കൊച്ചി: അമ്പലമുകൾ കൊച്ചി റിഫൈനറിയിലുണ്ടായ തീപിടുത്തത്തിന്റെ കാരണം കണ്ടെത്തി മൂന്നു ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ കലക്ടറുടെ നിർദേശം. കമ്പനിയുടെ ദുരന്തനിവാരണ രൂപരേഖ പരിശോധിച്ച് ആവശ്യമെങ്കിൽ മാറ്റങ്ങൾ വരുത്തി ഒരാഴ്ചയ്ക്കകം പുതിയ രൂപരേഖ സമർപ്പിക്കാൻ ഡെപ്യൂട്ടി കലക്ടർ, ഹസാർഡ് അനലിസ്റ്റ്, കമ്പനി ഡിഎം പ്ലാൻ കോഡിനേറ്റർ എന്നിവർക്ക് കലക്ടർ നിർദേശം നൽകി. ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടർ കെ. മനോജിന്റെ നേതൃത്വത്തിൽ കമ്പനി സെക്യൂരിറ്റി ഓഫീസർ, ഇലക്ട്രിക്കൽ ഇൻസ്പെക്ടർ, കെഎസ്ഇബി. ഉദ്യോഗസ്ഥർ എന്നിവർ അംഗങ്ങളായ സമിതിയെയാണ് ഇതു സംബന്ധിച്ച് വിശദമായ പഠനം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ചുമതലപ്പെടുത്തിയത്.
കമ്പനിയുടെ സമീപപ്രദേശങ്ങൾ താമസത്തിന് അനുയോജ്യമാണോ എന്ന് പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ മലിനീകരണ നിയന്ത്രണ ബോർഡ് എൻജിനീയർ, ഗ്രാമപഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ, വില്ലേജ് ഓഫീസർ, കമ്പനി പ്രതിനിധികൾ എന്നിവർ അടങ്ങിയ സമിതി രൂപവത്കരിച്ചു. സമിതിയംഗങ്ങൾ സമീപപ്രദേശങ്ങളിലെ വീടുകൾ സന്ദർശിച്ച് രണ്ടു ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം. തീപിടുത്തത്തെത്തുടർന്നുള്ള സ്ഥിതിഗതികൾ അവലോകനം ചെയ്യാൻ ജില്ലാ കലക്ടർ എൻ.എസ്.കെ. ഉമേഷിന്റെ അധ്യക്ഷതയിൽ കലക്ടറേറ്റിൽ യോഗം ചേർന്നതിന് ശേഷമാണ് കലക്ടർ നിർദേശം നൽകിയത്.
യോഗത്തിൽ ബെന്നി ബഹനാൻ എം.പി, പി.വി. ശ്രീനിജൻ എംഎൽഎ, തിരുവാണിയൂർ, പുത്തൻകുരിശ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ, ഉദ്യോഗസ്ഥർ, ജനകീയ സമിതി അംഗങ്ങൾ, സമീപവാസികൾ തുടങ്ങിയവർ പങ്കെടുത്തു. ഇന്നലെ വൈകിട്ടോടെയാണ് റിഫൈനറിയിലെ ഹൈടെൻഷൻ ലൈനിൽ തീപിടുത്തമുണ്ടായത്. ചെറിയ പൊട്ടിത്തെറിയെ തുടർന്ന് തീ പടരുകയായിരുന്നു. പിന്നാലെ പ്രദേശമാകെ കനത്ത പുകയുയർന്നതോടെ പ്രദേശവാസികൾക്ക് ദേഹാസ്വാസ്ഥ്യവും ശ്വാസതടസവും അനുഭവപ്പെട്ടു. പുക ശ്വസിച്ചതിനെ തുടർന്ന് മുപ്പതോളം പേരാണ് ചികിത്സ തേടിയത്. 2 പേർ ഇപ്പോഴും കോലഞ്ചേരിയിലെ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.