കൊടകര : ധര്‍മ്മരാജന് താന്‍ പണം നല്‍കിയത് കച്ചവട ആവശ്യത്തിനെന്ന് മുന്‍ യുവമോര്‍ച്ചാ നേതാവ് സുനില്‍ നായിക്ക്. കൊടകര കുഴല്‍പ്പണ കവര്‍ച്ചാ കേസ് ബിജെപി – ആര്‍എസ്‌എസ് ഉന്നത നേതൃത്വത്തിലേക്ക് നീങ്ങുന്നതിന്റെ പശ്ചാത്തലത്തിലാണ് സുനില്‍ നായിക്കിന്റെ വെളിപ്പെടുത്തല്‍.
തനിക്ക് ബിജെപയുമായി നിലവില്‍ മിസ്ഡ് കോള്‍ മെമ്പര്‍ഷിപ്പ് ബന്ധം മാത്രമാണുള്ളതെന്നും സുനില്‍ നായിക്ക് പറഞ്ഞു. പത്ത് വര്‍ഷത്തിലേറെയായി പണമിടപാടുകളുണ്ട്. താന്‍ ധര്‍മ്മരാജന് നല്‍കിയത് 25 ലക്ഷം രൂപ മാത്രമാണെന്നും സുനില്‍ നായിക്ക് വെളിപ്പെടുത്തി. സുനില്‍ നായിക്കിന്റെയും ധര്‍മ്മരാജന്റെയും മൊഴികള്‍ അന്വേഷണസംഘം വിശ്വാസത്തിലെടുത്തിട്ടില്ല. ഇവരെ വീണ്ടും ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. ഇതിന് മുന്നോടിയായി നിലവില്‍ റിമാന്‍ഡിലുള്ള ബിജെപി പ്രവര്‍ത്തകന്‍ ദീപക്ക് അടക്കമുള്ള പ്രതികളെ കസ്റ്റഡിയില്‍ വാങ്ങും.
25ലക്ഷം രൂപ നഷ്ടപ്പെട്ടുവെന്നാണ് ധര്‍മ്മരാജന്റെ ഡ്രൈവര്‍ ഷംജീറിന്റെ പരാതിയിലുള്ളത്. എന്നാല്‍ ഇതിനേക്കാള്‍ അധികം തുക കേസിലെ ഒന്‍പതാം പ്രതിയുടെ വീട്ടില്‍ നിന്ന് മാത്രം കണ്ടെടുത്തു. ഇതോടെയാണ് കൂടുതല്‍ പണം കടത്തിയിരുന്നെന്ന കാര്യത്തില്‍ പോലീസിന് വ്യക്തത വന്നത്.