തിരുവനന്തപുരം: വിവിധ സര്‍ക്കാര്‍ സേവനങ്ങളുടെ ഫീസ് നിരക്കുകൾ കൂട്ടി വരുമാന വര്‍ദ്ധനക്ക് നിര്‍ദ്ദേശങ്ങൾ തയ്യാറാക്കിയത് മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി കെഎം എബ്രഹാം നേരിട്ട്. ധനവകുപ്പിനെ ഇരുട്ടിൽ നിര്‍ത്തിക്കൊണ്ടായിരുന്നു സൂപ്പര്‍ ധനമന്ത്രിയായുള്ള കെഎം എബ്രഹാമിൻ്റെ ഇടപെടൽ. ക്ഷേമ പദ്ധതികളുടെ കുടിശിക നിവാരണം അടക്കം സർക്കാർ മുൻഗണനകൾ പുതുക്കിയുള്ള മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിന് പിന്നാലെയാണ് ഉത്തരവിറങ്ങിയത്. വരുമാന വര്‍ദ്ധനവിനുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ ഫയൽ ക്യാബിനറ്റിൻറെ പരിഗണനക്ക് എത്തിച്ചത് മുഖ്യമന്ത്രി നേരിട്ടായിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ മുൻഗണനകളിൽ മാറ്റം വേണമെന്ന ആവശ്യം എൽഡിഎഫിലും സർക്കാരിലും ഒരു പോലെ ഉയർന്നിരുന്നു. ക്ഷേമ പെൻഷൻ മുതൽ സർക്കാർ ജീവനക്കാരുടേയും പെൻഷൻകാരുടേയും ആനുകൂല്യങ്ങളിൽ വരെ കുടിശിക തീർക്കലിൽ ഊന്നിയായിരുന്നു മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. സമയബന്ധിത പദ്ധതി പ്രഖ്യാപനം അല്ലാതെ പണം എവിടെ നിന്ന് കണ്ടെത്തുമെന്ന് അവ്യക്തമാണ്. എല്ലാറ്റിനും പണം അനുവദിക്കേണ്ട ധനമന്ത്രിക്കും മറുപടി ഉണ്ടായിരുന്നില്ല.
ഇതിനിടെയാണ് നികുതിയിതര വരുമാന വർദ്ധനക്ക് ശുപാർശകൾ സമർപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഉത്തരവിറങ്ങിയത്. കാലങ്ങളായി കൂട്ടാത്ത ഫീസുകളും സേവന നിരക്കുകളും പുനഃക്രമീകരിച്ച് അതാത് വകുപ്പുകൾ റിപ്പോർട്ട് തയ്യാറാക്കാനാണ് നിർദ്ദേശം. തദ്ദേശ സ്ഥാപനങ്ങളുടെ യൂസർ ഫീ നിരക്കപകളിൽ വർദ്ധന വരുത്താനുള്ള ബജറ്റ് തീരുമാനം വ്യാപക വിർമർശനത്തിനിടയാക്കുകയും നിരക്ക് വർധന പിൻവലിക്കുകയും ചെയ്ത സാഹചര്യം നിലനിൽക്കെ കൂടിയാണ് പുതിയ പരിഷ്കാരം. ജനങ്ങളെ നേരിട്ട് ബാധിക്കുന്ന തീരുമാനങ്ങളിൽ പോലും ധനവകുപ്പിനെ വിശ്വാസത്തിലെടുത്തിട്ടില്ലെന്ന ആക്ഷേപം ശക്തമാണ്. പിരിഞ്ഞു കിട്ടാവുന്ന പരമാവധി തുകയുടെ കണക്കിലും വകുപ്പിനോ സര്‍ക്കാരിനോ വ്യക്തതയില്ല. അറിവില്ലാത്ത കാര്യമെന്ന് ധനവകുപ്പ് ആവര്‍ത്തിക്കുമ്പോൾ ചട്ടം മുന്നൂറ് പ്രകാരം മുഖ്യമന്ത്രി നടത്തിയ പ്രസ്താവനയുടേയും തുടർ തീരുമാനങ്ങളുടേയും ബാധ്യത മുഖ്യമന്ത്രിയുടെ ഓഫീസിലേക്കും ചീഫ് പ്രിൻസിപ്പൽ സെക്രട്ടറിയിലേക്കും ചുരുങ്ങുകയാണ്. വകുപ്പുകളെ വിശ്വാസത്തിലെടുക്കാത്ത മുഖ്യമന്ത്രിയുടെ സമീപനത്തിൽ മുന്നണിക്ക് അകത്തും പുറത്തും രാഷ്ട്രീയ ചർച്ചകളും സജീവമായിട്ടുണ്ട്.