ഇന്ന് വീടുകളില്‍ ഒഴിച്ചുകൂടാനാവാത്ത ഉപകരണങ്ങളിലൊന്നാണ് റഫ്രിജറേറ്ററുകള്‍ അഥവാ ഫ്രിഡ്ജുകള്‍. ഭക്ഷ്യ വസ്തുക്കള്‍ കേട് വരാതെ സൂക്ഷിക്കുക എന്നതാണ് ഫ്രിഡ്ജുകളുടെ പ്രാഥമികവും പ്രധാനവുമായ ധര്‍മ്മം. ബാക്ടീരിയകളുടെയും മറ്റ് സൂക്ഷ്മജീവികളുടെയും വളര്‍ച്ചയെ മന്ദഗതിയിലാക്കാന്‍ നിയന്ത്രിതമായ അളവില്‍ കുറഞ്ഞ താപനില നിലനിര്‍ത്തുക എന്ന തത്വത്തിലാണ് ഇവ പ്രവര്‍ത്തിക്കുന്നത്. ഭക്ഷണം ഫ്രഷായും സുരക്ഷിതമായും സൂക്ഷിക്കുന്നതിലൂടെ ഫ്രിഡ്ജുകള്‍ ഭക്ഷണം പാഴാക്കുന്നത് കുറക്കുകയും ചെയ്യുന്നു. ഇങ്ങനെയൊക്കെയാണെങ്കിലും നല്ല വൃത്തിയോടെ പരിപാലിക്കേണ്ടവയാണ് ഫ്രിഡ്ജുകള്‍. പലപ്പോഴും ഫ്രിഡ്ജില്‍ എല്ലാ സാധനങ്ങളും കുത്തിനിറച്ച് വെക്കുന്നത് കാണാറുണ്ട്. ഇത് വഴി ഭക്ഷണത്തിന്റെ കറകളും അഴുക്കും അവശിഷ്ടങ്ങളും ഫ്രിഡ്ജില്‍ പതിയാന്‍ ഇടയാകും.
ഇത് അസഹനീയമായ ദുര്‍ഗന്ധത്തിലേക്കും നയിക്കും. ഭക്ഷണം പുതുമയുള്ളതും സുരക്ഷിതമായും നിലനിര്‍ത്തേണ്ടതും ഫ്രിഡ്ജ് വൃത്തിയായി സൂക്ഷിക്കേണ്ടതും ഏതൊരാളുടേയും ആവശ്യമാണ്. അതിനാല്‍ ഫ്രിഡ്ജ് വൃത്തിയാക്കാനുള്ള ഏറ്റവും നല്ല മാര്‍ഗം എങ്ങനെയാണ് എന്ന് നോക്കാം. മാസത്തിലൊരിക്കലോ രണ്ടാഴ്ച കൂടുമ്പോഴോ ഫ്രിഡ്ജ് വൃത്തിയാക്കുന്നതാണ് ഏറ്റവും ഉചിതം. വൃത്തിയാക്കല്‍ പ്രക്രിയ ആരംഭിക്കുന്നതിന് മുമ്പ് ഫ്രിഡ്ജില്‍ നിന്ന് എല്ലാ ഭക്ഷണങ്ങളും നീക്കം ചെയ്യണം. ശേഷം ഫ്രിഡ്ജിലെ പല ഷെല്‍ഫുകള്‍ പുറത്തേക്കെടുത്ത് ചൂടുള്ള സോപ്പ് വെള്ളത്തില്‍ മുക്കിവയ്ക്കുക. ഈ സമയം ഒരു ഡസ്റ്റര്‍ തുണി ഉപയോഗിച്ച് ഫ്രിഡ്ജിന്റെ ഉള്ളില്‍ വൃത്തിയാക്കാന്‍ തുടങ്ങുക. ഫ്രിഡ്ജിനുള്ളില്‍ തീര്‍ച്ചയായും ഭക്ഷണത്തിന്റെ കറകള്‍ ഉണ്ടായിരിക്കും. ഇത് കളയാനായി തുണിയില്‍ ബേക്കിംഗ് സോഡയോ വിനാഗിരിയോ എടുത്ത് വെള്ളവുമായി ചേര്‍ത്ത് ഒരു മിശ്രിതം ഉണ്ടാക്കുക. ശേഷം കറയുടെ പാടുകളില്‍ മൃദുവായി തടവുക.
ഫ്രിഡ്ജില്‍ ഭക്ഷണ സാധനങ്ങള്‍ സൂക്ഷിക്കാന്‍ കണ്ടെയ്‌നറുകള്‍ വെക്കുന്നവരാണ് പലരും. ഇവയെല്ലാം പുറത്തെടുത്ത് നന്നായി തുടച്ച് അല്‍പ നേരം നല്ല വെളിച്ചമുള്ളിടത്ത് വെക്കണം. പലപ്പോഴും ഫ്രിഡ്ജ് തുറന്നാലുടന്‍ ഭക്ഷണം ചോര്‍ന്ന് ദുര്‍ഗന്ധം വമിക്കാറുണ്ട്. ഇത് ഇല്ലാതാക്കാന്‍ ഫ്രിഡ്ജിന്റെ ഏതെങ്കിലും മൂലയില്‍ പകുതി മുറിച്ച നാരങ്ങകള്‍ സൂക്ഷിക്കുക. ഫ്രിഡ്ജില്‍ ഉള്ള എല്ലാ കറകളും അഴുക്കും സ്‌പ്രേ ചെയ്ത് തുടയ്ക്കുക. ഇത് നിങ്ങളുടെ ഫ്രിഡ്ജ് നല്ല മണമുള്ളതാക്കുന്നു. കൃത്യമായ ഷെഡ്യൂളില്‍ ഫ്രിഡ്ജ് വൃത്തിയാക്കാന്‍ മറക്കരുത്. ഫ്രിഡ്ജിലെ വെള്ളം ആഴ്ചയിലൊരിക്കലെങ്കിലും മാറ്റാന്‍ ശ്രമിക്കണം. ഇത് ഫ്രിഡ്ജിനെ എന്നും പുതുമയുള്ളതായി നിലനിര്‍ത്തും.