കൊച്ചി : എല്ലാ മതസ്ഥര്‍ക്കും പള്ളിയിലേക്ക് പ്രവേശനം അനുവദിച്ച് കൊച്ചി പടമുഗള്‍ ജുമാ മസ്ജിദിൽ ശ്രദ്ധേയമായി ‘ഓപ്പണ്‍ മസ്ജിദ്’ ആശയം. എല്ലാ മതസ്ഥർക്കും വന്ന് പ്രാർത്ഥിക്കാൻ അവസരം ഒരുക്കിയ പടമുഗൾ ജുമാ മസ്ജിദ് വലിയൊരു സന്ദേശമാണ് ഗാന്ധിജയന്തി ദിനത്തിൽ രാജ്യത്തിന് നൽകിയത്. ഗാന്ധി ജയന്തി ദിനത്തിൽ കൊച്ചി പടമുഗള്‍ ജുമാ മസ്ജിദിന്‍റെ വാതിലുകൾ മതത്തിന്‍റെ അതിർവരമ്പുകള്‍ ഇവിടെ ഇല്ലെന്ന് പറയുന്ന ഹൃദയങ്ങളിലേക്കാണ് തുറന്നിട്ടത്.
സാധാരണ നിസ്കാരത്തിനായി മുസ്ലിം വിശ്വാസികള്‍ എത്തുന്ന പള്ളിയിലാണ് മതസൗഹാര്‍ദത്തിന്‍റെ സന്ദേശവുമായ എല്ലാ വിഭാഗത്തിലുള്ളവര്‍ക്കും പ്രവേശനം നല്‍കിയത്.
പള്ളിയിൽ സന്ദര്‍ശനം നടത്താനായതിന്‍റെയും അവിടത്തെ കാര്യങ്ങള്‍ അറിയാൻ കഴിഞ്ഞതിന്‍റെയും സന്തോഷവും അവിടെ എത്തിയവര്‍ പങ്കുവെച്ചു. ഡോ.എംപി സുകുമാരൻ നായര്‍, ജോണ്‍ ഫിലിപ്പ്, രംഗദാസ പ്രഭു അങ്ങനെ നിരവധി പേരാണ് ഗാന്ധി ജയന്തി ദിനത്തിൽ പള്ളിയിലെത്തിയത്. ഇസ്ലാം മതവിശ്വാസികൾ അല്ലാതിരുന്നിട്ടും പള്ളി സന്ദര്‍ശിക്കാനായതിൽ സന്തോഷമുണ്ടെന്ന് ഇവര്‍ പ്രതികരിച്ചു. യാത്രക്കിടെ മുസ്ലീം പള്ളികൾ കാണുമ്പോഴെല്ലാം ഇവിടെ എങ്ങനെയാണ് പ്രാർത്ഥന എന്തൊക്കെയാണ് വിശ്വാസികൾ ചെയ്യുക എന്നൊക്കെ ആലോചിച്ചിട്ടുള്ളവരാണിവര്‍. ആ ആലോചനക്കും സംശയങ്ങൾക്കും ഉത്തരം കിട്ടിയ സന്തോഷത്തിലാണ് അവർ. അതു തന്നെയാണ് പള്ളി വാതിലുകൾ തുറന്നിട്ടതിലൂടെ കാക്കനാട് പടമുഗൾ ജുമാ മസ്ജിദ് ആഗ്രഹിച്ചതും.
തങ്ങള്‍ ആഗ്രഹിച്ച കാര്യം നടപ്പാക്കിയതിന്‍റെ സന്തോഷത്തിലാണ് പടമുഗൾ ജുമാ മസ്ജിദ് പ്രസിഡന്‍റ് മുഹമ്മദലിയും മുഖ്യ ഇമാം സഹിദുദ്ദീൻ ഹുദവിയും. ഓപ്പൺ മസ്ജിദ് എന്ന പരിപാടിക്കെത്തിയ ഇതരമതസ്ഥരോട് പള്ളി ഇമാം തന്നെ കാര്യങ്ങൾ വിശദീകരിച്ചു. എന്താണ് ഖുതുബ, മിഹിറാബ് എന്നെല്ലാം പറഞ്ഞു കൊടുത്തു. അവരുടെ സംശയങ്ങള്‍ക്കും ഉത്തരം പറഞ്ഞു. പണ്ട് നജ്റാനിൽ പ്രവാചകനെ കാണാനെത്തിയ ക്രിസ്ത്യൻ പുരോഹിതർ പ്രാർത്ഥനക്ക് സമയമായി ഞങ്ങൾ ഇറങ്ങെട്ടെ എന്ന് പറഞ്ഞപ്പോൾ എന്തിനാണ് പോകുന്നത് ഇവിടെ പ്രാർത്ഥിക്കാമല്ലോ എന്നാണ് മുഹമ്മദ് നബി ചോദിച്ചത്. നജ്റാൻ അന്ന് പറഞ്ഞതും കാലങ്ങൾക്കിപ്പുറം പടമുഗൾ പറഞ്ഞതും ഒരേ കാര്യമാണ്. സ്നേഹവും ദയയും ആണ് ഏതൊരു വിശ്വാസത്തിന്‍റെ അടിസ്ഥാനമെന്ന് ബോധ്യപ്പെട്ടാണ് പള്ളിയിലെത്തിയവര്‍ മടങ്ങിയത്.