കൊച്ചി: രാജ്യത്തെ ആദ്യത്തെ വാട്ടര്‍മെട്രോ കൊച്ചിയില്‍ തുടങ്ങിയിട്ട് 25-ന് ഒരു വര്‍ഷമാകും. 18 ലക്ഷത്തിലേറെപ്പേരാണ് ഇതുവരെ വാട്ടര്‍മെട്രോയില്‍ യാത്ര ചെയ്തത്. കൊച്ചി കാണാനെത്തുന്ന വിനോദസഞ്ചാരികളുടെ പ്രധാന ഡെസ്റ്റിനേഷനില്‍ ഒന്നായി വാട്ടര്‍മെട്രോ മാറിക്കഴിഞ്ഞു. ടൂര്‍ പാക്കേജുകളിലെല്ലാം വാട്ടര്‍മെട്രോ യാത്രയും ഉള്‍പ്പെടുന്നുണ്ട്. രാജ്യത്തെ ഏക വാട്ടര്‍മെട്രോ എന്നതാണ് ആകര്‍ഷണം. വിനോദസഞ്ചാരികളെ കൂടി ലക്ഷ്യമിട്ട് കൂടുതല്‍ റൂട്ടുകളിലേക്ക് സര്‍വീസ് തുടങ്ങുന്നതിനുള്ള ഒരുക്കത്തിലാണ് പദ്ധതിയുടെ നടത്തിപ്പുകാരായ കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ്. ഇതിനൊപ്പം മറ്റു സംസ്ഥാനങ്ങളും വാട്ടര്‍മെട്രോയില്‍ താത്പര്യം പ്രകടിപ്പിക്കുന്നുണ്ട്. രാജ്യത്തെ 40 നഗരങ്ങളില്‍ വാട്ടര്‍മെട്രോ നടപ്പാക്കാനാകുമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. കേരളത്തില്‍ കൊല്ലവും വാട്ടര്‍മെട്രോയ്ക്കായി പരിഗണിക്കപ്പെടുന്ന സ്ഥലങ്ങളില്‍ ഒന്നാണ്.
ഈ മാസം 11 വരെയുള്ള കണക്കുകളനുസരിച്ച് 18,87,913 പേരാണ് വാട്ടര്‍മെട്രോയില്‍ യാത്ര ചെയ്തത്. കഴിഞ്ഞദിവസങ്ങളില്‍ പ്രതിദിനം ശരാശരി 6,721 യാത്രക്കാരുണ്ടായതായി കെ.എം.ആര്‍.എല്‍. അധികൃതര്‍ പറയുന്നു. അവധിക്കാലമായതിനാല്‍ ഇത് 10,000 ത്തോളമെത്തുമെന്നാണ് പ്രതീക്ഷ. സര്‍വീസ് ആരംഭിച്ച് ആറുമാസത്തിനകംതന്നെ വാട്ടര്‍മെട്രോയിലെ യാത്രക്കാരുടെ എണ്ണം 10 ലക്ഷം കടന്നു. വൈറ്റില-കാക്കനാട്, ഹൈക്കോടതി-വൈപ്പിന്‍ എന്നീ റൂട്ടുകളിലായി തുടങ്ങിയ പദ്ധതി പിന്നീട് ബോള്‍ഗാട്ടിയിലേക്കും സര്‍വീസ് തുടങ്ങി. നിലവില്‍ ഒന്‍പത് ടെര്‍മിനലുകളുണ്ട്. മുളവുകാട് നോര്‍ത്ത്, സൗത്ത് ചിറ്റൂര്‍, ഏലൂര്‍, ചേരാനല്ലൂര്‍ എന്നീ നാലു ടെര്‍മിനലുകള്‍ കഴിഞ്ഞ മാര്‍ച്ചിലാണ് ഉദഘാടനം ചെയ്തത്.