ന്യൂഡൽഹി: വഖഫ് നിയമ ഭേദഗതി ബിൽ പാർലമെന്റിൽ അവതരിപ്പിക്കുന്നു. കേന്ദ്രമന്ത്രി കിരൺ റിജിജുവാണ് ലോക്സഭയിൽ ബില്ല് അവതരിപ്പിക്കുന്നത്. 8 മണിക്കൂർ ബില്ലിൻമേൽ സഭയിൽ ചർച്ച നടക്കും. ശേഷം കേന്ദ്ര ന്യൂനപക്ഷകാര്യമന്ത്രി കിരൺ റിജിജു സഭയിൽ മറുപടി നൽകും. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായും ചർച്ചയിൽ സംസാരിക്കും. ബില്ലിനെതിരെ ശക്തമായി പ്രതിഷേധം തുടരാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. അതേസമയം സഭയിൽ രാഹുൽ ഗാന്ധിയില്ല. ബിൽ അവതരിപ്പിക്കാൻ മന്ത്രിയെ ക്ഷണിച്ചപ്പോൾ തന്നെ പ്രതിപക്ഷം പ്രതിഷേധം ഉയർത്തി. ബില്ല് അവതരണത്തിൽ ക്രമ പ്രശ്നം ഉന്നയിച്ച് പ്രതിപക്ഷം. നിയമം അടിച്ചേൽപ്പിക്കുകയാണെന്ന് കെ സി വേണുഗോപാൽ പറഞ്ഞു. ഭേദഗതികളിലെ എതിർപ്പുകൾ പറയാൻ അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
യഥാർത്ഥ ബില്ലിൽ ചർച്ച നടന്നിട്ടില്ലെന്ന് പ്രേമചന്ദ്രൻ ഉന്നയിച്ചു. ജെ പി സിക്ക് ഭേദഗതി നിർദ്ദേശങ്ങൾ ബില്ലിൽ ചേർക്കാനാകുമോയെന്നും പ്രേമചന്ദ്രൻ ചോദിച്ചു. പ്രതിപക്ഷം പറഞ്ഞതനുസരിച്ചാണ് ബില്ല് ജെപിസിക്ക് വിട്ടതെന്നും ജെ പി സി റിപ്പോർട്ടിന് ക്യാബിനറ്റ് അംഗീകാരം നൽകിയിട്ടുണ്ടെന്നും ആഭ്യന്തരമന്ത്രി അമിത് ഷാ മറുപടി നൽകി. എല്ലാ നടപടിക്രമങ്ങളും പാലിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കിയ അമിത് ഷാ, കോൺഗ്രസ് കാലത്തെ പോലുള്ള നടപടികളല്ലെന്നും പരിഹാസിച്ചു. വഖഫ് സ്വത്തിൽ അവകാശം ഉന്നയിക്കാൻ രേഖ നിർബന്ധമാക്കുമെന്നതാണ് ബില്ലിലെ പ്രധാന വ്യവസ്ഥകളിലൊന്ന്. സ്ത്രീകളെയും അമുസ്ലീമുകളെയും ബോർഡിൽ ഉൾപ്പെടുത്താനും ബില്ല് നിർദേശിക്കുന്നു. ട്രൈബ്യൂണൽ വിധിയിൽ ആക്ഷേപമുള്ളവർക്ക് ഹൈക്കോടതിയെ സമീപിക്കാമെന്നും ബില്ല് നിഷ്കർഷിക്കുന്നു.
5 വർഷം ഇസ്ലാം മതം പിന്തുടർന്നവർക്കേ വഖഫ് നൽകാനാവൂ എന്ന വ്യവസ്ഥയും ബില്ലിലുണ്ട്. വഖഫ് ബൈ യൂസർ വ്യവസ്ഥക്ക് പകരം, വഖഫ് ഡീഡ് എന്ന വ്യവസ്ഥ നിർബന്ധമാക്കി. വഖഫ് സംബന്ധിച്ച ട്രൈബ്യൂണൽ വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കാമെന്നും സംസ്ഥാന സർക്കാർ നിയോഗിക്കുന്ന മുതിർന്ന ഉദ്യോഗസ്ഥൻ തർക്കങ്ങളിൽ തീർപ്പ് കൽപ്പിക്കുമെന്നും ബില്ലിൽ വ്യവസ്ഥ ചെയ്യുന്നു. ജില്ലാ കളക്ടർ എന്ന വ്യവസ്ഥ എടുത്ത് മാറ്റി. വഖഫ് പട്ടിക വിജ്ഞാപനം ചെയ്താൽ 90 ദിവസത്തിനകം വഖഫ് പോർട്ടലിലും, ഡാറ്റാബേസിലും അപ്ലോഡ് ചെയ്യണം. രജിസ്റ്റർ ചെയ്യാത്ത വഖഫ് സ്വത്തുക്കൾ സർക്കാരിനേറ്റെടുക്കാമെന്നും ബില്ലിൽ വ്യവസ്ഥയുണ്ട്.