തിരുവനന്തപുരം : എസ് എന്‍ ഡി പി കണിച്ചുകുളങ്ങര യൂണിയന്‍ സെക്രട്ടറി കെ കെ മഹേശന്‍റെ ആത്മഹത്യാ കേസ് ഏറ്റെടുക്കാന്‍ താല്പര്യമില്ലെന്ന് ക്രൈംബ്രാഞ്ച്. ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ ആരോപണ വിധേയരായതിനാലാണ് തീരുമാനം. ക്രൈംബ്രാഞ്ച് മേധാവി ടോമിന്‍ ജെ. തച്ചങ്കരി ഡി.ജി.പിക്ക് രേഖാമൂലം മറുപടി നല്‍കി.
മഹേശന്റേതെന്നു കരുതുന്ന ആത്മഹത്യാക്കുറിപ്പില്‍ ക്രൈംബ്രാഞ്ച് മേധാവി ഉള്‍പ്പെടെയുള്ളവരുടെ പേരുകള്‍ പരാമര്ശിച്ചതിനാല്‍ അന്വേഷണം ഏറ്റെടുക്കുന്നത് ഉചിതമായിരിക്കില്ലെന്ന് എഡിജിപി ഡിജിപിക്ക് മറുപടി നല്‍കി. ക്രൈംബ്രാഞ്ചിനോട് ഡിജിപി തേടിയ അഭിപ്രായത്തെ തുടര്‍ന്നാണ് എഡിജിപി മറുപടി നല്‍കിയത്. അതേസമയം പ്രത്യേക അന്വേഷണ സംഘത്തിനോ ക്രൈംബ്രാഞ്ചിനോ അന്വേഷണം കൈമാറണമെന്ന ആവശ്യമുന്നയിച്ചു ലോക്കല്‍ പോലീസ് ഡി ജി പി ക്ക് കത്തുനല്‍കിയിരുന്നു.