കൊച്ചി: കാക്കനാട്ടെ ഫ്ളാറ്റില്‍ സജീവ് കൃഷ്ണനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ കേസിലെ പ്രതി അര്‍ഷാദ് പിടിയില്‍. മലപ്പുറം വണ്ടൂര്‍ സ്വദേശി സജീവ് കൃഷ്ണനെ കാക്കനാട് ഇന്‍ഫോപാര്‍ക്കിന് സമീപത്തെ ഫ്ളാറ്റില്‍ കഴിഞ്ഞദിവസമാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. പ്ലാസ്റ്റിക് കവറിലും ബെഡ്ഷീറ്റിലും പൊതിഞ്ഞ് ബാല്‍ക്കണിയിലെ പൈപ്പ് ഡക്ടില്‍ ഒളിപ്പിച്ചനിലയിലായിരുന്നു മൃതദേഹം. ഫ്ളാറ്റില്‍ താമസിച്ചിരുന്ന മറ്റുള്ളവര്‍ കഴിഞ്ഞദിവസം വിനോദയാത്ര കഴിഞ്ഞ് മടങ്ങി എത്തിയതിന് പിന്നാലെയാണ് മൃതദേഹം കണ്ടെത്തിയത്. അര്‍ഷാദാണ് കൊല ചെയ്തതെന്ന് വ്യക്തമായിരുന്നു.
കഴിഞ്ഞ ദിവസങ്ങളില്‍ കൊല്ലപ്പെട്ട സജീവ് കൃഷ്ണനും കാണാതായ അര്‍ഷാദുമാണ് ഫ്ളാറ്റിലുണ്ടായിരുന്നത്. സംശയം തോന്നിയ മറ്റുസുഹൃത്തുക്കള്‍ കഴിഞ്ഞദിവസം വാതില്‍ പൊളിച്ച് അകത്തുകടന്നതോടെയാണ് സജീവിനെ കൊലപ്പെട്ടനിലയില്‍ കണ്ടത്. അര്‍ഷാദ് ഇതിനോടകം സംഭവസ്ഥലത്തുനിന്ന് കടന്നുകളയുകയും ചെയ്തിരുന്നു. ഒളിവില്‍പോയ അര്‍ഷാദിനെ കാസര്‍ഗോഡ് അതിര്‍ത്തിയില്‍ നിന്നാണ് പിടിച്ചത്. മംഗലാപുരത്തേക്ക് കടക്കാനായിരുന്നു ശ്രമം. മലപ്പുറം ജില്ലയിലെ തേഞ്ഞിപ്പാലത്തിനടുത്ത് വെച്ചാണ് അര്‍ഷാദിന്‍റെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ആയതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ഇതോടെ ഈ ഭാഗങ്ങള്‍ കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം നടത്തി. കുടുംബാംഗങ്ങളില്‍ നിന്ന് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് അര്‍ഷാദിനെ അതിവേഗം പിടിച്ചത്.
സ്ഥിരതാമസക്കാരന്‍ ആയിരുന്ന അംജാദ് എന്നയാളുടെ സുഹൃത്താണ് അര്‍ഷാദ്. ഈ ബന്ധത്തിന്‍റെ അടിസ്ഥാനത്തിലാണ് അര്‍ഷാദ് ഇവിടെ താമസിക്കാനെത്തിയത്. ഹോട്ടല്‍ മാനേജ്‌മെന്‍റ് കോഴ്‌സ് പഠിക്കാനായാണ് 22 കാരനായ സജീവ് കൃഷ്ണ കൊച്ചിയിലെത്തിയത്. ഇടച്ചിറയിലെ ഓക്‌സോണിയ എന്ന ഫ്‌ളാറ്റിന്‍റെ 16 ആം നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കോട്ടയം സ്വദേശി ജിജി ഈപ്പന്‍റെ ഉടമസ്ഥതയിലുള്ളതാണ് ഫ്‌ളാറ്റ്. ഇന്‍ഫോപാര്‍ക്കിന് സമീപത്താണ് ഫ്‌ളാറ്റ് സ്ഥിതി ചെയ്യുന്നത്.
സജീവ് കൃഷ്ണന്‍റെ മൊബൈല്‍ ഫോണ്‍ കഴിഞ്ഞദിവസംവരെ ഉപയോഗിച്ചിരുന്നത് അര്‍ഷാദായിരുന്നു. കൊലപാതകവിവരം പുറത്തറിഞ്ഞതിന് പിന്നാലെ ഫ്ളാറ്റില്‍നിന്ന് കാണാതായ പയ്യോളി സ്വദേശി അര്‍ഷാദ്, മറ്റു സുഹൃത്തുക്കളെ തെറ്റിദ്ധരിപ്പിക്കാനായി സജീവിന്‍റെ മൊബൈല്‍ ഉപയോഗിച്ചെന്നാണ് സംശയിക്കുന്നത്. കഴിഞ്ഞദിവസം വരെ സജീവിന്‍റെ ഫോണില്‍നിന്ന് മെസേജുകള്‍ വന്നിരുന്നതായും എന്നാല്‍ ഇതില്‍ ഉപയോഗിച്ചിരുന്ന ഭാഷാരീതിയില്‍ സംശയം തോന്നിയിരുന്നതായും ഇവരുടെ മറ്റൊരു സുഹൃത്തായ അംജാദ് പ്രതികരിച്ചു.
കഴിഞ്ഞദിവസം വരെ സജീവിന്‍റെ ഫോണില്‍നിന്ന് മെസേജുകള്‍ വന്നിരുന്നു. പിന്നീട് ഫോണ്‍ സ്വിച്ച് ഓഫ് ആയി. മെസേജുകള്‍ കണ്ടപ്പോള്‍ സംശയം തോന്നിയിരുന്നു. മെസേജുകളിലെ സ്ലാങ് ആണ് സംശയമുണ്ടാക്കിയത്. ആരും ഫ്ളാറ്റിലേക്ക് വരാതിരിക്കാന്‍ വേണ്ടി അര്‍ഷാദ് തന്നെയാകും സജീവിന്‍റെ ഫോണില്‍നിന്ന് മെസേജ് അയച്ചതെന്നാണ് കരുതുന്നത്. ഫോണ്‍ വിളിച്ചപ്പോള്‍ എടുക്കുകയും ചെയ്തില്ല. ഞാന്‍ ഫ്രണ്ടിന്‍റെ ഫ്ളാറ്റിലാണ്, ഫ്ളാറ്റില്‍ ഇല്ല എന്നിവയായിരുന്നു മെസേജുകള്‍’- അംജാദ് പറഞ്ഞു.