റാന്നി : വിദ്യാഭ്യാസത്തിന്റെ പ്രധാന ലക്ഷ്യം അറിവുകൾ കുത്തിനിറയ്ക്കുക എന്നതല്ല നല്ല മനുഷ്യരാകുക യെന്നതാണെന്ന് സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാർ പറഞ്ഞു. കിസുമം ഗവ. ഹയർ സെക്കൻഡറി സ്കൂളിന്റെ വാർഷികാഘോഷത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. നന്മയും കാരുണ്യവും സഹജീവിസ്നേഹവും പാർശ്വവത്കരിക്കപ്പെട്ടവരോട് കരുതലുള്ളവരുമായി ജീവിക്കാൻ കഴിയണം. മനുഷ്യൻ മനുഷ്യനെ സ്നേഹിക്കുമ്പോഴാണ് മനുഷ്യന് ദൈവത്തെ സ്നേഹിക്കാൻ കഴിയുന്നതെന്നും കിസുമം സ്കൂളിന്റെ ബ്രാൻഡ് അംബാസിഡർകൂടിയായ പ്രേംകുമാർ പറഞ്ഞു. കിസുമം സ്കൂളിനെ എല്ലാവിധ ആധുനിക സൗകര്യങ്ങളോടും കൂടിയ മികവിന്റെ കേന്ദ്രമാക്കി മാറ്റാൻ ഒത്തൊരുമിച്ച് ശ്രമിക്കാം എന്നും അദ്ദേഹം പറഞ്ഞു.
പെരുനാട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി.എസ്.മോഹനൻ വാർഷികാഘോഷം ഉദ്ഘാടനം ചെയ്തു. പി.ടി.എ.പ്രസിഡന്റ് ടി.കെ.രാജൻ അധ്യക്ഷത വഹിച്ചു. സമഗ്ര സംഭാവനയ്ക്കുള്ള പൂർണചന്ദ്ര പുരസ്കാരം ജോസ് സ്കറിയയും മികച്ച ഓൾറൗണ്ടർക്കുള്ള സമർഥ താരപുരസ്‌കാരം ലിയോ ജോസും അസാധാരണ മികവിനുള്ള അതുല്യജ്വാല പുരസ്‌കാരം സാജിത പി.നസീമും പ്രേംകുമാറിന്റെ പക്കൽൽനിന്ന് ഏറ്റുവാങ്ങി. കഴിഞ്ഞ നാലു വർഷമായി സ്‌കൂളിനായി വിവിധ സഹായങ്ങൾ ചെയ്തുനൽകുന്ന പന്തളം കോളേജ് പൂർവ വിദ്യാർഥി കൂട്ടായ്മ ടീം ലീഡർ നിഷ ആനി ജോസഫിനെ ചടങ്ങിൽ ആദരിച്ചു. പൂർവവിദ്യാർഥിയും പ്രവാസി വ്യവസായിയുമായ മൂലക്കയം നെടുവേലിൽ എൻ.വി.എബ്രഹാം നവീകരിച്ചു നൽകിയ എൽ.പി.സ്‌കൂൾ കെട്ടിടം അദ്ദേഹത്തിന്റെ സഹോദരനും മുൻ പി.ടി.എ.പ്രസിഡന്റുമായ എൻ.വിമാത്യു സ്‌കൂളിന് സമർപ്പിച്ചു. അജിതാ റാണി, എം.എസ്.ശ്യാം, റിൻസി ബൈജു, എ.എസ്.വർഗീസ്, മഞ്ജു പ്രമോദ്, കെ.എ.ആന്റണി, ബിനു കാരിക്കൽ, രാജീവ് വർഗീസ്, മാത്യു ജോസഫ്, വി.വി.വിപിൻ തുടങ്ങിയവർ പ്രസംഗിച്ചു.