ഹൈദരാബാദ് : തെലങ്കാനയിൽ വൻ നിക്ഷേപം നടത്തുന്നത് സംബന്ധിച്ച ധാരണാപത്രത്തിൽ കിറ്റെക്സ് ഗ്രൂപ്പും തെലങ്കാന സർക്കാരും ഒപ്പുവെച്ചു. തെലങ്കാനയിൽ 1000 കോടിയുടെ നിക്ഷേപം നടത്തുമെന്ന് നേരത്തെ പ്രഖ്യാപിച്ച കിറ്റെക്സ് 2400 കോടി നിക്ഷേപിക്കുമെന്നാണ് ഇപ്പോൾ വ്യക്തമാക്കിയിട്ടുള്ളത്. വാറങ്കലിലെ കാകാതിയ മെഗാ ടെക്സ്റ്റൈൽ പാർക്കിലും രംഗറെഡ്ഡി ജില്ലയിലെ സീതാറാംപുരിലുമാണ് നിക്ഷേപം നടത്തുന്നത്. ഇന്റഗ്രേറ്റഡ് ക്ലസ്റ്ററുകളുടെ പ്രവർത്തനം മൂന്ന് മാസത്തിനകം തുടങ്ങുമെന്ന് കിറ്റെക്സ് വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ടുചെയ്തു. 22,000 പേർക്ക് നേരിട്ടും 18,000 പേർക്ക് പരോക്ഷമായും തൊഴിലവസരം നൽകുന്നതാണ് ക്ലസ്റ്ററുകൾ.
തെലങ്കാന വ്യവസായമന്ത്രി കെ.ടി രാമറാവുവാണ് തന്നെ വിശ്വാസത്തിലെടുത്തതെന്ന് ധാരണാപത്രം ഒപ്പുവച്ചശേഷം കിറ്റെക്സ് ഗ്രൂപ്പ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ സാബു എം ജേക്കബ് പറഞ്ഞു. തന്നിൽനിന്ന് എന്താണ് പ്രതീക്ഷിക്കുന്നതെന്ന് തെലങ്കാന വ്യവസായ മന്ത്രിയോട് ചോദിച്ചു. നിക്ഷേപമോ തൊഴിലവസരങ്ങളോ എന്ന് ആരാഞ്ഞു. തൊഴിലവസരങ്ങൾ ആണെന്ന് സെക്കൻഡുകൾക്കകം അദ്ദേഹം മറുപടി നൽകി. സംസ്ഥാനത്തോടും അവിടുത്തെ ജനങ്ങളോടുമുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധതത വ്യക്തമാക്കുന്നതായിരുന്നു മറുപടി. അതാണ് തന്നെ സ്വാധീനിച്ചത്.
1000 കോടിയുടെ നിക്ഷേപം തെലങ്കാനയിൽ നടത്താനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. 4000 പേർക്ക് തൊഴിലവസരം നൽകാനും. എന്നാൽ നിക്ഷേപം വർധിപ്പിക്കാൻ തീരുമാനിച്ചു. 2400 കോടിയുടെ നിക്ഷേപമാണ് നടത്താൻ പോകുന്നത്. 22,000 പേർക്ക് തൊഴിലവസരം നൽകുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
കിറ്റെക്സ് കേരളം വിടുന്നുവെന്ന വാർത്ത പത്രത്തിൽനിന്നാണ് അറിഞ്ഞതെന്ന് തെലങ്കാന വ്യവസായമന്ത്രി കെ.ടി രാമറാവു വ്യക്തമാക്കി. 3500 കോടിയുടെ നിക്ഷേപം മറ്റെവിടെയെങ്കിലും നടത്താൻ കിറ്റെക്സ് ഉദ്ദേശിക്കുന്നുവെന്ന് അറിഞ്ഞു. മാധ്യമ റിപ്പോർട്ടിന്റെ ഫോട്ടോ എടുത്ത് ഉടൻതന്നെ പ്രിൻസിപ്പൽ സെക്രട്ടറി ജയേഷ് രഞ്ജന് അയച്ചു. സാബു ജേക്കബുമായി ബന്ധപ്പെടാനും തനിക്ക് അദ്ദേഹവുമായി സംസാരിക്കാൻ ആഗ്രഹമുണ്ടെന്ന് അറിയിക്കാനും നിർദ്ദേശിച്ചു. ഒരു തിങ്കളാഴ്ച ആയിരുന്നു അത്. പ്രിൻസിപ്പൽ സെക്രട്ടറി അദ്ദേഹവുമായി ബന്ധപ്പെട്ടുവെങ്കിലും അനുകൂലമായി പ്രതികരിക്കാൻ ആദ്യം അദ്ദേഹം തയ്യാറായില്ല. ചൊവ്വാഴ്ച അദ്ദേഹവുമായി കോൺഫറൻസ് കോൾ നടത്തി. തെലങ്കാനയുടെ പ്രത്യേകതകൾ വിവരിച്ചു.
