത്തുക്കളെയും പെണ്‍കുട്ടിയുടെ സഹോദരനും രണ്ടു ബന്ധുക്കളും പിന്തുടര്‍ന്ന് പിടികൂടി. കിരണിനെ ബൈക്കിലും സുഹൃത്തുക്കളെ കാറിലും കയറ്റി ആഴിമല ഭാഗത്തേക്ക് കൊണ്ടുപോകുകയായിരുന്നു. ബൈക്കില്‍ കയറിയ കിരണ്‍ ആഴിമലയില്‍ എത്തിയില്ലെന്നും ബൈക്കില്‍ നിന്ന് ഇറങ്ങി ഓടിയെന്ന് പിടിച്ച് കൊണ്ടുപോയവര്‍ പറഞ്ഞെന്നുമാണ് കൂട്ടുകാരുടെ മൊഴി.