കോഴിക്കോട്: മെഡിക്കൽ കോളജിൽ സുരക്ഷാജീവനക്കാരെ ആക്രമിച്ച കേസിൽ ഡിവൈഎഫ്ഐ പ്രവർത്തകർക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. മുഖ്യപ്രതി അരുൺ അടക്കം അഞ്ച് പേർക്കാണ് ജസ്റ്റിസ് വിജു എബ്രഹാം ഉപാധികളോടെ ജാമ്യം നൽകിയത്. കരാർ അടിസ്ഥാനത്തിൽ ജോലിയെടുക്കുന്ന സുരക്ഷാ ജീവനക്കാർ ആരോഗ്യ പ്രവർത്തകരുടെ പരിധിയിൽ പെടില്ലെന്ന ഹർജിക്കാരുടെ വാദം കോടതി അംഗീകരിച്ചു.
പ്രതികൾ കോഴിക്കോട് മെഡിക്കൽ കോളജ് പോലീസ് സ്റ്റേഷൻ പരിധിയിൽ പ്രവേശിക്കരുതെന്നും ജാമ്യം നൽകിയ ഉത്തരവിലുണ്ട്. അന്വേഷണം പൂർത്തിയായ സാഹചര്യത്തിൽ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ട സാഹചര്യമില്ലെന്ന പ്രതികളുടെ വാദം കൂടി കണക്കിലെടുത്താണ് കോടതി ഉത്തരവ്. അതേസമയം പ്രതികളെ രക്ഷപ്പെടുത്താനാണ് പോലീസിന്റെ ശ്രമമെന്നും നീതികിട്ടുമെന്ന് പ്രതീക്ഷയില്ലെന്നും മര്‍ദനമേറ്റ സുരക്ഷാജീവനക്കാരന്‍ ദിനേശന്‍ പ്രതികരിച്ചു.