മല്ലപ്പള്ളി: കഴിഞ്ഞ ലോക മാനസിക ആരോഗ്യ ദിനത്തിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച വായ്പൂർ കള്ളിപ്പാറ കെ.എം രാജേന്ദ്രൻ (46) തിരികെ ജീവിതത്തിലേക്ക്. പ്രദേശവാസികൾ പല തവണ ആശുപത്രിയിലെത്തിക്കാൻ നടത്തിയ ശ്രമങ്ങൾ വിഫലമായതിനെ തുടർന്ന് മുടിയും താടിയും നഖവും വളർത്തി അവശനിലയിൽ മുറിയ്ക്കുള്ളിൽ കഴിഞ്ഞിരുന്ന കെ.എം രാജേന്ദ്രനെ എടത്വ ആസ്ഥാനമായി പ്രവർത്തിക്കുന്ന സൗഹൃദ വേദി പ്രവർത്തകരുടെ നേതൃത്വത്തിലാണ് ഒരു മാസം മുമ്പ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഒരു മാസത്തെ ചികിത്സക്കു ശേഷം കഴിഞ്ഞ ദിവസം കെ.എം രാജേന്ദ്രനെ സൗഹൃദ വേദി ചെയർമാൻ ഡോ.ജോൺസൺ വി. ഇടിക്കുള, സെക്രട്ടറി റെന്നി തേവേരിൽ, കോർഡിനേറ്റർമാരായ ബനോജ് മാത്യു , ഹരിപ്രഭാസ് വെളിയം, ജോമോൻ മാത്യൂ എന്നിവർ ആശുപത്രിയിൽ എത്തി ചികിത്സക്കു ചെലവായ മുഴുവൻ തുകയും നല്കിയതിന് ശേഷം വീട്ടിലെത്തിച്ചു.
രണ്ടാം ഘട്ടമെന്ന നിലയിൽ ചോർന്നൊലിക്കുന്ന വീടിൻ്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ സൗഹൃദ വേദിയുടെ നേതൃത്വത്തിൽ നാളെ രാവിലെ 10ന് തുടക്കമാകും. കോട്ടാങ്ങൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ബിനു ജോസഫ് നിർമ്മാണ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്യും. കോട്ടാങ്ങൽ ഗ്രാമപഞ്ചായത്ത് അംഗം അഞ്ചു സദാനന്ദൻ, പൊതുപ്രവർത്തകൻ ഹരീഷ് വായ്പൂർ എന്നിവരങ്ങിയ താത്ക്കാലിക സമിതി മേൽനോട്ടം വഹിക്കും. ഫേസ്ബുക്ക് മുഖേന യുവാവിൻ്റെ ദുരിതാവസ്ഥ അറിഞ്ഞതിനെ തുടർന്ന് കഴിഞ്ഞ ഗാന്ധി ജയന്തി ദിനത്തിൽ സൗഹൃദ വേദി ചെയർമാൻ ഡോ.ജോൺസൺ വി. ഇടിക്കുള, കോർഡിനേറ്റർമാരായ ബനോജ് മാത്യു, ഹരിപ്രഭാസ് വെളിയം, ജോമോൻ മാത്യൂ എന്നിവർ യുവാവിൻ്റെ ഭവനം സന്ദർശിച്ച് കുടുംബത്തിന് സഹായം ചെയ്യുകയും അവശനിലയിൽ ചോർന്നൊലിക്കുന്ന വീടിനുള്ളിൽ കണ്ട യുവാവിനെ ചികിത്സക്കു വേണ്ടി വീട്ടിൽ നിന്നും മാറ്റാൻ തീരുമാനിക്കുകയുമായിരുന്നു. കൂടാതെ പ്രതിമാസം കുടുംബത്തിലേക്ക് ആവശ്യമായ പലചരക്ക് സാധനങ്ങൾ എത്തുന്നതിന് ക്രമീകരണവും സൗഹൃദ വേദി ചെയ്തിട്ടുണ്ട്.
കരവിരുതുകൊണ്ട് ഒറ്റത്തടിയിൽ നിന്നും ചേർപ്പുകളില്ലാതെ കൊത്തിയെടുത്ത ലോകത്തിലെ ഏറ്റവും വലിയ 112 അടി നീളത്തിലുള്ള ചങ്ങല നിർമ്മിച്ചതിന് ലിംക്കാ ബുക്ക് ഓഫ് വേൾഡ് റെക്കോർഡിൽ ഇടം നേടിയ വ്യക്തിയാണ് കെ.എം രാജേന്ദ്രൻ. സുമനസ്സുകളുടെ സഹായത്തോടെ കെ.എം രാജേന്ദ്രന് ഒരുക്കുന്ന സ്നേഹക്കൂടിൻ്റെ പ്രവർത്തനങ്ങളിൽ പങ്കാളിയാകാം. ഗൂഗിൾ പേ – 9947136355.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.