തൃശൂര്‍ : കൊടകര കുഴല്‍പ്പണ കവര്‍ച്ചയ്ക്ക് പിന്നില്‍ സിപിഎം ക്രിമിനല്‍ സംഘം. രണ്ട് കൊലക്കേസുകളിലെ പ്രതിയും സിപിഎം കൊടും ക്രിമിനലുമായ ആളാണ് കവര്‍ച്ചാ സംഘത്തിന് വേണ്ട ഒത്താശകള്‍ ചെയ്തതെന്ന് വ്യക്തമായി. ഇയാളെ ഇന്നലെ പോലീസ് ചോദ്യം ചെയ്തു. ഇന്ന് വീണ്ടും ഹാജരാവാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. കൊടുങ്ങല്ലൂര്‍ എസ്‌എന്‍ പുരം സ്വദേശി ടുട്ടു എന്ന റെജിലാണ് കവര്‍ച്ചാ സംഘത്തിന് ഒത്താശ ചെയ്തത്. തൃശൂര്‍ പോലീസ് ക്ലബ്ബിലെത്തിച്ച ഇയാളെ അന്വേഷണ സംഘം ചോദ്യം ചെയ്തു.
കുഴല്‍പ്പണം തട്ടിയെടുത്ത സംഭവത്തിലെ മുഖ്യപ്രതി രഞ്ജിത്തില്‍ നിന്ന് മൂന്നര ലക്ഷം രൂപ റെജില്‍ കൈപ്പറ്റിയതായും പോലീസ് പറഞ്ഞു. കവര്‍ച്ചയ്ക്കു ശേഷം പ്രതികളെ രക്ഷപെടാന്‍ സഹായിച്ചത് റെജിലാണ്. കവര്‍ച്ചയ്ക്കു ശേഷം പ്രതികളുമായി ഇയാള്‍ നിരന്തരം ബന്ധപ്പെട്ടിരുന്നതായും വ്യക്തമായിട്ടുണ്ട്. കൊടുങ്ങല്ലൂരില്‍ ബിജെപി പ്രവര്‍ത്തകരായ സത്യേഷിനെയും പ്രമോദിനെയും കൊലപ്പെടുത്തിയ കേസുകളില്‍ പ്രതിയാണ് റെജില്‍. ഇയാള്‍ കുറ്റം സമ്മതിച്ചിട്ടില്ല. രഞ്ജിത് കടം വാങ്ങിയ പണമാണ് തിരികെ നല്‍കിയതെന്നാണ് റെജില്‍ പോലീസിനോട് പറഞ്ഞത്. ഇന്ന് പണം പോലീസിന് കൈമാറണമെന്ന് നിര്‍ദേശിച്ചാണ് ഇന്നലെ റെജിലിനെ വിട്ടയച്ചത്.
പിടിയിലായ മറ്റ് പ്രതികളുടെ സിപിഎം, സിപിഐ ബന്ധം സംബന്ധിച്ച് കൂടുതല്‍ തെളിവുകളും പുറത്തു വന്നു. മുഖ്യ പ്രതി രഞ്ജിത്തിന് കണ്ണൂരിലെ മുഹമ്മദ് ഫസല്‍ വധക്കേസിലെ പ്രതികളും സിപിഎം നേതാക്കളുമായ കാരായി രാജന്‍, കാരായി ചന്ദ്രശേഖരന്‍ എന്നിവരുമായി അടുത്ത ബന്ധമുണ്ട്. തലശേരി സ്വദേശിയായ രഞ്ജിത് കുറച്ചുകാലമായി തൃശൂര്‍ വെള്ളാങ്കല്ലൂരിലായിരുന്നു താമസം. ഇവിടെ ഇയാള്‍ സിപിഐ പ്രവര്‍ത്തകനാണ്. പിടിയിലായ മാര്‍ട്ടിന്‍, എഡ്വിന്‍ എന്നിവരും സിപിഐയുടെ ഭാരവാഹികളാണ്. കൊടുങ്ങല്ലൂര്‍ എംഎല്‍എ വി.ആര്‍. സുനില്‍കുമാറുമായി അടുത്ത ബന്ധമുള്ളവരാണ് പ്രതികളെന്ന് വ്യക്തമായിട്ടുണ്ട്. നിയമസഭ തെരഞ്ഞെടുപ്പില്‍ സുനില്‍കുമാറിന് വേണ്ടി ഇവര്‍ പ്രവര്‍ത്തന രംഗത്തുണ്ടായിരുന്നു.
കേസന്വേഷണത്തിന്റെ ഭാഗമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്റെ സെക്രട്ടറിയുടേയും ഡ്രൈവറുടേയും മൊഴി ഇന്നലെ അന്വേഷണ സംഘം രേഖപ്പെടുത്തി. പണം നഷ്ടപ്പെട്ട ധര്‍മ്മരാജനുമായുള്ള ബന്ധത്തെക്കുറിച്ചാണ് പോലീസ് ചോദിച്ചത്. പാര്‍ട്ടിയുടെ പ്രചരണ സാമഗ്രികള്‍ എത്തിക്കുന്നയാള്‍ എന്ന നിലയില്‍ ധര്‍മ്മരാജനെ അറിയാമെന്നും പണമിടപാട് സംബന്ധിച്ച് ഒരറിവുമില്ലെന്നും ഇരുവരും മൊഴി നല്‍കി.
അതിനിടെ കേസില്‍ സുരേഷ് ഗോപി എംപിയെ ചോദ്യം ചെയ്യണമെന്നാവശ്യപ്പെട്ട് തൃശൂരില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന പത്മജ വേണുഗോപാല്‍ പരാതി നല്‍കി. ധര്‍മ്മരാജന്‍ തൃശൂരിലെ ബിജെപി തെരഞ്ഞെടുപ്പ് ഓഫീസില്‍ എത്തിയെന്നും സുരേഷ് ഗോപി ഹെലിക്കോപ്ടര്‍ ഉപയോഗിച്ചത് പണം കടത്താനാണെന്നും മറ്റുമാണ് പത്മജ പരാതിയില്‍ ഉന്നയിച്ചിട്ടുള്ളത്. ധര്‍മ്മരാജന്‍ എത്തിയത് പ്രചാരണ സാമഗ്രികളുമായാണെന്ന് ബിജെപി നേതൃത്വം നേരത്തെ വ്യക്തമാക്കിയതാണ്. സുരേഷ് ഗോപിയുടെ മൊഴി രേഖപ്പെടുത്തുന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്ന് പോലീസ് പറഞ്ഞു.