കോഴിക്കോട് : കളന്‍തോട് കെഎംസിറ്റി പോളിടെക്‌നിക് കോളേജ് വിദ്യാര്‍ത്ഥികള്‍ അടിച്ചു തകര്‍ത്തു. പരീക്ഷ മുടങ്ങിയതിനെ തുടര്‍ന്നാണ് വിദ്യാര്‍ത്ഥികള്‍ അക്രമം നടത്തിയത്. അദ്ധ്യാപകര്‍ പണിമുടക്കിയതിനാലാണ് ഇന്ന് രാവിലെ നടക്കാനിരുന്ന പരീക്ഷ മുടങ്ങിയത്. ഏഴു മാസമായി ശമ്പളം മുടങ്ങിയതിനാലാണ് പണിമുടക്ക് നടത്തുന്നതെന്നാണ് അദ്ധ്യാപകര്‍ പറയുന്നത്. ഇന്നലെയാണ് അദ്ധ്യാപകരുടെ പണിമുടക്ക് ആരംഭിച്ചത്.
ഇന്ന് രണ്ടാംവര്‍ഷ വിദ്യാര്‍ത്ഥികളുടെ പരീക്ഷ തുടങ്ങുന്ന ദിവസമാണ്. എന്നാല്‍ പരീക്ഷ നടത്താന്‍ അദ്ധ്യാപകര്‍ വിസമ്മതിക്കുകയായിരുന്നു. നവംബറില്‍ നടക്കേണ്ട പരീക്ഷ കോവിഡ് കാരണം ഇന്നത്തേയ്ക്ക് മാറ്റിവെയ്ക്കുകയായിരുന്നു. ഇന്നും പരീക്ഷ നടത്താത്തതില്‍ പ്രതിഷേധിച്ച വിദ്യാര്‍ത്ഥികള്‍ പ്രിന്‍സിപ്പാളിന്റെ മുറിയിലെത്തി ബഹളം വെച്ചു. ഇതിന് തൊട്ടുപിന്നാലെ എസ്‌എഫ്‌ഐ പ്രവര്‍ത്തകരും കോളേജിലേക്ക് മാര്‍ച്ച് നടത്തി.
എന്നാല്‍ കോളേജിലെ പ്രശ്‌നങ്ങള്‍ തീര്‍ക്കാന്‍ പുറത്തു നിന്നും ആരെയും സഹായം വേണ്ടെന്ന് പറഞ്ഞ വിദ്യാര്‍ത്ഥികളും എസ്‌എഫ്‌ഐ പ്രവര്‍ത്തകരുമായി ഏറെ നേരം സംഘര്‍ഷമുണ്ടായി. സംഭവത്തിനു ശേഷം സ്ഥലം സിഐ കോളേജിലെത്തി പ്രന്‍സിപ്പാളും വിദ്യാര്‍ത്ഥികളും അദ്ധ്യാപക സംഘടനകളുമായും ചര്‍ച്ച നടത്തി.
ശമ്പളം നല്‍കുന്ന കാര്യം തീരുമാനമുണ്ടാക്കാനായി നാളെ അദ്ധ്യാപക സംഘടനാ പ്രവര്‍ത്തകരെയും കോളേജ് മാനേജ്‌മെന്റിനെയും സ്റ്റേഷനിലേയ്ക്ക് വിളിപ്പിച്ചു. അതിന്റെ ഭാഗമായി ഇന്ന് ഉച്ചയ്ക്ക് ശേഷം പരീക്ഷകള്‍ നടത്താന്‍ അദ്ധ്യാപകര്‍ തയ്യാറാക്കുകയായിരുന്നു. എന്നാല്‍ ഇന്ന് രാവിലെ നടത്തേണ്ടിയിരുന്ന പരീക്ഷ നടക്കാത്തതിന്റെ ഉത്തരവാദിത്തം ആരേറ്റെടുക്കും എന്ന് ചോദിച്ച ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍ കോളേജിന്റെ ജനല്‍ചില്ലുകള്‍ അടിച്ചു തകര്‍ത്തു. ഇവരെ പോലീസ് ലാത്തി വീശി ഓടിച്ചു. നിലവില്‍ പരീക്ഷ ആരംഭിച്ചെങ്കിലും വളരെ ചുരുക്കം വിദ്യാര്‍ത്ഥികള്‍ മാത്രമേ പരീക്ഷയില്‍ പങ്കെടുത്തുള്ളു.