കോന്നി : പത്തനംതിട്ട റാന്നി വനം ഡിവിഷനിലെ ആങ്ങമൂഴി കിളിയെറിഞ്ഞാൻ കല്ല് ചെക്ക് പോസ്റ്റിനു സമീപം ജനവാസ മേഖലയിൽ കൂട്ടം തെറ്റിയ നിലയിൽ 2021 ആഗസ്റ്റ് 19 ലാണ് കൊച്ചയ്യപ്പനെ വനം വകുപ്പിന് ലഭിക്കുന്നത്. കൂട്ടം തെറ്റി എത്തിയ ആനക്കുട്ടിയെ കാട് കയറ്റി വിടാൻ അധികൃതർ ശ്രമം നടത്തിയെങ്കിലും കഴിഞ്ഞില്ല. ആനക്കൂട്ടം തിരികെ എത്തി ആനക്കുട്ടിയെ കൂടെ കൂട്ടം എന്ന പ്രതീക്ഷയിൽ ആനക്കൂട്ടത്തിന് പൊളിച്ചു കളയാവുന്ന തരത്തിൽ വന മേഖലയിൽ പ്രത്യേകം തയ്യാറാക്കിയ കൂട്ടിൽ കൊച്ചയ്യപ്പനെ ഇട്ട് വനപാലകർ കാത്തിരുന്നിട്ടും പ്രയോജനം ഉണ്ടായില്ല. ശ്രമം വിഫലമായതിനെ തുടർന്ന് ഇതിനെ കൊച്ചുകോയിക്കൽ ഫോറസ്റ്റ് സ്റ്റേഷനിലേക്ക് മാറ്റുകയും ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ നിർദേശപ്രകാരം ഇതിനെ കോന്നി ആനത്താവളത്തിൽ എത്തിക്കുകയുമായിരുന്നു.
ആദ്യ ഘട്ടത്തിൽ കോന്നി ഇക്കോ ടൂറിസം കേന്ദ്രത്തിൽ പേപ്പർ നിർമ്മാണ യൂണിറ്റിന് സമീപം മുളകൊണ്ട് വേലി നിർമ്മിച്ചാണ് ആനകുട്ടിയെ സംരക്ഷിച്ചു പോന്നത്. കോന്നിയിൽ എത്തിയ കൊച്ചുകോയിക്കൽ കണ്ണൻ എന്ന് വിളിച്ചിരുന്ന ആനക്കുട്ടിയെ സംസ്ഥാന വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രനാണ് കോന്നി കൊച്ചയ്യപ്പൻ എന്ന് നാമകരണം ചെയ്തത്. ആനകുട്ടിയുടെ ഇക്കിളി മാറ്റുന്നതിന് അടക്കമുള്ള കാര്യങ്ങളിൽ വനം വകുപ്പ് രണ്ടാം ഘട്ട പരിശീലനം പൂർത്തിയാക്കി വരുന്നതിന് ഇടയിലാണ് കോന്നി ആനത്താവളത്തിനെ ദുഃഖപൂരിതമാക്കി ആനകുട്ടിയുടെ വിയോഗം. കൊച്ചയ്യപ്പൻ കൂടി ചരിഞ്ഞതോടെ ഇനിയും അവശേഷിക്കുന്നത് നാല് ആനകൾ മാത്രം. പ്രീയദർശനി(42), മീന (34), ഈവ(23), കൃഷ്ണ (13) എന്നീ ആനകൾ മാത്രമാണ് കോന്നി ആനത്താവളത്തിൽ ഇനി ആകെ അവശേഷിക്കുന്നത്. 2015ൽ കുട്ടിയാനാകളായ ലക്ഷ്മി 2020ൽ പിഞ്ചുവും അമ്മുവും മുതിർന്ന ആനകളായ മണിയനും 2024 ൽ കോടനാട് നീലകണ്ഠനും മണിയും കല്പനയും അടക്കമുള്ള കേരളം അറിയപ്പെടുന്ന ആനകളാണ് കോന്നി ആനത്താവളത്തിൽ ചരിഞ്ഞത്.
കോന്നി ആനത്താവളത്തിലെ ആനകൾ തുടർച്ചയായി ചരിയുന്ന സംഭവത്തിൽ ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു ചേർത്തിരുന്നു. ഒരു വർഷത്തിന് ഇടയിൽ മൂന്ന് ആനകൾ കോന്നി ആന താവളത്തിൽ ചരിഞ്ഞ സംഭവവും ഉണ്ടായിട്ടുണ്ട്. 24 വയസ് മാത്രം പ്രായമുണ്ടായിരുന്ന കോന്നി ആനതാവളത്തിലെ മണി എന്ന കൊമ്പനാന ഇരണ്ടകെട്ടിനെ തുടർന്നാണ് ചരിഞ്ഞത്. മൂന്ന് മാസം പ്രായമുള്ളപ്പോഴാണ് കുട്ടിയാന പിഞ്ചു ചരിഞ്ഞത്. ജൂനിയർ സുരേന്ദ്രനും കല്പനയും കുട്ടിയായിരുന്നപ്പോൾ ചരിഞ്ഞു. ഹെർപിസ് രോഗ ബാധയെ തുടർന്നാണ് ലക്ഷ്മി, അമ്മു എന്നീ കുട്ടിയാനകൾ ചെരിഞ്ഞത്. മണി ചരിഞ്ഞത് സ്വാഭാവികം എന്ന് കരുതി എങ്കിലും കുട്ടിയാനകൾ തുടർച്ചയായി ചരിഞ്ഞത് വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് ഇടയിൽ പോലും സംശയമുളവാക്കിയിരുന്നു. കേരളത്തിൽ മുത്തങ്ങ, കോട്ടൂർ, കോടനാട് എന്നിവടങ്ങളിൽ വനം വകുപ്പിന്റെ ആന ക്യാമ്പുകൾ ഉണ്ടെങ്കിലും കോന്നിയിൽ ഇത്രയധികം ആനകൾ ചരിഞ്ഞത് എന്നും സംശയത്തിന്റെ നിഴലിലാണ്.