കൊച്ചി: കൊല്ലം സ്വദേശിയായ വയോധികനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സ്ത്രീയടക്കം എട്ടോളം പേര് പോലീസ് നിരീക്ഷണത്തിലെന്നു സൂചന. സംഭവുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയിലുള്ള നാലുപേരുടെ അറസ്റ്റ് ഇന്നു വൈകിട്ടോടെ രേഖപ്പെടുത്തിയേക്കും. മരിച്ച വയോധികന്റെ ബന്ധുവായ സ്ത്രീ ഉള്‍പ്പെടെയാണു പോലീസ് നിരീക്ഷണത്തിലുള്ളത്.
ഇളമാട് ഇടത്തറപ്പണ രേവതിഹൗസില് ദിവാകരന് നായരെ (64) ബ്രഹ്മപുരം മെമ്പര്പടിക്ക് സമീപം മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. മൃതദേഹം കണ്ടെത്തിയ ദിവസം തൃക്കാക്കര കാര്‍ഡിനല്‍ സ്കൂള്‍ റോഡില്‍നിന്ന് ചെരിപ്പും കരിമുകള്‍ റോഡിലെ കുറ്റിക്കാട്ടില്‍നിന്ന് തിരിച്ചറിയല്‍ കാര്‍ഡും പോലീസ് കണ്ടെത്തിയിരുന്നു.
റിയല്‍ എസ്റ്റേറ്റ് ബിസിനസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകള്ക്കായാണു ദിവാകരന് നായര്‍ കൊച്ചിയിലെത്തിയതെന്നാണു കുടുംബം പോലീസില്‍ മൊഴി നല്‍കിയിട്ടുള്ളത്. ആസൂത്രിത കൊലപാതകമാണെന്ന നിഗമനത്തില്‍ തന്നെയാണ് അന്വേഷണം പുരോഗമിക്കുന്നത്. ഇന്‍ഫോപാര്‍ക്ക് സിഐയുടെ നേതൃത്വത്തില്‍ രണ്ടു സ്ക്വാഡുകള്‍ കൊല്ലം, കോട്ടയം മേഖലകള്‍ കേന്ദ്രീകരിച്ചാണു അന്വേഷണം തുടരുന്നത്. പലതവണ ദിവാകരന്‍നായരെ തേടിയെത്തിയ ക്വട്ടേഷന്‍സംഘത്തില്‍ ഉള്‍പ്പെട്ടവരാണു കസ്റ്റഡിയിലുള്ളതെന്നാണു വിവരങ്ങള്‍.
ദിവാകരന് നായരുടെ മൃതദേഹം കണ്ടെത്തിയതിന്റെ തലേന്നാള്‍ ഈ സംഘം കൊച്ചിയിലെത്തിയിരുന്നതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിരുന്നു. ഇവര്‍ കൊച്ചിയിലെത്തിയ ഇന്നോവ കാര്‍ ബുധനാഴ്ച രാത്രിയോടെ കോട്ടയത്തുനിന്നു പോലീസ് കസ്റ്റഡിയില്‍ എടുത്തു. പിടിയിലായവരില്‍ ഒരാള്‍ ദിവാകരന് നായരുടെ ബന്ധുവാണെന്നാണു പോലീസ് നല്കുന്ന സൂചന.
കേസുമായി ബന്ധപ്പെട്ട് പോലീസ് വിളിച്ചു വരുത്തി ചോദ്യം ചെയ്ത സിപിഎം കളമശേരി ഏരിയാക്കമ്മിറ്റിയംഗത്തെ മൊഴി രേഖപ്പെടുത്തിയ ശേഷം കഴിഞ്ഞ ദിവസം രാത്രിയോടെ വിട്ടയച്ചു. മരണദിവസം ദിവാകരന്‍നായരും സിപിഎം നേതാവുമായി ഫോണില്‍ പലവട്ടം സംസാരിച്ചതായി കണ്ടെത്തിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് നേതാവിനെ മണിക്കൂറുകളോളം ചോദ്യം ചെയ്തത്. ഇവര്‍ ഒരുമിച്ച് റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ നടത്തിയിരുന്നതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. അതേസമയം ദിവാകരന് നായരുടെ മരണവുമായി ബന്ധപ്പെട്ട് സിപിഎം നേതാവിനെതിരേ മറ്റു തെളിവുകളൊന്നും കണ്ടെത്താന്‍ അന്വേഷണ സഘത്തിന് കഴിഞ്ഞിട്ടില്ല.