കോന്നി : ജീവിത പോരാട്ടങ്ങളുടെ ഭാഗമാണ് ചരിത്രത്തെകുറിച്ചുള്ള പഠനം എന്ന് കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് പറഞ്ഞു. കോന്നിയിൽ എസ് എസ് എൽ സി പ്ലസ് റ്റു പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികളെ അനുമോദിക്കുന്നതിനായി എ ഐ വൈ എഫ് കോന്നി മേഖല കമ്മറ്റിയുടെ നേതൃത്വത്തിൽ കോന്നി ആർ വി എച്ച് എസ് എസ് ആഡിറ്റോറിയത്തിൽ സംഘടിപ്പിച്ച സ്നേഹാദരം ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചരിത്രം പഠിക്കുന്നത് നമ്മുടെ നാടിനെ കുറിച്ചുള്ള പഠനം കൂടിയാണ്. ചരിത്ര പഠനം നമ്മളെ ഒരിക്കലും കുഴപ്പത്തിൽ ചാടിക്കുകയില്ല. ജീവിതത്തിൽ ബുദ്ധിമുട്ടുള്ള സാഹചര്യങ്ങൾ അഭിമുഖീകരിക്കാൻ കൂടി നമ്മെ പ്രാപ്തമാക്കുന്നതാണ് ചരിത്ര പഠനം. ആദ്യ ഘട്ടത്തിൽ ജീവിതത്തിലെ വഴിത്തിരിവായി കണ്ടത് പത്താം ക്ലാസിനെ ആയിരുന്നു. നിങ്ങളുടെ വിജയത്തിൽ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് നിങ്ങൾ കഴിഞ്ഞാൽ നിങ്ങളുടെ മാതാപിതാക്കൾ ആയിരിക്കും. നിങ്ങൾക്ക് നാടിനോടും ദേശത്തോടും സ്നേഹം ഉണ്ടാകണം. മാതാപിതാക്കളെ വാക്കുകൾ കൊണ്ട് പോലും മുറിവേൽപ്പിക്കാൻ പാടില്ല. ജീവിത പ്രതിസന്ധികൾക്ക് മുൻപിൽ നിങ്ങൾ പകച്ചു പോകരുത്. നിങ്ങൾക്ക് ഇപ്പോൾ ഉള്ള സന്തോഷം പങ്കുവെക്കുകകൂടിയാണ് എ ഐ വൈ എഫ് ചെയ്യുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്വാഗത സംഘം ചെയർമാൻ എ ദീപകുമാർ അധ്യക്ഷത വഹിച്ചു. സി പി ഐ ജില്ലാ സെക്രട്ടറി സി കെ ശശിധരൻ മുഖ്യ പ്രഭാഷണം നടത്തി. വിദ്യാഭ്യാസ ചിന്തകൻ പ്രമോദ് കുമാർ റ്റി മൊട്ടിവേഷൻ ക്ലാസ് നയിച്ചു. സി പി ഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി രതീഷ്കുമാർ, സി പി ഐ കോന്നി മണ്ഡലം കമ്മറ്റി അംഗം എ സോമശേഖരൻ, എ ഐ വൈ എഫ് ജില്ലാ ജോയിന്റ് സെക്രട്ടറി വിനീത് കോന്നി, എ ഐ വൈ എഫ് കോന്നി മണ്ഡലം സെക്രട്ടറി പ്രദീപ് കുമാർ റ്റി, മണ്ഡലം പ്രസിഡന്റ് വി കെ പ്രമോൻ, ജില്ലാ കമ്മറ്റി അംഗം ഷിജോ വകയാർ, സി പി ഐ കോന്നി താഴം ലോക്കൽ അസിസ്റ്റന്റ് സെക്രട്ടറി സജി അട്ടച്ചാക്കൽ, കോന്നി ലോക്കൽ സെക്രട്ടറി സി ജെ റജി, പ്രവാസി ഫെഡറേഷൻ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സുനിൽ ഖാൻ, ചിറ്റാർ ആനന്ദൻ, ഹരികുമാർ, പി സി മാത്യു തുടങ്ങിയവർ പങ്കെടുത്തു.