തൊടുപുഴ : ബിസിനസ് പങ്കാളിയെ കൊലപ്പെടുത്തി മാൻഹോളിൽ തള്ളിയ സംഭവത്തിൽ രണ്ടാംപ്രതിയെ 5 ദിവസത്തേക്കു പോലീസ് കസ്റ്റഡിയിൽ വിട്ടു. കാപ്പ കേസിൽ റിമാൻഡിലായി വിയ്യൂർ സെൻട്രൽ ജയിലിൽ കഴിഞ്ഞിരുന്ന കൊച്ചി വടക്കേക്കര പൊയ്യാതുരുത്തിൽ ആഷിക് ജോൺസനെയാണു പോലീസ് കസ്റ്റഡിയിൽ വിട്ടത്. ആഷിക്കുമായി തൊടുപുഴയിൽ നടത്തിയ തെളിവെടുപ്പിൽ ബിജുവിനെ കുത്താൻ ഉപയോഗിച്ച കത്തി കണ്ടെടുത്തു. കയ്യിലും കാലിലും ബിജുവിനെ കുത്തി മുറിവേൽപിച്ചെന്ന് ആഷിക്ക് മൊഴി നൽകിയിരുന്നു. ബിജുവിന്റെ മൃതദേഹം മറവു ചെയ്ത കലയന്താനിയിലെ ഗോഡൗണിൽ നടത്തിയ തിരച്ചിലിലാണു കത്തി കണ്ടെടുത്തത്.
ഇക്കഴിഞ്ഞ 20ന് ആണു സാമ്പത്തിക തർക്കത്തെ തുടർന്ന് തൊടുപുഴ കോലാനി സ്വദേശി ബിജു ജോസഫിനെ ബിസിനസിൽ പങ്കാളിയായിരുന്ന ജോമോന്റെ നേതൃത്വത്തിൽ കൊലപ്പെടുത്തിയത്. കേസിൽ കലയന്താനി സ്വദേശി ജോമോൻ, ക്വട്ടേഷൻ സംഘാംഗങ്ങളായ മുഹമ്മദ് അസ്‌ലം, ജോമിൻ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരും നിലവിൽ പോലീസ് കസ്റ്റഡിയിലാണ്.
ക്രൂരമായി മർദിച്ചത് ആഷിക്
ബിജുവിനെ ക്രൂരമായി മർദിച്ചത് ആഷിക് ജോൺസനാണെന്നാണു മറ്റു പ്രതികളുടെമൊഴി. കാപ്പ കേസിൽ ഒളിവിൽ കഴിയുകയായിരുന്ന ആഷിക് അതിനിടെയാണ് ബിജുവിന്റെ കൊലപാതകത്തിൽ പങ്കാളിയായത്. ഗോഡൗണിലെ മാൻഹോളിൽ പ്രതികൾ ബിജുവിന്റെ മൃതദേഹം തള്ളുന്ന സമയത്ത് ആഷിക്കിനെ പിടികൂടാൻ പോലീസ് സ്ഥലത്തെത്തിയിരുന്നു. ഫോൺ ലൊക്കേഷൻ നോക്കിയാണു പോലീസ് പോയത്. പോലീസ് ആഷിക്കിനെ കസ്റ്റഡിയിലെടുത്തു പോയതോടെ മറ്റു പ്രതികൾ സ്ഥലത്തുനിന്നു കടന്നുകളയുകയായിരുന്നു. ഈ സമയം കൊലപാതക വിവരം പുറത്തുവന്നിരുന്നില്ല.