കണ്ണൂര്‍ : സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് കോടിയേരി ബാലകൃഷ്ണന്‍ നാളെ മടങ്ങിയെത്തും. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മകന്‍ ബിനീഷ് കോടിയേരിക്ക് ജാമ്യം ലഭിച്ചതിന് പിന്നാലെയാണ് കോടിയേരിയുടെ മടങ്ങിവരവ്. ഒരു വര്‍ഷം മുമ്പായിരുന്നു കോടിയേരി സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തുനിന്ന് ആരോഗ്യപ്രശ്നങ്ങളുടെ പേരില്‍ അവധിയെടുത്തത്. നാളെ ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ കോടിയേരി ബാലകൃഷ്ണന്‍റെ സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്കുള്ള മടങ്ങിവരവ് ചര്‍ച്ചയാകും.
ബിനീഷിന് ജാമ്യം ലഭിച്ചതോടെ കോടിയേരിയുടെ മടങ്ങിവരവിനുള്ള തടസമെല്ലാം നീങ്ങിയെന്നാണ് നേതാക്കള്‍ പറയുന്നത്. ഇതോടെ മുഴുവന്‍ സമയ സെക്രട്ടറിയുടെ കീഴില്‍ തന്നെ സിപിഎമ്മിന് സമ്മേളന നടപടികള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കും. കഴിഞ്ഞ നവംബര്‍ 13 നായിരുന്നു കോടിയേരി സെക്രട്ടറി സ്ഥാനത്തുനിന്ന് അവധിയെടുത്തത്. ചികിത്സയിലായിരുന്നെങ്കിലും അതുവരെ കോടിയേരി സെക്രട്ടറി സ്ഥാനത്ത് തുടരുകയായിരുന്നു. പാര്‍ട്ടി സെന്‍ററാണ് അക്കാലത്ത് സെക്രട്ടറിയുടെ ചുമതലകള്‍ നിര്‍വഹിച്ചിരുന്നത്.
ഒക്ടോബര്‍ 29ന് ബിനഷ് അറസ്റ്റിലായി. രണ്ടാഴ്ചയ്ക്കുശേഷം കോടിയേരി സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തുനിന്ന് മാറി എ.വിജയരാഘവന് താല്‍ക്കാലിക ചുമതല നല്‍കി. അസുഖത്തിന് തുടര്‍ചികില്‍സ ആവശ്യമുള്ളതിനാല്‍ അവധിയെടുക്കുന്നു എന്നായിരുന്നു സിപിഎം വിശദീകരണം. പിന്നീട് കോടിയേരിയുടെ രോഗം ഭേദമായെങ്കിലും വിജയരാഘവന്‍ തന്നെ ആക്ടിങ് സെക്രട്ടറിയായി തുടരുകയാണ്. സംസ്ഥാന സമ്മേളനം വഴിയാകും സെക്രട്ടറി സ്ഥാനത്ത് കോടിയേരിയുടെ മടങ്ങിവരവെന്നായിരുന്നു കരുതപ്പെട്ടിരുന്നെങ്കിലും വൈകേണ്ടതില്ല എന്നാണ് സിപിഎം നേതൃത്വത്തിന്‍റെ വിലയിരുത്തല്‍. കോവിഡിനെ തുടര്‍ന്ന് എ.വിജയരാഘവന്‍ കഴിഞ്ഞ സംസ്ഥാന സമിതിയോഗത്തില്‍ പങ്കെടുത്തിരുന്നില്ല. അദ്ദേഹത്തിന്‍റെ അസാന്നിധ്യത്തില്‍ സെക്രട്ടറിയുടെ ചുമതല തിരിച്ചെടുക്കുന്നത് ശരിയല്ലെന്ന വിലയിരുത്തതിലാണ് അന്ന് തീരുമാനമെടുക്കാത്തത്. നാളെ സെക്രട്ടേറിയറ്റില്‍ എ.വിജയരാഘവനും പങ്കെടുന്നുണ്ട്. തീരുമാനം സെക്രട്ടേറിയറ്റില്‍ എടുത്തശേഷം പിന്നീട് സംസ്ഥാന സമിതിയില്‍ റിപ്പോര്‍ട്ട് ചെയ്താല്‍ മതി.