വ്യവസായസൗഹൃദ അന്തരീക്ഷം അടക്കമുള്ളവ വിശദീകരിച്ചു. ഹൈദരാബാദിലേക്ക് വന്ന് കാര്യങ്ങൾ നേരിട്ട് മനസിലാക്കാൻ നിർദ്ദേശിച്ചു. എന്നാൽ കോവിഡ് കാരണം നേരിട്ട് വരാനുള്ള ബുദ്ധിമുട്ട് അദ്ദേഹം അറിയിച്ചു. ഉടൻതന്നെ അദ്ദേഹത്തിനുവേണ്ടി പ്രത്യേക വിമാനം അയയ്ക്കാമെന്ന നിർദ്ദേശം മുന്നോട്ടുവെച്ചു. പക്ഷെ വിമാനത്തിൽ കയറുന്നതിന് തൊട്ടുമുമ്പ് മാത്രമെ മാധ്യമങ്ങളെ ഇക്കാര്യം അറിയിക്കാവൂ എന്ന് സാബു ജേക്കബിനോട് നിർദ്ദേശിച്ചു. വെള്ളിയാഴ്ച രാവിലെ സാബു എത്തി. അദ്ദേഹം വാറങ്കൽ സന്ദർശിച്ചു. തനിക്ക് ലഭിച്ച സ്വീകരണത്തിൽ സന്തോഷം പ്രകടിപ്പിച്ച അദ്ദേഹം 1000 കോടിയുടെ നിക്ഷേപവും 4000 തൊഴിലവസരങ്ങളും വാഗ്ദാനം ചെയ്തു.
കഴിഞ്ഞ ജൂണിൽ ആയിരുന്നു ഇത്. തുടർന്ന് വ്യവസായവകുപ്പ് ഉദ്യോഗസ്ഥരുടെ സംഘം കഠിനാധ്വാനം നടത്തി സാബുവിന് ആത്മവിശ്വാസം പകർന്നു. അടുത്ത ദിവസം രാവിലെ അദ്ദേഹം സീതാറാംപുർ സന്ദർശിച്ചു. നിക്ഷേപത്തിന് തയ്യറാണെന്ന് അറിയിച്ചു. 2400 കോടിയുടെ നിക്ഷേപമാണ് അദ്ദേഹം തെലങ്കാനയിലെ രണ്ട് സ്ഥലങ്ങളിൽ നടത്താൻ പോകുന്നത്. തെലങ്കാനയിലെ 22000 തദ്ദേശീയർക്ക് നേരിട്ട് തൊഴിലവസരം ലഭിക്കും. ടെക്സ്റ്റൈൽ മേഖലയിൽ 85 – 90 ശതമാനം സ്ത്രീ തൊഴിലാളികളാണ് ഉള്ളത് എന്നകാര്യം ശ്രദ്ധേയമാണ്. 18,000 പേർക്കാണ് പരോക്ഷമായി തൊഴിലവസരം ലഭിക്കാൻ പോകുന്നതെന്നും വ്യവസായമന്ത്രി പറഞ്ഞു.
തൊഴിലവസരം നൽകുമ്പോൾ പ്രദേശവാസികൾക്ക് പ്രധാന്യം നൽകണമെന്ന് തെലങ്കാന സർക്കാർ കിറ്റെക്സ് ഗ്രൂപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. തദ്ദേശീയർക്ക് പരിശീലനം നൽകുന്നത് സംബന്ധിച്ച ഉറപ്പം തെലങ്കാന വ്യവസായ മന്ത്രി കിറ്റെക്സിന് നൽകിയിട്ടുണ്ടെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടുചെയ്തു.